Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാദേവ ക്ഷേത്രത്തെ ശബരിമല ഇടത്താവളമായി സര്‍ക്കാരിനെക്കൊണ്ട് പ്രഖ്യാപിപ്പിക്കാനുള്ള നടപടികള്‍ നടത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍.
01/10/2019
വൈക്കം ദേവസ്വം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അഷ്ടമി അവലോകനയോഗം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മഹാദേവ ക്ഷേത്രത്തെ ശബരിമല ഇടത്താവളമായി സര്‍ക്കാരിനെക്കൊണ്ട് പ്രഖ്യാപിപ്പിക്കാനുള്ള നടപടികള്‍ നടത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. അഷ്ടമി ഉത്സവത്തിനു മുന്നോടിയായി നടത്തിയ അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ പട്ടികയില്‍ ഇടംപിടിച്ചാല്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ വൈക്കത്ത് നടത്താന്‍ സാധിക്കും. മുന്‍ കാലങ്ങളില്‍ ഇടത്താവളം എന്ന ബോര്‍ഡ് മാത്രമാണ് വൈക്കത്ത് സ്ഥാപിച്ചിരുന്നത്. വൈക്കം ക്ഷേത്രത്തില്‍ എത്തുന്ന ശബരിമല ഭക്തര്‍ക്ക് വിരി വയ്ക്കുന്നതിനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സൗകര്യങ്ങള്‍ ഒരുക്കും. ഇതിന് എസ്റ്റിമേറ്റ് എടുക്കാന്‍ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തി. ക്ഷേത്രത്തിലെ അറ്റകുറ്റ പണികളും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അഷ്ടമിക്ക് മുന്‍ വര്‍ഷത്തേതു പോലെ ഇത്തവണയും പ്രാതല്‍ ഒരുക്കും. മഹാദേവ ക്ഷേത്രം പ്ലാസ്റ്റിക് മുക്തമാക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. മഹാദേവ ക്ഷേത്രത്തിന്റെ വികസനത്തിനു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. വൈക്കം ക്ഷേത്രത്തിലെ ജീവനക്കാരെ പൂര്‍ണമായും മാറ്റി പുതിയ ജീവനക്കാരെ നിയമിക്കും. ജീവനക്കാരുടെ പുനര്‍വിന്യസം ഉടനുണ്ടാകും. ഈ വര്‍ഷത്തെ അഷ്ടമിക്ക് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കും. ശബരിമലയില്‍ നടത്തിയ ഗ്രീന്‍ പ്രോട്ടോക്കോളിന്റെ ഭാഗമായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം മൂന്നിലൊന്നായി കുറയ്ക്കാന്‍ സാധിച്ചു. എണ്ണ ഉള്‍പ്പെടെ ഉള്ള വഴിപാട് സാധനങ്ങള്‍ പ്ലാസ്റ്റിക് പാത്രത്തില്‍ ക്ഷേത്രത്തിനകത്തു കയറ്റുന്നത് പൂര്‍ണമായും നിരോധിക്കും. അഷ്ടമിയോടനുബന്ധിച്ച് ക്ഷേത്ര മതില്‍ കെട്ടിനുള്ളില്‍ ഹെല്‍ത്ത് സെന്റര്‍, പൊലീസ് എയ്ഡ് പോസ്റ്റ് എന്നിവ സ്ഥാപിക്കും. വൈക്കം ദേവസ്വം ഗസ്റ്റ് ഹൗസില്‍ നടത്തിയ യോഗത്തില്‍ മെമ്പര്‍മാരായ കെ.പി ശങ്കര്‍ദാസ,് എന്‍.വിജയകുമാര്‍, ഡപ്യൂട്ടി കമ്മീഷണര്‍ ശ്രീകുമാര്‍, ദേവസ്വം എക്‌സി. എഞ്ചിനീയര്‍ ജി.ബൈജു, അസി. കമ്മീഷണര്‍ ജി.ജി മധു, അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ ജയകുമാര്‍, അസി. കമ്മീഷണര്‍ ശ്യാം പ്രകാശ്, നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, ഉപദേശക സമിതി പ്രസിഡന്റ് സോമന്‍ കടവില്‍, സെക്രട്ടറി പി.എം സന്തോഷ്, വാര്‍ഡ് കൗണ്‍സിലര്‍ ഡി.രഞ്ജിത്കുമാര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രസംഗിച്ചു.