Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്നലെ അല്‍പം ശമനം.
12/08/2019
മൂവാറ്റുപുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് വെള്ളൂര്‍ തോട്ടത്തില്‍ സുരേഷിന്റെ വീട്ടില്‍ വെള്ളം കയറിയ നിലയില്‍.

വൈക്കം: ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്നലെ അല്‍പം ശമനം. എന്നിട്ടും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. ഇന്നലെ തീവ്രത കുറഞ്ഞെങ്കിലും മഴയില്‍ ഉയര്‍ന്ന വെള്ളം താഴ്ന്നില്ല. വീടുകള്‍ക്കുചുറ്റും കെട്ടിക്കിടക്കുന്ന വെള്ളം അതേപടി നില്‍ക്കുകയാണ്. ഉദയനാപുരം ഗ്രാമപഞ്ചായത്താണ് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത്. പഞ്ചായത്തിലെ കൊടിയാട്, വാഴമന, മുട്ടുങ്കല്‍, തേനാമിറ്റം, വൈക്കപ്രയാര്‍ പ്രദേശങ്ങളിലെ ഭൂരിഭാഗം കുടുംബങ്ങളും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ തന്നെയാണ്. നഗരസഭയിലെ ചാലപ്പറമ്പ് കോളനി നിവാസികളും ദുരിതക്കയത്തില്‍ നിന്ന് ഇതുവരെ കരകയറിയിട്ടില്ല. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കോരിക്കല്‍, പഴമ്പെട്ടി, കൊച്ചംഗ്രാക്കല്‍, തേവലക്കാട്ട് പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയില്‍ തന്നെയാണ്. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ കടൂക്കര, മൂഴിക്കല്‍, ആറ്റുവേലക്കടവ് പ്രദേശങ്ങളും വെള്ളക്കയത്തിലാണ്. പ്രളയബാധിത മേഖലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ ആളുകളുടെ എണ്ണം കൂടിയതോടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങളുടെ പരിമിതി മൂലം പ്രളയബാധിതര്‍ ബുദ്ധിമുട്ടുന്നുണ്ട്. പ്രളയബാധിത മേഖലയില്‍ നിന്ന് ദൂരക്കൂടുതലായതിനാല്‍ പലരും ക്യാമ്പുകളിലേക്ക് പോകാന്‍ മടിക്കുന്നു. കന്നുകാലികളും മറ്റും ഉള്ളവരും, അസുഖബാധിതരുമാണ് ക്യാമ്പുകളിലേക്ക് പോകാന്‍ തയ്യാറാകാത്തത്. വാഴമന കൊടിയാട് കമ്മ്യൂണിറ്റി ഹാളില്‍ താമസിച്ചിരുന്ന 12 കുടുംബങ്ങളെ വല്ലകം സെന്റ് മേരീസ് എച്ച്.എസ്.എസിലേക്ക് മാറ്റി. മഴ ശമിച്ചതോടെ വരും ദിവസങ്ങളില്‍ വെള്ളമിറങ്ങുമെന്നും അതോടെ വീട്ടിലേക്കു മടങ്ങാനാവുമെന്നുമുള്ള പ്രതീക്ഷയിലാണ് ക്യാമ്പില്‍ താമസിക്കുന്നവര്‍.