Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോഴിക്കടകളില്‍ ഉപഭോക്താക്കളെ പിഴിഞ്ഞ് കച്ചവടക്കാരുടെ അഴിഞ്ഞാട്ടം.
26/08/2019

വൈക്കം: കോഴിക്കടകളില്‍ ഉപഭോക്താക്കളെ പിഴിഞ്ഞ് കച്ചവടക്കാരുടെ അഴിഞ്ഞാട്ടം. മണ്ഡലത്തിന്റെ വെള്ളൂര്‍ മുതല്‍ വെച്ചൂര്‍ വരെയുള്ള കടകളില്‍ തോന്നിയ വിലകളാണ്. കുടുംബശ്രീകള്‍ വഴി കോഴി കച്ചവട മേഖലയിലേക്ക് എത്തുമെന്ന് പറയുന്നുണ്ടെങ്കിലും ഇതൊന്നും യാഥാര്‍ത്ഥ്യമായിട്ടില്ല. മിനുട്ടുകളുടെ വ്യത്യാസത്തില്‍ വില കുതിക്കുകയാണ്. ഇവിടെയെല്ലാം പകച്ചുനിന്ന് വാങ്ങാനേ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് കഴിയുന്നുള്ളൂ. മത്സ്യവിപണി മാത്രമാണ് ഇപ്പോള്‍ അല്‍പം ആശ്വാസം നല്‍കുന്നത്. എന്നാല്‍ ഇതിന്റെ രുചി നുകരാനെത്തുന്ന ഉപഭോക്താക്കള്‍ കള്ള് ഷാപ്പിലും ഹോട്ടലുകളിലും വന്‍വില നല്‍കേണ്ട അവസ്ഥയാണ്. പോത്തിറച്ചിയുടെയും വില കച്ചവടക്കാര്‍ക്ക് തോന്നുംപോലെയാണ്. ഇതിനെതിരെ എങ്ങനെ പ്രതികരിക്കണമെന്നറിയാതെ ഉപഭോക്താക്കള്‍ ആശയക്കുഴപ്പത്തിലാണ്. നടപടികള്‍ സ്വീകരിക്കേണ്ട തദ്ദേശഭരണകൂടം തികഞ്ഞ നിഷ്‌ക്രിയത്വം കാണിക്കുമ്പോള്‍ വില കൂട്ടി കച്ചവടം നടത്തുന്നവര്‍ക്ക് ഇതു വലിയ സഹായമാണ് നല്‍കുന്നത്. ഇതിനിടയില്‍ മാന്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കടകളും ഇറച്ചി വില്‍പ്പന കേന്ദ്രങ്ങളുമുണ്ട്. വെള്ളൂരില്‍ 90ല്‍ ആരംഭിക്കുന്ന വില വെച്ചൂരിലേക്കെത്തുമ്പോള്‍ നൂറുകടക്കുന്നു. ഇത്തിപ്പുഴയിലും നാനാടത്തും തോട്ടകത്തുമെല്ലാം പ്രവര്‍ത്തിക്കുന്ന കോഴിക്കടകളില്‍ എപ്പോഴും നൂറു രൂപ തന്നെയാണെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. വില കുറയാത്ത കാര്യം തിരക്കുമ്പോള്‍ കുറച്ചുകിട്ടുന്ന കടയില്‍ പോയി വാങ്ങാന്‍ ഇവര്‍ നിര്‍ദ്ദേശിക്കുന്നു. ജി.എസ്.ടി വന്നപ്പോള്‍ ഇത് ഉയര്‍ത്തിയാണ് ഇവര്‍ സാധാരണക്കാരായ ഉപഭോക്താക്കളെ പിഴിയുന്നത്. പല സ്ഥലങ്ങളിലും കോഴിയുടെ അന്നന്നത്തെ വില പ്രദര്‍ശിപ്പിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ടെങ്കിലും പല കച്ചവടക്കാരും ഇത് കൂട്ടാക്കാറില്ല. അതുപോലെ തന്നെ കോഴിയിറച്ചി നുറുക്കുന്ന സമയങ്ങളില്‍ ഇവര്‍ കൃത്രിമം നടത്താറുണ്ടെന്നും ആക്ഷേപങ്ങളുണ്ട്. കന്നുകാലികളെ കശാപ്പു ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ ഇതിനെ കൂട്ടുപിടിച്ച് പോത്തിറച്ചിയുടെ വില കൂട്ടിയ ചില കച്ചവടക്കാരുമുണ്ട്. 300 രൂപയ്ക്ക് ലഭിച്ചിരുന്ന പോത്തിറച്ചിക്ക് ഇവര്‍ 330 ആക്കി. വൈക്കം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റോറേജുകളിലും വില 330 രൂപയാണ് പോത്തിറച്ചിക്ക് ഈടാക്കുന്നത്. ഇവര്‍ വലിയ വൈദ്യുതി ചാര്‍ജും നികുതിയുമെല്ലാം നല്‍കിയാണ് ഇത് വാങ്ങുന്നത്. എന്നാല്‍ കൊള്ള നടത്തുന്നത് ലൈസന്‍സ് പോലുമില്ലാതെ വഴിയോരങ്ങളില്‍ അറവുമാടുകളെ കശാപ്പ് ചെയ്തു വില്‍പന നടത്തുന്നവരാണ്. ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ തദ്ദേശഭരണകൂടങ്ങള്‍ രംഗത്തുവരണം.