Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മണ്‍ചിറ പൂര്‍ണമായും നീക്കം ചെയ്യണമെന്ന്
26/07/2019

വൈക്കം: തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാം ഘട്ട നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍മിച്ച മണല്‍ തിട്ട പാലം പണി കഴിഞ്ഞു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പൂര്‍ണമായും നീക്കം ചെയ്യാത്തതില്‍ പ്രതിഷേധം വ്യാപകം. ഷട്ടറിനു അഭിമുഖമായി നില്‍ക്കുന്ന മണ്‍ചിറ നീക്കംചെയ്യാന്‍ കരാറുകാരുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നു തിട്ടയില്‍ നിന്നും മണല്‍ നീക്കി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സംഭരിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും നടന്നില്ല. മാസങ്ങള്‍ക്കു മുന്‍പ് ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 68 ലക്ഷം രൂപ അനുവദിച്ച് കരാറുകാരനെ ചുമതലപ്പെടുത്തിയെങ്കിലും ബണ്ടിന്റെ മുകള്‍ഭാഗത്തെ മണ്ണ് മാത്രമാണ് നീക്കം ചെയ്തിട്ടുള്ളത്. 4.5 മീറ്റര്‍ ആഴം ഉള്ള കായലിനു മണ്ണ് നീക്കം ചെയ്ത സ്ഥലത്ത് രണ്ടു മീറ്റര്‍ പോലും ആഴമെല്ലെന്നു മത്സ്യ തൊഴിലാളികള്‍ പറയുന്നു. കൂടാതെ മണല്‍ തിട്ട നിര്‍മിക്കുന്നതിനു സ്ഥാപിച്ച ഇരുമ്പു ഷീറ്റുകള്‍ ഉള്‍പ്പെടെ ഇപ്പോഴും നീക്കം ചെയ്തിട്ടില്ല. ഇതു കായലിലെ നീരൊഴുക്ക് തടഞ്ഞു. കൂടാതെ മത്സ്യതൊഴിലാളികളുടെ വള്ളവും ബോട്ടും വലയും ഈ ചിറയില്‍ ഇടിച്ച് നശിക്കുകയാണ്. ചിറയിലെ മണ്ണ് നീക്കം ചെയ്ത് ആഴം കൂട്ടാന്‍ നടപടി ഇല്ലാത്തതിനെ തുടര്‍ന്നു വേലിയേറ്റവും വേലിയിറക്കവും കാര്യമായി നടക്കുന്നില്ലെന്നും ഇതുകാരണം കായലിലെ മത്സ്യ സമ്പത്ത് കുറയുന്നതായും തൊഴിലാളികള്‍ ആരോപിക്കുന്നു. കായലിലെ നീരൊഴുക്ക് വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ് കോടികള്‍ മുടക്കി കായലിനു കുറുകെ പാലം നിര്‍മിച്ചത്. എട്ടു മീറ്റര്‍ വീതിയില്‍ 4.5 മീറ്റര്‍ താഴ്ചയുള്ള മണ്‍ചിറ പൂര്‍ണമായും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോട്ടയം, ആലപ്പുഴ ജില്ലാ കലക്ടര്‍മാര്‍ക്ക് നിവേദനം നല്‍കിയതായും, ഇതിനു അധികൃതര്‍ തയാറായില്ലെങ്കില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും കിസാന്‍ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.ഐ ജയകുമാര്‍ പറഞ്ഞു. വേമ്പനാട്ടു കായലില്‍ മണ്‍ ചിറ നിര്‍മിച്ച ഭാഗത്തെ ആഴം വര്‍ധിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കുന്നതിനും മത്സ്യ തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും അധികൃതര്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് മത്സ്യ തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) ജില്ലാ സെക്രട്ടറി ഡി.ബാബു പറഞ്ഞു.