Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആറ്റിങ്ങല്‍ കലാപീഠത്തിലേക്ക് പോയ വിദ്യാര്‍ഥികള്‍ വൈക്കം ക്ഷേത്ര കലാപീഠത്തില്‍ തിരിച്ചെത്തി.
22/08/2019

വൈക്കം: ആറ്റിങ്ങല്‍ കലാപീഠത്തിലേക്ക് പോയ വിദ്യാര്‍ഥികള്‍ വൈക്കം ക്ഷേത്ര കലാപീഠത്തില്‍ തിരിച്ചെത്തി. തകില്‍, നാദസ്വരം എന്നീ കോഴ്‌സുകളിലെ ഒന്നാം വര്‍ഷ ബാച്ചിലെ 30 വിദ്യാര്‍ഥികളാണ് വൈക്കത്ത് തിരികെയെത്തിയത്. ചൊവ്വാഴ്ച മുതല്‍ ഇവര്‍ക്കുള്ള ക്ലാസുകള്‍ ആരംഭിച്ചു. 1982ല്‍ വൈക്കത്ത് ആരംഭിച്ച ക്ഷേത്ര കലാപീഠത്തില്‍ പഞ്ചവാദ്യ വിഭാഗത്തില്‍ 40ഉം തകില്‍, നാദസ്വരം വിഭാഗങ്ങളില്‍ 15 വീതവും വിദ്യാര്‍ഥികള്‍ പഠനം നടത്തിയിരുന്നു. ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് താമസവും ഭക്ഷണവും ദേവസ്വം ബോര്‍ഡ് സൗജന്യമായാണ് നല്‍കുന്നത്. ഗുരുകുല സമ്പ്രദായത്തില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്നതിനു വേണ്ട സൗകര്യവുമുണ്ട്. കോഴ്‌സ് പൂര്‍ത്തിയാക്കിയ നിരവധി വിദ്യാര്‍ഥികള്‍ക്ക് ദേവസ്വം ബോര്‍ഡ് ജോലിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ പുതിയ അധ്യായന വര്‍ഷത്തേക്ക് വൈക്കം ക്ഷേത്ര കലാപീഠത്തിലേക്ക് അപേക്ഷ ക്ഷണിക്കുകയും അഭിമുഖം നടത്തുകയും ചെയ്‌തെങ്കിലും ബോര്‍ഡിന്റെ ചില ക്രമീകരണങ്ങളുടെ ഭാഗമായി തകില്‍, നാദസ്വരം വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസ്സുകള്‍ തുടങ്ങിയത് ആറ്റിങ്ങലിലാണ്. ഇതോടെ വൈക്കം ക്ഷേത്രത്തിനോട് അനുബന്ധിച്ചു തുടങ്ങിയ കലാപീഠത്തിന്റെ ഒരു ഭാഗം അടര്‍ത്തിയതില്‍ വ്യാപകമായ പ്രതിഷേധമുണ്ടായി. തുടര്‍ന്ന് കലാപീഠം മാറ്റരുതെന്ന് ആവശ്യപ്പെട്ട് സി.കെ ആശ എം.എല്‍.എ നിയമസഭയില്‍ സബ്മിഷനും ഉന്നയിക്കുകയും ഒരു കാരണവശാലും മാറ്റുകയില്ലന്ന് മന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡ് വൈക്കം ക്ഷേത്രകലാപീഠത്തിലെ കോഴ്‌സുകള്‍ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.