Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വല്ലകം ക്ഷീരസംഘത്തിലെ അഴിമതി വിജിലന്‍സ് അന്വേഷണം നടത്തണം
10/09/2019

വൈക്കം: പ്രതിദിനം ഇരുനൂറ്ററുപതോളം കര്‍ഷകര്‍ 2300 ലിറ്റര്‍ പാല്‍വരെ ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരുന്ന വല്ലകം ക്ഷീരസംഘത്തില്‍ പാലിന്റെ ഉല്‍പ്പാദനം കുത്തനെ കുറയാനും ഭൂരിപക്ഷം കര്‍ഷകരും തൊഴില്‍ ഉപേക്ഷിക്കുവാനും കാരണം വല്ലകം ക്ഷീരസംഘം പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും അഴിമതിയും കര്‍ഷകദ്രോഹ നടപടികളുമാണെന്ന് ക്ഷീരകര്‍ഷകവേദി ഉദയനാപുരം മേഖലാ കമ്മിറ്റി പ്രസിഡന്റ് കെ.എം മുരളീധരന്‍ പ്രസ്താവനയില്‍ ആരോപിച്ചു. ഇടതുസര്‍ക്കാര്‍ ഒരു കോടി 11 ലക്ഷം രൂപ ചെലവഴിച്ച് ഉദയനാപുരം പഞ്ചായത്തില്‍ നടപ്പാക്കിയ ക്ഷീരഗ്രാമം പദ്ധതിയുടെ നടത്തിപ്പിലും വ്യാപകമായി അഴിമതി നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ ഫാമുകളില്‍ നിന്നും ഏജന്റുമാര്‍ മുഖേന വന്‍ കമ്മീഷന്‍ കൈപ്പറ്റി ഉല്‍പ്പാദനം കുറഞ്ഞ പശുക്കളെ വാങ്ങി സെക്രട്ടറിയും അന്നത്തെ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കര്‍ഷകര്‍ക്ക് നല്‍കുകയാണുണ്ടായത്. ഒരു പശുവിന് 32500 രൂപ സബ്‌സിഡി കൈപ്പറ്റിയശേഷം പശുക്കളെ മറിച്ചു വില്‍ക്കാന്‍ സെക്രട്ടറി പലര്‍ക്കും ഒത്താശചെയ്യുകയും ചെയ്തു. തൊഴുത്തിന്റെയും തൊഴില്‍ ഉപകരണങ്ങളുടെയും വിതരണത്തിലും വ്യാപകമായ അഴിമതി നടന്നിട്ടുണ്ട്. പുറം മാര്‍ക്കറ്റില്‍ നിന്നും കിട്ടുന്നതിനേക്കാള്‍ 40 രൂപ വരെ കൂടിയവിലയ്ക്കാണ് സംഘത്തില്‍ നിന്നും കര്‍ഷകര്‍ക്ക് കാലിത്തീറ്റ നല്‍കുന്നത്. പാലിന്റെ തൂക്കത്തിലും വിലയിലും വന്‍ വെട്ടിപ്പാണ് നടന്നു വരുന്നത്. വസ്തുത ഇതായിരിക്കേ പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ പ്രസ്താവന യാഥാര്‍ത്ഥ്യങ്ങളെ മറച്ചുപിടിക്കാനുള്ള ശ്രമം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലയിലെ സാധാരണക്കാരുടെ ജീവിതമാര്‍ഗ്ഗമായ ക്ഷീരമേഖലയെ ദുര്‍ബലപ്പെടുത്തി സംഘത്തെ തകര്‍ക്കുവാനുള്ള നീക്കത്തില്‍ നിന്നും സെക്രട്ടറിയും ഒരു വിഭാഗം ഭരണസമിതിയംഗങ്ങളും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു