Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ആശുപത്രിയില്‍ അഴിഞ്ഞാട്ടം പ്രതിഷേധം ശക്തം
13/09/2019

വൈക്കം: കഴിഞ്ഞദിവസം രാത്രിയില്‍ അക്രമാസക്തനായ യുവാവ് താലൂക്ക് ആശുപത്രിയില്‍ അഴിഞ്ഞാടിയതില്‍ ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു. ചൊവ്വാഴ്ച രാത്രി 8.30ന് അത്യാഹിതവിഭാഗത്തിലെത്തിയ അക്രമി നഴ്‌സിങ് സ്‌റ്റേഷന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ഇതുകണ്ട് പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്ന് ആശുപത്രി ജീവനക്കാര്‍ പറയുന്നു. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിന് പരുക്കേറ്റു. തുടര്‍ന്ന് ഡ്യൂട്ടി ഡോക്ടര്‍ ആശുപത്രിയിലെ ഫോണില്‍ നിന്ന് പോലീസിനെ വീണ്ടും വിളിക്കുമ്പോള്‍ അക്രമാസക്തനായ യുവാവ് നഴ്‌സിങ് സ്‌റ്റേഷന്‍ അടിച്ചു തകര്‍ത്ത് ഡോക്ടറെ തടഞ്ഞു വെച്ചു. ഇതോടെ ആശുപത്രിയിലുണ്ടായിരുന്ന ചിലര്‍ ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ചില്ല് തകര്‍ക്കുന്നതിനിടെ പരുക്കേറ്റ ഇയാള്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം ജീവനക്കാര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. ദേഹത്ത് ചില്ലു തറച്ച് പരിക്കേറ്റിട്ടും ഡ്യൂട്ടി ഡോക്ടര്‍ രോഗികളെ പരിശോധിച്ചു. ആശുപത്രിയില്‍ അക്രമി അഴിഞ്ഞാടുന്നതായി പല തവണ അറിയിച്ചിട്ടും പോലീസ് സമയത്ത് സ്ഥലത്തെത്തി സുരക്ഷ നല്‍കിയല്ലെന്ന് ജീവനക്കാര്‍ പരാതിപ്പെട്ടു. സി.കെ ആശ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, ഉന്നത പോലീസ് അധികാരികള്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, ആര്‍.എം.ഒ ഡോ. ഷീബ ഡോ. പി.വിനോദ് എന്നിവര്‍ രാത്രി വൈകി ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ആശുപത്രി അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വൈക്കം താലൂക്ക് ആശുപത്രിയില്‍ സാമൂഹിക വിരുദ്ധരുടെ ആക്രമണങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് മതിയായ സുരക്ഷ ഒരുക്കണമെന്നും, കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും, ആശുപത്രിയില്‍ സ്ഥിരമായി പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും സ്റ്റാഫ് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ആശുപത്രിക്ക് മുന്നില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ ഡോ. ശ്രീകുമാര്‍, കെ.ജി.എം.ഒ.എ ജില്ലാ സെക്രട്ടറി ഡോ. പ്രവീണ്‍ മറുവഞ്ചേരി, എന്‍.ജി.ഒ യൂണിയന്‍ താലൂക്ക് പ്രസിഡന്റ് അഭിലാഷ്, സ്റ്റാഫ് നഴ്‌സ് ഹസീന എന്നിവര്‍ പ്രസംഗിച്ചു.