Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പള്ളിക്കവലയില്‍ സ്ഥാപിച്ച സിഗ്‌നല്‍ ലൈറ്റും നോക്കുകുത്തിയാകുന്നു.
28/09/2019
തലയോലപ്പറമ്പ് മാര്‍ക്കറ്റിനുള്ളിലെ ഗതാഗതക്കുരുക്ക്.

വൈക്കം: ദിവസേന ആയിരക്കണക്കിന് ആളുകളെത്തുന്ന തലയോലപ്പറമ്പില്‍ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പള്ളിക്കവലയില്‍ സ്ഥാപിച്ച സിഗ്‌നല്‍ ലൈറ്റും നോക്കുകുത്തിയാകുന്നു. ലൈറ്റ് പ്രവര്‍ത്തനക്ഷമമാണെങ്കിലും വാഹനങ്ങളെല്ലാം തോന്നുംപടിയാണ് പോകുന്നത്. അതുപോലെ തോന്നുംപടിയാണ് ബസ് സ്റ്റോപ്പുകളും. ഇതെല്ലാം മാറ്റി സ്ഥാപിച്ചിട്ടുവേണമായിരുന്നു പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍. എന്നാല്‍ രാഷ്ട്രീയ അതിപ്രസരങ്ങള്‍ ഇതിനെല്ലാം തടസ്സമായി. പരിഷ്‌കാരങ്ങള്‍ക്ക് ചുക്കാന്‍പിടിക്കാന്‍ പള്ളിക്കവലയില്‍ ഒരു ഹോംഗാര്‍ഡിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇതിനപ്പുറത്തേക്കാണ് കാര്യങ്ങളുടെ പോക്ക്. പ്രശ്‌നങ്ങള്‍ ജില്ലയിലെ തന്നെ അറിയപ്പെടുന്ന തലയോലപ്പറമ്പ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടവര്‍ തികഞ്ഞ നിസംഗതയാണ് ഈ വിഷയത്തില്‍ പുലര്‍ത്തുന്നത്. കുരുക്കില്‍ ഏറ്റവുമധികം വലയുന്നത് ചന്തയില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരും വഴിയോരകച്ചവടം നടത്തുന്നവരുമാണ്. വഴിയോര കച്ചവടക്കാര്‍ക്ക് മുന്നില്‍ അനധികൃതമായി വാഹനങ്ങള്‍ നിറയുന്നതോടെ സാധനങ്ങള്‍ തേടിയെത്തുന്നവര്‍ വാങ്ങാതെ മടങ്ങുന്നു. വഴിയോര കച്ചവടക്കാരാണ് മാര്‍ക്കറ്റിലെ നിറസാന്നിധ്യം. ഇവരില്‍ നിന്ന് പച്ചക്കറികള്‍, കപ്പ, ഉണക്കമീന്‍, കുടംപുളി, കുട്ട, മുറം എന്നിവയെല്ലാം വാങ്ങാന്‍ ദൂരസ്ഥലങ്ങളില്‍നിന്നുപോലും നിരവധി ആളുകള്‍ എത്തുന്നുണ്ട്. എന്നാല്‍ ഇവരെയെല്ലാം വഴിയാധാരമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് മാര്‍ക്കറ്റില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കെ.ആര്‍ ഓഡിറ്റോറിയം വഴിയും പാലാംകടവ് വഴിയുമെല്ലാം ഒരേസമയം വാഹനങ്ങള്‍ മാര്‍ക്കറ്റിലേക്കെത്തുന്നു. അടിയം-വെട്ടിക്കാട്ട്മുക്ക് റോഡ് പുനര്‍നിര്‍മിച്ചതോടെ വെള്ളൂര്‍ ഭാഗത്തുനിന്നുമുള്ള വാഹനങ്ങളും മാര്‍ക്കറ്റ് റോഡിലൂടെയാണ് വരുന്നത്. ഇതിനെല്ലാം പരിഹാരം ഉണ്ടാക്കുവാന്‍ പഞ്ചായത്ത് കമ്മിറ്റി കൂടി ഓരോ നിര്‍ദ്ദേശങ്ങള്‍ ആവിഷ്‌ക്കരിക്കാറുണ്ടെങ്കിലും ഒന്നും നടപ്പിലായിക്കാണാറില്ല. മാര്‍ക്കറ്റ് റോഡിലെ വണ്‍വേ സമ്പ്രദായം കാര്യക്ഷമമാക്കുവാന്‍ പോലീസ് ഉദാസീനത വെടിഞ്ഞ് രംഗത്തുവരണം. എന്നാല്‍ ഈ വിഷയത്തില്‍ കൂട്ടുത്തരവാദിത്തമില്ലാത്തതാണ് പ്രധാന പ്രശ്‌നമെന്ന് മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ പറയുന്നു. മാര്‍ക്കറ്റില്‍ നിന്നും വരുമാനം പറ്റുന്ന പഞ്ചായത്തിനും ഇവിടെ ഒരുപിടി കാര്യങ്ങള്‍ നിര്‍വഹിക്കാനുണ്ട്. എന്നാല്‍ പഞ്ചായത്തിന്റെ പ്രവൃത്തികള്‍ പലതും വര്‍ഷങ്ങളായി കടലാസില്‍ ഒതുങ്ങിപ്പോവുകയാണ്. മാര്‍ക്കറ്റിനെക്കാളും ഭയാനകമായ ഗതാഗതപ്രശ്‌നങ്ങളാണ് പള്ളിക്കവല മുതല്‍ കെ.ആര്‍ ഓഡിറ്റോറിയം വരെയുള്ള റോഡില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ടിപ്പറുകളും ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുമാണ് പ്രധാന പ്രശ്‌നക്കാര്‍. കാല്‍നട യാത്രക്കാര്‍ക്ക് ഒന്ന് റോഡ് മുറിച്ചു കടക്കണമെങ്കില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കണം. വൃദ്ധജനങ്ങളാണ് ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടാതെ രക്ഷപെടുന്നത് പലപ്പോഴും തലനാരിഴക്കാണ്. തലയോലപ്പറമ്പിലെ രൂക്ഷമായ ഗതാഗതപ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോലീസ് സ്റ്റേഷന്‍ ആരംഭിച്ചപ്പോള്‍ ഏറെ സാദ്ധ്യതകളുണ്ടെന്ന് വിലയിരുത്തിയിരുന്നു. എന്നാല്‍ പോലീസ് സ്റ്റേഷന്റെ വരവുകൊണ്ട് ഒരു പ്രയോജനവുമുണ്ടാകാത്ത അവസ്ഥയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ കാണിക്കുന്നത്. സ്റ്റേഷനു മുന്നില്‍പോലും ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോള്‍ നിസ്സഹായരായി നോക്കിനില്‍ക്കാനേ ഇവര്‍ക്ക് സാധിക്കുന്നുള്ളൂ. ഇത് പലപ്പോഴും പോലീസിന് ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പഞ്ചായത്ത് ഈ വിഷയത്തില്‍ പോലീസിനോടും വാഹനവകുപ്പിനോടും കര്‍ക്കശ നിലപാട് സ്വീകരിച്ചാല്‍ ഒരു പരിധി വരെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് മാറ്റമുണ്ടാക്കുവാന്‍ സാധിക്കും.

 


.