Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലക്ഷ്മണന്റെ നിര്‍ദ്ധന കുടുംബത്തിന് വീട് വച്ചു കൊടുക്കാന്‍ സുമനസ്സുകളുടെ കൂട്ടായ്മ.
17/08/2019
ജനമൈത്രി പോലീസിന്റെയും ടി.വി പുരം പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ടി.വി പുരം ചാണയില്‍ ആര്യമോള്‍ക്ക് നിര്‍മ്മിച്ചു കൊടുക്കുന്ന വീടിന്റെ കട്ടിളവെയ്പ്പ് വൈക്കം എ.എസ്.പി അരവിന്ദ് സുകുമാര്‍ നിര്‍വഹിക്കുന്നു.

വൈക്കം: വെള്ളപ്പൊക്കത്തില്‍ വീട് തകര്‍ന്ന ടി.വി പുരം ചാണയില്‍ ലക്ഷ്മണന്റെ നിര്‍ദ്ധന കുടുംബത്തിന് വീട് വച്ചു കൊടുക്കാന്‍ സുമനസ്സുകളുടെ കൂട്ടായ്മ. കഴിഞ്ഞവര്‍ഷമുണ്ടായ വെള്ളപ്പൊക്കത്തില്‍ ലക്ഷ്മണന്റെ മൂന്ന് സെന്റ് ഭൂമിയിലുണ്ടായിരുന്ന വീട് തകര്‍ന്നു വീണിരുന്നു. വീട് പുനര്‍നിര്‍മ്മിക്കാന്‍ ലക്ഷ്മണന്‍-മോളി ദമ്പതികള്‍ക്ക് മാര്‍ഗ്ഗമൊന്നുമില്ലായിരുന്നു. തലചായ്ക്കാനൊരിടം തേടി വിഷമിക്കുകയായിരുന്നു ഈ കുടുംബം. വൈക്കം സെന്റ് തെരേസാസ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ഏക മകള്‍ ആര്യാമോളുടെ പഠനവും വിഷമത്തിലായിരുന്നു. മകളുടെ സംരക്ഷണത്തിന് ഇടമില്ലാതെ വിഷമിക്കുമ്പോഴാണ് സുമനസ്സുകളുടെ കരസ്പര്‍ശം ഇവരെ തേടിയെത്തിയത്. ജനമൈത്രി പോലീസും, ജനമൈത്രി സമിതിയും ടി.വി പുരം പഞ്ചായത്തും കൈകോര്‍ത്താണ് ലക്ഷ്മണന്റെ നിര്‍ദ്ധനകുടുംബത്തിന് തലചായ്ക്കാന്‍ ഇടമൊരുക്കുന്നത്. മൂന്ന് സെന്റ് ഭൂമിയില്‍ അടിത്തറയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. വൈക്കം എ.എസ്.പി അരവിന്ദ് സുകുമാര്‍ കട്ടിളവയ്പ്പും നടത്തിയതോടെ അന്തിയുറങ്ങാന്‍ ഒരിടമാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. നിര്‍മ്മാണം ഉടനെ പൂര്‍ത്തിയാക്കുവാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. ചടങ്ങില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.പ്രദീപ്, ജനമൈത്രി സമിതിയംഗങ്ങളായ സെബാസ്റ്റ്യന്‍ ജോര്‍ജ്ജ്, സിന്ധു ഹരിദാസ്, സി.ആര്‍.ഒ സി.എ ബിജു, ഭാരവാഹികളായ കെ.ശിവപ്രസാദ്, പി.എം സന്തോഷ് കുമാര്‍, ടി.ആര്‍ സുരേഷ്, എം.ആര്‍ റെജി, ജോര്‍ജ്ജ് കൂടല്ലി, സജീവ്, ലൈലാ ജയരാജ്, ജലീല, പി.സോമന്‍പിള്ള എന്നിവര്‍ പങ്കെടുത്തു.