Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തുകാരുടെ സിനിമാ തീയേറ്റര്‍ സ്വപ്‌നം യാഥാര്‍ത്ഥമാകുന്നു.
02/08/2019
കിളിയാട്ടുനടയില്‍ രണ്ടു സിനിമാതീയേറ്ററുകളുടെ സ്ഥല പരിശോധന കെ.എസ്.എഫ്.ഡി.സി അധികൃതര്‍ സി.കെ ആശ എം.എല്‍.എ യുടെയും നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്റെയും നേതൃത്വത്തില്‍ നടത്തുന്നു.

വൈക്കം: വൈക്കത്തുകാരുടെ സിനിമാ തീയേറ്റര്‍ സ്വപ്‌നം യാഥാര്‍ത്ഥമാകുന്നു. കേരള സ്റ്റേറ്റ് ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ 12 കോടി രൂപാ ചെലവില്‍ ആധുനിക സംവിധാനത്തോടെ തീയേററര്‍ നിര്‍മ്മിക്കുന്നതിന് നടപടികള്‍ പൂര്‍ത്തിയായി. ഒന്‍പതാം വാര്‍ഡില്‍ നഗരസഭയുടെ വക കിളിയാട്ടുനടയില്‍ 60 സെന്റ് സ്ഥലം പാട്ടവ്യവസ്ഥയില്‍ കെ.എസ്.എഫ്.സി.സി.ക്ക് കൈമാറാനും തീരുമാനമായി. സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ നിര്‍മ്മാണം ഉടനെ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണിന്റെ നിര്‍ദ്ദേശപ്രകാരം കെ.എസ്.എഫ്.ഡി.സി സൈറ്റ് എഞ്ചിനീയര്‍ എന്‍.അനില്‍കുമാറും, പി.ആര്‍.ഒ സുല്‍ഫിക്കറും വെള്ളിയാഴ്ച രാവിലെ ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ സ്ഥല പരിശോധന നടത്തി സ്വീകാര്യത ഉറപ്പാക്കി. ഫോര്‍ കെ പ്രൊജക്ടര്‍ സംവിധാനം, ത്രീഡി, ലെക്ഷ്വറി സീറ്റുകള്‍ എന്നീ സംവിധാനത്തോടെ 200 സീറ്റുകള്‍ വീതമുള്ള രണ്ട് സിനിമാ തീയേറ്റര്‍ ആണ് നിര്‍മ്മിക്കുന്നത്. കിളിയാട്ടുനടയില്‍ ഫയര്‍ സ്റ്റേഷന്റെ സമീപത്താണ് തീയേറ്റര്‍ നിര്‍മ്മിക്കുക. യാത്രാ സൗകര്യവും സ്ഥലത്തിന്റെ വിശാലതയും മുന്‍നിര്‍ത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. വൈക്കത്തെ കായലോര ബീച്ചില്‍ 40 സെന്റ് സ്ഥലത്ത് തീയേറ്റര്‍ നിര്‍മ്മിക്കാന്‍ നേരത്തെ നടപടികള്‍ സ്വീകരിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ തടസ്സമായി. സിനിമാ തീയേറ്റര്‍ ഇല്ലാത്ത കേരളത്തിലെ ഏക നഗരസഭയാണ് വൈക്കം. വൈക്കത്തുകാരുടെ ദീര്‍ഘകാലത്തെ ആഗ്രഹമാണ് സഫലമാകുന്നത്. സി.കെ ആശ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, കൗണ്‍സിലര്‍മാരായ എന്‍.അനില്‍ ബിശ്വാസ്, എസ്.ഹരിദാസന്‍ നായര്‍, ബിജു വി കണ്ണേഴത്ത്, രോഹിണിക്കുട്ടി അയ്യപ്പന്‍, നിര്‍മ്മലാ ഗോപി, അംബരീഷ് ജി വാസു, കെ.ആര്‍ സംഗീത, നഗരസഭാ സെക്രട്ടറി ഒ.വി മായ, എഞ്ചിനീയര്‍ ആര്‍.ഉഷ എന്നിവരും പങ്കെടുത്തു.