Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ട്രാഫിക്ക് സിഗ്‌നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തന ക്ഷമമാക്കുന്നതിന്റെ ഭാഗമായി വിവിധ ബസ് സ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിക്കും.
01/08/2019

വൈക്കം: തലയോലപ്പറമ്പ് പള്ളിക്കവലയില്‍ സ്ഥാപിച്ച ട്രാഫിക്ക് സിഗ്‌നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തന ക്ഷമമാക്കുന്നതിന്റെ ഭാഗമായി വിവിധ ബസ് സ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിക്കും. മൂന്നിനു മുന്‍പായി സ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിച്ച് അഞ്ചു മുതല്‍ ട്രാഫിക്ക് സിഗ്‌നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ നടത്താന്‍ സി.കെ ആശ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. എം.എല്‍.എയുടെ ആസ്തിവികസനഫണ്ടില്‍ നിന്നും 16 ലക്ഷം രൂപ മുടക്കിയാണ് ജങ്ഷനില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. നാലു പ്രധാന റോഡുകള്‍ സംഗമിക്കുന്ന പള്ളിക്കവലയില്‍ എറണാകുളം, തൊടുപുഴ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ എ.ജെ ജോണ്‍ പ്രതിമ സ്ഥിതി ചെയ്യുന്ന റോഡിന്റെ വളവില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റി ഇറക്കുന്നതുമൂലം കോട്ടയത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന കണ്ടെയ്‌നര്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ കടന്നു പോകാന്‍ സാധിക്കാതെ നടുറോഡില്‍ കിടക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഇത് വൈക്കം, കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും എറണാകുളത്തു നിന്നും തലയോലപ്പറമ്പിലേയ്ക്ക് വരുന്ന വാഹനങ്ങളും മിനിട്ടുകളോളം റോഡില്‍ കിടക്കേണ്ട സാഹചര്യമാണ് സൃഷ്ടിച്ചിരുന്നത്. തന്മൂലം രൂക്ഷമായ ഗതാഗത കുരുക്കാണ് ജങ്ഷനില്‍ പലപ്പോഴും ഉണ്ടാകുന്നത്. പെട്ടെന്ന് വളവു തിരിഞ്ഞു വരുന്ന വാഹങ്ങള്‍ തമ്മില്‍ ഇടിക്കുന്നതും, റോഡിന്റെ മധ്യത്തിലുള്ള സ്റ്റാച്യു റൗണ്ടിന്റെ കല്‍ക്കെട്ടില്‍ ഇടിച്ച് വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവായിരുന്നു. പള്ളിക്കവല ജങ്ഷനില്‍ സ്ഥിതി ചെയ്യുന്ന എറണാകുളം ഭാഗത്തെ ബസ് സ്‌റ്റോപ്പും ഗതാഗതകുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചെങ്കിലും ബസ് സ്റ്റോപ്പുകള്‍ മാറ്റാത്തത് വലിയ ഗതാഗതകുരുക്കിനു കാരണമായിരുന്നു. ഇതോടെ സിഗ്‌നലുകളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി വെച്ചിരുന്നു. തുടര്‍ന്നാണ് എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബസ് സ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് തീരുമാനമായത്. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍, പോലീസ് അധികൃതര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.