Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരത്തെ ക്യാമറകളുടെ നിരീക്ഷണത്തിലാക്കണമെന്നുള്ള വൈക്കത്തുകാരുടെ ചിരകാല അഭിലാഷം പൂവണിയുന്നു.
24/07/2019
സി.കെ ആശ എം.എല്‍.എയുടെ സ്മാര്‍ട്ട് വൈക്കം പദ്ധതിയില്‍ വൈക്കം ദളവാക്കുളം ബസ് സ്റ്റാന്റില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറ.

വൈക്കം: നഗരത്തെ ക്യാമറകളുടെ നിരീക്ഷണത്തിലാക്കണമെന്നുള്ള വൈക്കത്തുകാരുടെ ചിരകാല അഭിലാഷം പൂവണിയുന്നു. നഗരത്തിന്റെ വിവിധഭാഗങ്ങളിലായി ക്യാമറകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. രണ്ടാഴ്ചക്കകം ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിക്കും. സി.കെ ആശ എം.എല്‍.എ നടപ്പിലാക്കുന്ന സ്മാര്‍ട്ട് വൈക്കം പദ്ധതിയില്‍ ഉള്‍പ്പെട്ട മൂന്നാമത്തെ പദ്ധതിയാണ് ഇത്. 38 ലക്ഷം രൂപ വിനിയോഗിച്ചാണ് നാലു റൊട്ടേറ്റിങ് ക്യാമറകള്‍ അടക്കം ആകെ 42 ക്യാമറകള്‍ സ്ഥാപിക്കുന്നത്. ക്യാമറകളെയെല്ലാം പോലീസ് സ്‌റ്റേഷനിലെ കണ്‍ട്രോള്‍ യൂണിറ്റുമായി ബന്ധിപ്പിക്കും. ഇതിനായി പോലീസ് സജ്ജമായിക്കഴിഞ്ഞു. കായലോര ബീച്ച്, ബോട്ട്‌ജെട്ടി, താലൂക്ക് ആശുപത്രി, പ്രൈവറ്റ് ബസ് സ്റ്റാന്റ്, കൊച്ചുകവല, വലിയകവല, ലിങ്ക് റോഡ്, ദളവാക്കുളം ബസ് സ്റ്റാന്റ്, വൈക്കം മഹാദേവക്ഷേത്രത്തിന്റെ നാലു ഗോപുരങ്ങള്‍, ചേരും ചുവട്, ടി.വി.പുരം റോഡ്, തോട്ടുവക്കത്തെ പാലങ്ങള്‍, കച്ചേരികവല എന്നിവിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ ബീച്ച്, പ്രൈവറ്റ് ബസ് സ്റ്റാന്റ്, കച്ചേരിക്കവല, ദളവാക്കുളം എന്നിവിടങ്ങളില്‍ റൊട്ടേറ്റിങ് ക്യാമറകളാണ്. 26 ക്യാമറകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ വൈദ്യുതി ഹൈമാസ്റ്റ് ലൈറ്റിനോട് കണക്ട് ചെയ്താണ് എടുത്തിരിക്കുന്നത്. ആറിടങ്ങളിലായി ബാക്കി വരുന്ന 16 ക്യാമറകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് നഗരസഭ കെ.എസ്.ഇ.ബിയില്‍ ഇന്നു അപേക്ഷ സമര്‍പ്പിക്കും. കണക്ഷന്‍ ലഭിച്ചാലുടന്‍ ക്യാമറകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകും. നഗരം ക്യാമറ നിരീക്ഷണത്തിലായാല്‍ വൈക്കത്തെ വിറപ്പിക്കുന്ന മയക്കുമരുന്ന്, ക്വട്ടേഷന്‍ സംഘങ്ങളെ ഒരു പരിധിവരെ വലക്കുള്ളിലാക്കാന്‍ സാധിക്കും. ബോട്ടുജെട്ടി, ബീച്ച്, സ്‌കൂള്‍ പരിസരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍ക്കുന്ന സംഘങ്ങളെ കുടുക്കാന്‍ ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമായാല്‍ കഴിയും. യാത്രക്കാരെ വിറപ്പിച്ച് അമിത വേഗതയില്‍ പായുന്ന ബൈക്കുകളെ നിയന്ത്രിക്കുന്നതിനും പോലീസിനൊരു സഹായ മാര്‍ഗമായിരിക്കും നിരീക്ഷണ ക്യാമറകള്‍.