Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആമയാടി തേവന്റെ 40 സെന്റ് ഭൂമി സ്വകാര്യവ്യക്തി കൃത്രിമരേഖകള്‍ ചമച്ച് കൈക്കലാക്കുകയായിരുന്നു എന്നാക്ഷേപം.
20/07/2019
തേവന്റെ സ്മൃതി മണ്ഡപത്തിന് സമീപം പുത്രന്‍ പ്രഭാകരന്‍

വൈക്കം: വൈക്കം സത്യാഗ്രഹസമരത്തിലെ ഉജ്ജ്വല പോരാളിയും സ്വാതന്ത്ര്യസമരഭടനുമായ അനശ്വരനായ ആമയാടി തേവന്റെ 40 സെന്റ് ഭൂമി സ്വകാര്യവ്യക്തി കൃത്രിമരേഖകള്‍ ചമച്ച് കൈക്കലാക്കുകയായിരുന്നു എന്നാക്ഷേപം. ഈ ഭൂമി 2005-ല്‍ റീസര്‍വ്വേ സൂപ്രണ്ടിന്റെ ഉത്തരവുപ്രകാരം സ്വകാര്യവ്യക്തിയുടെ പേരിലാക്കി. എന്നാല്‍ ആ ഘട്ടം മുതല്‍ തേവന്റെ മകന്‍ പ്രഭാകരന്‍ തങ്ങളുടെ ഭൂമി കൃത്രിമ രേഖ ചമച്ച് കൈക്കാലാക്കിയതായി കാണിച്ച് ബന്ധപ്പെട്ട അധികാരികളുടെ മുന്നില്‍ അപേക്ഷയുമായി ചെന്നെങ്കിലും ഒരു വാതിലും തുറന്നില്ല. ഒരു നാടിനും ആ നാട്ടിലെ ജനത്തിനും വേണ്ടി ജീവത്യാഗം ചെയ്ത ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ കുടുംബത്തിന്റെതാണ് ഈ അവസ്ഥ. പൂത്തോട്ടയ്ക്ക് സമീപം വേമ്പനാട്ട് കായലിലെ ആമചാടി തുരുത്തിലാണ് തേവന്റെ കുടുംബവീട്. സമരങ്ങളുടെ ഭാഗമായി ജയില്‍വാസം അനുഷ്ഠിച്ച് തിരിച്ചെത്തിയ തേവന് തന്റെ അതുവരെയുള്ള കിടപ്പാടം നഷ്ടമായിരുന്നു. ടി.കെ മാധവന്‍ ഇടപെട്ടാണ് തേവന് തുരുത്തില്‍ വീണ്ടും ഒരേക്കര്‍ ഭൂമി അനുവദിച്ചു നല്‍കിയത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തേവന് ചെറുതിലേ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. ആലപ്പുഴജില്ലയിലെ പെരുമ്പളം ദ്വീപിലെ കണ്ണേത്തുവീട്ടില്‍ അച്ചുകുട്ടിയമ്മയായിരുന്നു പിന്നീട് തേവനെ വളര്‍ത്തിയത്. തേവനിലെ പോരാട്ടവീര്യം കണ്ട് ടി.കെ മാധവന്‍ അദ്ദേഹത്തിന് ഒപ്പം കൂട്ടുകയായിരുന്നു. പൂത്തോട്ട ശിവക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് തേവനെയും കൂട്ടി അമ്പലത്തില്‍ പ്രവേശിച്ച ടി.കെ മാധവന്‍ സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെയുള്ള തേവന്റെ മനസ്സിലെ കനല്‍ കൂടുതല്‍ ജ്വലിപ്പിച്ചു. വൈക്കത്തെത്തിയ ഗാന്ധിജിക്ക് കെ.പി കേശവമേനോന്‍ തേവനെ പരിചയപ്പെടുത്തി. ഹരിജനങ്ങളെ മദ്യപാനത്തില്‍ നിന്നും പിന്തിരിപ്പിക്കുവാനും ആനാചാരങ്ങള്‍ക്കെതിരെ പോരാട്ടം നയിക്കാനും ഗാന്ധിജി തേവനെ ഉപദേശിച്ചു. ഒരിക്കല്‍ സത്യാഗ്രഹപ്പന്തലില്‍ നിന്ന് മടങ്ങുമ്പോള്‍ തേവന്റെയും സഹപ്രവര്‍ത്തകരുടെയും കണ്ണില്‍ സമരവിരോധികളായ ഇണ്ടംതുരുത്തില്‍ നമ്പ്യാതിരിയുടെ ഗുണ്ടകള്‍ ചുണ്ണാമ്പും കമ്മട്ടിപ്പാലും ചേര്‍ത്ത മിശ്രിതം കലക്കിയൊഴിച്ചതോടെ തേവന്റെ കാഴ്ച നഷ്ടപ്പെട്ടു. പിന്നീട് ഗാന്ധിജി ഇടപെട്ടാണ് വടക്കേ ഇന്ത്യയില്‍ നിന്ന് എത്തിച്ചു നല്‍കിയ മരുന്നുപയോഗിച്ച് ഭാഗികമായി തേവന് കാഴ്ചകിട്ടിയത്. കഴിഞ്ഞ പ്രളയകാലത്ത് തേവന്റെ കല്ലറയിലും വീട്ടിലും വെള്ളം കയറിയപ്പോള്‍ അധികാരികള്‍ക്ക് പരാതി കൊടുത്തെങ്കിലും അവരാരും തിരിഞ്ഞു കയറിയില്ല. ഇക്കാര്യത്തില്‍ പൊതുജനങ്ങളും സന്നദ്ധസംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും ഇടപെടണം എന്നതാണ് തേവന്റെ മകന്‍ പ്രഭാകരന്റെ ആവശ്യം. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ ഇക്കാര്യത്തിലുള്ള ഒരു പുനരന്വേഷണ ഉത്തരവുണ്ടെങ്കില്‍ ഈ വിഷയത്തില്‍ നടന്നിട്ടുള്ള കള്ളക്കളി വെളിച്ചത്തുവരുമെന്ന് പ്രഭാകരന്‍ വിശ്വസിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും പ്രഭാകരന്‍ പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേരളാമുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നും പ്രഭാകരന്‍ ആവശ്യപ്പെട്ടു. നീതിലഭിക്കാത്ത പക്ഷം വൈക്കം സത്യാഗ്രഹസ്മാരകത്തിനു മുന്നില്‍ മരണംവരെ നിരാഹാരം കിടക്കുമെന്ന് വൃദ്ധനായ പ്രഭാകരന്‍ പറഞ്ഞു.