Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെയ്ത്തുവെള്ളത്തില്‍ മുങ്ങിയ റോഡില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചിട്ടും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുന്നില്ലെന്ന് പരാതി.
09/08/2019
വൈക്കം-എറണാകുളം റോഡില്‍ ടോള്‍, കൊച്ചങ്ങാടി ഭാഗങ്ങളില്‍ പെയ്ത്തുവെള്ളം നിറഞ്ഞ് ഗതാഗതത്തിന് തടസ്സമായി സമീപ കടകളിലേക്ക് വെളളം തള്ളിക്കയറുന്നു.

വൈക്കം: പെയ്ത്തുവെള്ളത്തില്‍ മുങ്ങിയ റോഡില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചിട്ടും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുന്നില്ലെന്ന് പരാതി. വൈക്കം-എറണാകുളം റോഡില്‍ ടോള്‍ ജംഗ്ഷന്‍ മുതല്‍ കൊച്ചങ്ങാടി വരെയുള്ള മുന്നൂറ് മീറ്റര്‍ റോഡ് ഭാഗം ചെറിയൊരു മഴയില്‍ പോലും മുങ്ങുന്ന സ്ഥിതിയാണ്. യാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കടന്നുപോകാന്‍ പറ്റാത്ത സ്ഥിതിയാണ്. റോഡില്‍ നിറയുന്ന അധികജലം ഇരുവശങ്ങളിലേക്കും ഒഴുകുന്നത് പന്ത്രണ്ട് വ്യാപാരസ്ഥാപനങ്ങളെ ദുരിതത്തിലാക്കി. വെള്ളം കയറി വലിയ നാശങ്ങളാണ് ഇവര്‍ക്കുണ്ടായത്. പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് നാലുവര്‍ഷമായി കച്ചവടക്കാര്‍ വൈക്കം പൊതുമരാമത്ത് ഓഫീസില്‍ കയറിയിറങ്ങുന്നു. ഇതുവരെ നടപടി ഉണ്ടായിട്ടില്ല. കച്ചവടക്കാര്‍ കൊടുത്ത പരാതി പരിശോധിക്കാനെത്തിയ അധികൃതര്‍ ഓട നിര്‍മ്മിച്ച് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് പഞ്ചായത്ത് മെമ്പര്‍ പി.വി പ്രസാദ് പറഞ്ഞു. നൗഷാദ് ആഞ്ഞിലിക്കല്‍, യൂസഫ് മണ്ടോപ്പള്ളില്‍, അഷറഫ് വലിയവീട്ടില്‍, സായ് വുഡ് ഫര്‍ണീച്ചര്‍, രാജു ഇലക്ട്രിക്കല്‍ എന്നിവരുടെ കടകളില്‍ പെയ്്ത്തുവെള്ളം കയറി നാശനഷ്ടങ്ങള്‍ വരുത്തി. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഓളം തല്ലി ഇവരുടെ കടകളിലേക്ക് വെള്ളം തള്ളിക്കയറുകയാണ്. റോഡില്‍ നിറയുന്ന അധികജലം ഒഴുകി പോകാന്‍ നേരത്തെയുണ്ടായിരുന്ന സൗകര്യം അടഞ്ഞുപോയതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. കൊച്ചങ്ങാടി പഞ്ചായത്ത് റോഡു വഴി മൂന്നൂറ് മീറ്റര്‍ ദൈര്‍ഘ്യത്തില്‍ പൈപ്പുകള്‍ സ്ഥാപിച്ച് മൂവാറ്റുപുഴയാറുമായി ബന്ധിപ്പിച്ചാല്‍ ചെറിയ ചെലവില്‍ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളു. പക്ഷേ പൊതുമരാമത്ത് വകുപ്പ് ഇക്കാര്യത്തില്‍ അനാസ്ഥ കാട്ടുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. റോഡില്‍ വെള്ളം നിറയുന്നതുകൊണ്ട് അടുത്ത കാലത്തുണ്ടായ അപകടങ്ങള്‍ ഏറെയാണ്. റോഡിന്റെ പടിഞ്ഞാറെ ഭാഗത്ത് സ്ഥിതിചെയ്യുന്ന യൂ.പി സ്‌കൂളിലേക്ക് വന്നു പോകുന്ന വിദ്യാര്‍ത്ഥികളുടെ യാത്രയും അപകടകരമാണ്. രക്ഷിതാക്കള്‍ കാത്തു നിന്നുവേണം കുട്ടികളെ കൂട്ടിക്കൊണ്ടുപോകുവാന്‍.