Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേര ഉല്‍പന്നങ്ങള്‍ക്ക് വിലയേറുന്നതിന്റെ ആവേശത്തിമിര്‍പ്പില്‍ നാളികേര കര്‍ഷകര്‍.
08/08/2019

വൈക്കം: കേര ഉല്‍പന്നങ്ങള്‍ക്ക് വിലയേറുന്നതിന്റെ ആവേശത്തിമിര്‍പ്പില്‍ നാളികേര കര്‍ഷകര്‍. തെങ്ങോലകളാല്‍ മേഞ്ഞ മുറികള്‍ വിനോദസഞ്ചാരികളുടെ മനം കവരുമ്പോള്‍ പരമ്പരാഗത തൊഴില്‍ മേഖല ആവേശത്തിലാണ്. വിനോദസഞ്ചാരികളായി നാട്ടിന്‍പുറങ്ങളിലെത്തുന്ന ഉത്തരേന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും ഏറ്റവും ഇഷ്ടം ഓലമടലുകളാല്‍ സമ്പുഷ്ടമായ കുടിലുകളില്‍ കിടന്നുറങ്ങുന്നതാണ്. വൃദ്ധരായ വീട്ടമ്മമാര്‍ ഇതു മെടഞ്ഞുകഴിയുമ്പോള്‍ വിലയ്ക്കുവാങ്ങുവാന്‍ നിരവധി ആളുകളാണ് എത്തുന്നത്. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുമായി ഉണ്ടാക്കിയ ധാരണപ്രകാരം പ്രതിവര്‍ഷം ഏകദേശം അഞ്ചു മുതല്‍ പത്തു ലക്ഷം വരെ മെടഞ്ഞ ഓലകളാണ് ആവശ്യമുള്ളത്. സംസ്ഥാനത്ത് മെടഞ്ഞ ഓലകളുടെ ദൗര്‍ലഭ്യം മൂലം നിലവില്‍ തമിഴ്‌നാട്ടില്‍ നിന്നും മറ്റുമാണ് ഓലകള്‍ എത്തിക്കുന്നത്. ജനപങ്കാളിത്ത ഉത്തരവാദിത്ത ടൂറിസം പദ്ധതിയായ പെപ്പര്‍ ടൂറിസത്തിന്റെ ആദ്യഘട്ട പരിശീലനം പൂര്‍ത്തീകരിക്കപ്പെട്ടതോടെ നിരവധി യൂണിറ്റുകളാണ് ഓല മെടഞ്ഞു നല്‍കുന്നതിന് മുന്നോട്ടു വന്നിട്ടുള്ളത്. വിദേശികളായ വിനോദസഞ്ചാരികള്‍ ശീതീകരിച്ച മുറികളേക്കാളും ഇഷ്ടപ്പെടുന്നത് പ്രകൃതിരമണീയമായ കാലാവസ്ഥയാണ്. ആരംഭത്തില്‍ കുമരകത്തെ അപൂര്‍വം ചില റിസോര്‍ട്ടുകളില്‍ ഓല കൊണ്ടു തീര്‍ത്ത മുറികള്‍ ഉണ്ടായിരുന്നു. ഇതിലെ താമസം വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. ഇതോടെ മറ്റു റിസോര്‍ട്ടുകളിലും ഓലയില്‍ തീര്‍ത്ത മുറികള്‍ ഉയരാന്‍ തുടങ്ങി. എന്നാല്‍ ആവശ്യത്തിന് മടഞ്ഞ ഓല കിട്ടാതെ വന്നതോടെ പലരും പരക്കം പായാന്‍ തുടങ്ങി. ഇതിനെത്തുടര്‍ന്ന് വൈക്കത്തിന്റെ പല ഭാഗങ്ങളിലും ഒളിഞ്ഞിരുന്ന ഓല മടച്ചില്‍ സജീവമായി. തലയാഴം, ടി.വി പുരം, വെച്ചൂര്‍, തോട്ടകം, ഉല്ലല, കൊതവറ, മുണ്ടാര്‍ ഭാഗങ്ങളിലാണ് ഇപ്പോള്‍ ഓല മടഞ്ഞ് പലരും പണം സമ്പാദിക്കുന്നത്. വരും നാളുകളില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഈ തൊഴില്‍ വ്യാപിക്കും. നാളികേരത്തിന്റെ വിലയേറിയതിനേക്കാള്‍ കൂടുതല്‍ ആദായം ഓലമടലിലൂടെ ലഭിക്കുന്ന സാഹചര്യമാണിപ്പോള്‍. മുന്‍കാലങ്ങളില്‍ ഓല മടഞ്ഞ വീടുകളായിരുന്നു ഗ്രാമീണ മേഖലകളില്‍ അധികവും. പിന്നീട് ഓല ഓടിനും കോണ്‍ക്രീറ്റിനും വഴിമാറി. ഇതിനെല്ലാം ഇപ്പോള്‍ ഉണ്ടായിരിക്കുന്ന മാറ്റത്തിന് ഈ പരമ്പരാഗത മേഖല കടപ്പെട്ടിരിക്കുന്നത് വിദേശികളായ വിനോദസഞ്ചാരികളോടാണ്. വിദേശികളുടെ ഈ പ്രേമം മലയാളികളും അനുവര്‍ത്തിക്കുകയാണ്.