Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹൃദയ സംഘശക്തിയാല്‍ തരിശുനിലത്തെ കതിരണിയിച്ച് കാരുണ്യ
07/03/2016
തലയോലപ്പറമ്പിലെ ആലങ്കേരി പാടശേഖരത്തില്‍ കൃഷിയിറക്കിയ കാരുണ്യ സ്വയം സഹായസംഘത്തിലെ അംഗങ്ങള്‍

ഏഴു വര്‍ഷത്തിലേറെ തരിശുകിടന്ന നിലം വനിതാ സംഘശക്തിയില്‍ കതിരണിഞ്ഞു നില്‍ക്കുകയാണ് തലയോലപ്പറമ്പ് ആലങ്കേരി പാടശേഖരത്തില്‍. തലയോലപ്പറമ്പിലെ കാരുണ്യ സ്വയം സഹായസംഘത്തിലെ അംഗങ്ങളായ ഏഴ് വീട്ടമ്മമാരാണ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഇവിടെ പൊന്ന് വിളയിക്കുന്നത്. 62 കഴിഞ്ഞ അന്നമ്മ മാത്യുവിന്റെയും, 58 കാരിയായ ഓമനക്കുഞ്ഞമ്മയുടേയും നേതൃത്വത്തില്‍ 27കാരിയായ പ്രിന്‍സി വരെയുള്ളവര്‍ കൃഷിയുടെ ഓരോ ഘട്ടവും ഒരുമയോടെ വിജയകരമായി പിന്നിട്ട് ഈയാഴ്ച വിളവെടുപ്പിനുള്ള ഒരുക്കത്തിലാണ്. 2009ലാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തില്‍ കാരുണ്യ സ്വയം സഹായസംഘം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ സംഘത്തില്‍ നിന്ന് ലഭിച്ച സ്വയം തൊഴില്‍ വായ്പ ഉപയോഗിച്ച് ആടുവളര്‍ത്തല്‍ പോലുള്ള പദ്ധതികളാണ് ഇവര്‍ ചെയ്തിരുന്നത്. വീട്ടുജോലികള്‍ കഴിഞ്ഞുള്ള സമയം ചെലവഴിക്കാനായി കണ്ടെത്തിയ ഇത്തരം പദ്ധതികള്‍ വിജയകരമായപ്പോഴാണ് വീടുകള്‍ക്കടുത്തുള്ള തരിശുനിലത്തില്‍ കൃഷിയിറക്കുന്നതിനെക്കുറിച്ചുള്ള ചിന്ത ഉയര്‍ന്നുവന്നത്. സഹൃദയവഴി സംഘത്തിലൂടെ ലഭിച്ച അറിവുകളും പ്രചോദനമായി. കുടുബാംഗങ്ങളുടെ പ്രോത്സാഹനം കൂടിയായപ്പോള്‍ നിലമൊരുക്കാനും വിത്തു വിതക്കാനുമൊക്കെ ഇവര്‍ മുന്നിട്ടിറങ്ങി. പഞ്ചായത്തിലെ കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങളും വിതക്കുന്നതിനായി ഉമ ഇനത്തില്‍പ്പെട്ട വിത്തും നല്‍കി. വയല്‍ വീടുകള്‍ക്കടുത്തായതിനാല്‍ 120 ദിവസത്തോളം വരുന്ന കൃഷികാലയളവില്‍ അംഗങ്ങള്‍ക്കെല്ലാം സ്ഥിരമായി വയലിലെത്തുന്നതിനും ബുദ്ധിമുട്ടുണ്ടായില്ല. വയലില്‍ സാധ്യമായ ജോലികളെല്ലാം അംഗങ്ങള്‍ തന്നെയാണ് ചെയ്യുന്നത്. ആവശ്യസന്ദര്‍ഭങ്ങളില്‍ പുറമേനിന്നും ജോലിക്കാരെ വിളിക്കും. ചെലവുകളെല്ലാം തുല്യമായി വഹിക്കുന്നതുപോലെ കൊയ്ത്തുകഴിഞ്ഞ് നെല്ലുവിററുകിട്ടുന്ന ലാഭവും തുല്യമായി പങ്കുവെയ്ക്കും. കൃഷി നഷ്ടമാണെന്ന പല്ലവി പലയിടത്തുനിന്നും കേള്‍ക്കുമ്പോഴും തങ്ങളെ ഇതുവരെ മണ്ണ് ചതിച്ചിട്ടില്ലെന്ന ആശ്വാസമാണിവര്‍ക്ക്. കൃഷിക്കുള്ള സബ്‌സിഡിയും മററ് ആനുകൂല്യങ്ങളും വാങ്ങിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. സ്വന്തം വീടുകളില്‍ ചെറിയ തോതില്‍ ചെയ്തുവരുന്ന പച്ചക്കറികൃഷികള്‍ വിപുലമാക്കണമെന്ന ലക്ഷ്യവും ഇവര്‍ പങ്കുവെക്കുന്നു. ഒരു തവണ നെല്‍കൃഷി കഴിഞ്ഞ് വയല്‍ വെറുതെ വെള്ളം കയററി ഇടാതെ പച്ചക്കറികൃഷിയോ മീന്‍വളര്‍ത്തലോ നടത്താനുള്ള നിര്‍ദ്ദേശത്തോട് എല്ലാവരെയും സഹകരിപ്പിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും ഇവര്‍ക്ക് ഉദ്ദേശമുണ്ട്. വയലിലേക്കുള്ള വഴിയറിയാതെ വായിലേക്കുള്ള വഴിമാത്രം തേടുന്ന പുത്തന്‍തലമുറക്ക് വഴികാട്ടികളാവുകയാണ് ഈ വീട്ടമ്മമാര്‍.