Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഴ ശമിച്ചിട്ടും വൈക്കത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ തന്നെ.
14/08/2019
വെള്ളൂര്‍ വടകരയില്‍ മൂത്തേടത്ത് സജിയുടെ വാഴത്തോട്ടത്തില്‍ വെള്ളം കയറിയ നിലയില്‍.

വൈക്കം: മഴ ശമിച്ചിട്ടും വൈക്കത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ തന്നെ. ഉദയനാപുരം, തലയോലപ്പറമ്പ്, തലയാഴം പഞ്ചായത്തുകളാണ് വെള്ളപ്പൊക്കത്തില്‍ നിന്ന് ഇതുവരെ കരകയറാത്തത്. വെച്ചൂര്‍ പഞ്ചായത്തിലെ രണ്ടായിരം ഏക്കറിലധികം വരുന്ന പാടശേഖരങ്ങള്‍ മടവീഴ്ച ഭീഷണിയിലാണ്. തലയാഴം പഞ്ചായത്തിലെ ഭൂരിഭാഗം പാടശേഖരങ്ങളിലെയും നെല്‍കൃഷികള്‍ നശിച്ചുതുടങ്ങി. കാരണം പലപാടശേഖരങ്ങളും ഇപ്പോള്‍ വെള്ളത്തിലാണ്. ഏറെ പണിപ്പെട്ടാണ് പലരും കൃഷിയിറക്കിയത്. ആരംഭത്തില്‍ കൃഷിയിറക്കിയപ്പോള്‍ മഴക്കുറവ് പ്രശ്‌നമായിരുന്നു. എന്നാല്‍ ഇതിനുശേഷം ഇരച്ചെത്തിയ മഴ പാടശേഖരങ്ങളെ തകര്‍ത്തെറിഞ്ഞു. വെള്ളമിറങ്ങിയാല്‍ തന്നെ കൃഷി പൂര്‍വസ്ഥിതിയിലെത്തുമോ എന്ന കാര്യം കാത്തിരുന്നു കാണണം. കഴിഞ്ഞ പ്രളയത്തിലും വൈക്കത്തിന്റെ കാര്‍ഷിക മേഖലയെല്ലാം സമാന അവസ്ഥയില്‍ തകര്‍ന്നടിഞ്ഞിരുന്നു. ഇതുതന്നെയാണ് ഇപ്പോഴും. നെല്‍കൃഷിക്കൊപ്പം തന്നെ ഓണവിപണി ലക്ഷ്യമിട്ടു നടത്തിയ പച്ചക്കറി, വാഴ കൃഷികളുമെല്ലാം തകര്‍ക്കപ്പെട്ടു. വെള്ളൂര്‍ ഗ്രാമപഞ്ചായത്തിലാണ് ഓണവിപണി ലക്ഷ്യമിട്ടുനടത്തിയ വാഴകൃഷി ഏറ്റവുമധികം തകര്‍ന്നടിഞ്ഞത്. ഏകദേശം അയ്യായിരത്തിലധികം വാഴകൃഷി ഇപ്പോള്‍ വെള്ളം കയറിയ അവസ്ഥയിലാണ്. അതിവേഗം വെള്ളം ഇറങ്ങിപ്പോയാല്‍ ഒരുപരിധി വരെ കൃഷി രക്ഷപെട്ടേക്കാം. പഞ്ചായത്തിലെ ജാതി കര്‍ഷകരും കടുത്ത പ്രതിസന്ധിയിലാണ്. പല പ്രദേശങ്ങളിലും ജാതിത്തോട്ടങ്ങള്‍ വെള്ളത്തിലാണ്. തലയോലപ്പറമ്പ്, ഉദയനാപുരം പഞ്ചായത്തുകളിലെ ആയിരക്കണക്കിനു വീട്ടുകാര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഇവരെല്ലാം വെള്ളമിറങ്ങി വീട്ടിലേക്കു മടങ്ങുമ്പോള്‍ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്.