Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് ആശുപത്രി വികസനത്തിന് കിഫ്ബി അംഗീകാരമായി.
20/08/2019

വൈക്കം: വൈക്കം താലൂക്ക് ആശുപത്രി വികസനത്തിന് കിഫ്ബി അംഗീകാരമായി. വൈക്കം താലൂക്ക് ആശുപത്രിയുടെ സമഗ്രവികസനത്തിനായി 2017-18 ലെ സംസ്ഥാന ബജറ്റിലൂടെ അനുവദിച്ച പദ്ധതിയ്ക്ക് കിഫ്ബിയുടെ അന്തിമ അംഗീകാരം ലഭിച്ചതായി സി.കെ.ആശ.എം.എല്‍.എ അറിയിച്ചു. കേരളാ സ്റ്റേറ്റ് ഹൗസിങ്ങ് ബോര്‍ഡ് തയ്യാറാക്കിയ ഡി.പി.ആര്‍ പ്രകാരം 95.37 കോടി രൂപയുടെ ഭരണാനുമതി ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ ചേര്‍ന്ന കിഫ്ബി ഉന്നതാധികാരസമിതി പദ്ധതിയ്ക്ക് അന്തിമ അംഗീകാരം നല്കി. 67.96 കോടി രൂപയുടെ കെട്ടിട നിര്‍മ്മാണത്തിനുള്ള അംഗീകാരമാണ് ഇന്നലെ കിഫ്ബി നല്കിയത്. അഞ്ച് നിലകളിലായി രണ്ട് ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഉപകരണങ്ങള്‍ക്കായാണ് 27.41 കോടി രൂപ വകയിരുത്തിയിട്ടുള്ളത്. ഇത് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുന്നമുറയ്ക്ക് ആരോഗ്യ വകുപ്പ് നല്കും. പതിറ്റാണ്ടുകള്‍ നീണ്ട പരാതികള്‍ക്കാണ് ഇതോടെ പരിഹാരമാകുന്നത്. നിത്യവും ആയിരക്കണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആതുരാലയമാണിത്. അടിസ്ഥാന സൗകര്യ വികസനങ്ങളുടെ അപര്യാപ്തത മൂലം ഏറെ ബുദ്ധിമുട്ടനുഭവിച്ചിരുന്ന വൈക്കം താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനായി നടത്തിയ നിരന്തരഇടപെടലുകളുടെ ഫലമായാണ് പദ്ധതി കിഫ്ബി അംഗീകരിച്ചത്. ഗ്രാമീണമേഖലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്രസഹായത്തോടുകൂടി സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. സാങ്കേതിക പ്രശ്‌നങ്ങളാലും കോണ്‍ട്രാക്ടറുടെ സാമ്പത്തിക പ്രതിസന്ധിയാലും സ്തംഭിച്ചുനിന്ന നിര്‍മ്മാണപ്രവര്‍ത്തനം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് എം.എല്‍.എയുടെ നിരന്തരമായ ഇടപെടലിലൂടെയാണ് തടസ്സങ്ങള്‍ നീക്കി നിര്‍മ്മാണം പുനരാരംഭിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കെട്ടിടം പൂര്‍ത്തിയാകുന്നതോടെ നിലവിലെ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം അങ്ങോട്ട് മാറ്റിയായിരിക്കും പുതിയ ആശുപത്രിയുടെ നിര്‍മ്മാണം ആരംഭിക്കുക. എത്രയും വേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ വേണ്ട നിര്‍ദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്കിയതായി എം.എല്‍.എ. അറിയിച്ചു.