Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളപ്പൊക്കത്തില്‍ വൈക്കത്തിന്റെ ക്ഷീരമേഖല തകര്‍ന്നടിഞ്ഞു.
13/08/2019

വൈക്കം: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വൈക്കത്തിന്റെ ക്ഷീരമേഖല തകര്‍ന്നടിഞ്ഞു. മൂവാറ്റുപുഴയാര്‍ കരകവിഞ്ഞൊഴുകിയതുമൂലം കൃഷി ഭൂമികളിലും പുരയിടങ്ങളിലും പശു തൊഴുത്തുകളിലും വെള്ളം കയറി. ഇതുമൂലം കര്‍ഷകര്‍ സംഭരിച്ചുവെച്ച തീറ്റപ്പുല്ല്, വൈക്കോല്‍, കാലിത്തീറ്റ എന്നിവ നശിച്ചു. ഉയര്‍ന്ന പ്രദേശങ്ങളില്‍ അഭയം പ്രാപിച്ചിട്ടുള്ള കന്നുകാലികള്‍ ഭക്ഷണവും അടിയന്തിര ചികിത്സകളും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. പശുതൊഴുത്തുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്ന നിലയിലാണ്. പാടശേഖരങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നതുമൂലം പുല്ലുകളെല്ലാം ചീഞ്ഞുപോവുകയാണ്. വെള്ളം വറ്റിയാല്‍ പോലും കുറച്ചുനാളത്തേക്ക് ഈ പുല്ലൊന്നും ഉപയോഗിക്കാന്‍ പറ്റില്ലെന്നു കര്‍ഷകര്‍ പറയുന്നു. ജില്ലയില്‍ ഏറ്റവുമധികം പാല്‍ ഉല്‍പാദിപ്പിക്കുന്ന ഉദയനാപുരം ഗ്രാമപഞ്ചായത്താണ് ഇതില്‍ ഏറ്റവുമധികം ദുരിതം ഏറ്റുവാങ്ങിയത്. പഞ്ചായത്തിലെ വൈക്കപ്രയാര്‍, തേനാമിറ്റം, വല്ലകം, വാഴമന, പടിഞ്ഞാറെക്കര, കൊടിയാട്, മുട്ടുങ്കല്‍ പ്രദേശങ്ങളിലുള്ള ക്ഷീരകര്‍ഷകരെയെല്ലാം വെള്ളപ്പൊക്കം ദുരിതത്തിലാഴ്ത്തി. നിരവധി പശുക്കള്‍ മഴവെള്ളത്തില്‍ ചത്തുപോയി. അര കോടിയിലധികം രൂപയുടെ നഷ്ടമാണ് ക്ഷീരമേഖലയില്‍ സംഭവിച്ചിരിക്കുന്നത്. തലയാഴം, വെച്ചൂര്‍, ടി.വി പുരം, നഗരസഭ പ്രദേശങ്ങളിലുള്ള ക്ഷീരകര്‍ഷകരും സമാനമായ ദുരിതമാണ് നേരിടുന്നത്. ദുരിമനുഭവിക്കുന്ന മുഴുവന്‍ കന്നുകാലികള്‍ക്കും അടിയന്തിരമായി വൈക്കോല്‍, കാലിത്തീറ്റ, മരുന്നുകള്‍ എന്നിവ ലഭ്യമാക്കാന്‍ മൃഗ, ക്ഷീരവികസന വകുപ്പുകളും, മില്‍മയും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ക്ഷീരവികസനവേദി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.രമേശന്‍, സെക്രട്ടറി കെ.എം വിനോഭായ്, മേഖലാ സെക്രട്ടറി കെ.എം മുരളീധരന്‍, കിസാന്‍സഭ മണ്ഡലം സെക്രട്ടറി കെ.കെ ചന്ദ്രബാബു, എ.എം അനി, ടി.വിജയകുമാര്‍, കൃഷ്ണയ്യര്‍, അജിക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.