Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്ത്രീകളുടെ ഗ്രൂപ്പുണ്ടാക്കി പണം തട്ടിയെടുത്ത കേസില്‍ മൂന്ന് പേരെ പോലീസ് പിടികൂടി.
02/03/2016

പലിശരഹിത വായ്പ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സ്ത്രീകളുടെ ഗ്രൂപ്പുണ്ടാക്കി പണം തട്ടിയെടുത്ത കേസില്‍ മൂന്ന് പേരെ പോലീസ് പിടികൂടി. ആലപ്പുഴ സ്വദേശി കൈലാസ് റാവു, കാഞ്ഞിരപ്പള്ളി സ്വദേശിനി ആജാ ബഷീര്‍, കടുത്തുരുത്തി സ്വദേശിനി ലേഖ എന്നിവരെയാണ് വൈക്കം പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. വിദേശമലയാളികള്‍ക്കിടയില്‍ ട്രസ്റ്റ് രൂപീകരിച്ച് അതിലൂടെ ലഭിക്കുന്ന പണംകൊണ്ട് സാധാരണക്കാര്‍ക്ക് സ്വയംതൊഴില്‍ ചെയ്യാനും മററും പലിശരഹിത വായ്പ നല്‍കാമെന്ന വ്യാജേന നൂറുകണക്കിന് ആളുകളില്‍ നിന്നും ഇവര്‍ പണം തട്ടി. കുടുംബശ്രീ മാതൃകയില്‍ അക്ഷയശ്രീ എന്ന ഏജന്‍സി രൂപീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. 12 പേരടങ്ങുന്ന യൂണിററിലെ ഓരോ അംഗത്തില്‍നിന്നും 1200 രൂപ വീതമാണ് ഇവര്‍ കൈക്കലാക്കിയത്. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200ഓളം യൂണിററ് രൂപീകരിച്ചാണ് നിര്‍ദ്ധനരായവരുടെ പണം തട്ടിയെടുത്തത്. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും തട്ടിപ്പ് വ്യാപിച്ചിട്ടുണ്ടെന്നും വിവിധ ജില്ലകളില്‍ ഇതുമായി ബന്ധപ്പെട്ട് കേസുകളുണ്ടെന്നും സി.ഐ അനില്‍കുമാര്‍, എസ്.ഐ എം.സാഹില്‍ എന്നിവര്‍ അറിയിച്ചു. കോട്ടയം സ്വദേശി റാണിയുടെ പരാതിയെ തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ പിടിയിലായതറിഞ്ഞ് ഇവരാല്‍ തെററിദ്ധരിക്കപ്പെട്ട് പദ്ധതിയിലേക്ക് ആളെ ചേര്‍ത്ത നിരവധി ഏജന്റുമാര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നുണ്ട്. തട്ടിപ്പുസംഘം പദ്ധതിയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാന്‍ ജനപ്രതിനിധികളെ വരെ ഇവര്‍ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുപ്പിച്ചിരുന്നു. പദ്ധതിയുടെ ഉദ്ദേശലക്ഷ്യത്തില്‍ സംശയം തോന്നിയ ജനപ്രതിനിധികളില്‍ ചിലര്‍ നല്‍കിയ സൂചനയും പ്രതികളെ പിടികൂടാന്‍ പോലീസിനെ സഹായിച്ചു. സോളാര്‍ തട്ടിപ്പുമാതൃകയില്‍ വലിയൊരു തട്ടിപ്പായി മാറിയേക്കാവുന്ന തരത്തിലാണ് വളരെ ആസൂത്രിതമായി ഈ സംഘം തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. പണം നഷ്ടപ്പെട്ട സ്ഥലങ്ങളിലെ സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ തട്ടിപ്പിന്റെ യഥാര്‍ത്ഥ വ്യാപ്തി അറിയാന്‍ കഴിയുമെന്ന നിഗമനത്തിലാണ് പോലീസ്.