Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിവരാത്ത വളവുകളില്‍ അപകടം തുടര്‍ക്കഥയാകുന്നു.
09/07/2019

വൈക്കം: നിവരാത്ത വളവുകളില്‍ അപകടം തുടര്‍ക്കഥയാകുന്നു. വാഹന ഗതാഗതത്തിനും യാത്രക്കാര്‍ക്കും ഒരുപോലെ തന്നെയാണ് വളവുകളുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍. കുറിച്ചി, നിര്‍പ്പാറ, തലപ്പാറ, വെട്ടിക്കാട്ട്മുക്ക്, വടയാര്‍, പൊട്ടന്‍ചിറ, വല്ലകം, പുളിംചുവട്, ചാലപ്പറമ്പ്, തോട്ടകം, ഉദയനാപുരം മേഖലകളിലെ വളവുകളാണ് നിരന്തരം ഗതാഗതത്തിന് ഭീഷണി ഉയര്‍ത്തുന്നത്. തോട്ടകം ഇലഞ്ഞിച്ചുവട് ഭാഗത്തെ കൊടുംവളവ് നിരവധി അപകടങ്ങള്‍ക്കാണ് കാരണമാകുന്നത്. കഴിഞ്ഞ ദിവസം വല്ലകം കുരിശുപള്ളിക്ക് സമീപമുള്ള വളവില്‍ വീടിന്റെ മതിലേക്ക് ടിപ്പര്‍ ലോറി ഇടിച്ചുകയറിയിരുന്നു. കൊടുംവളവുകളില്‍ അപകടങ്ങള്‍ ഒഴിവാക്കുവാന്‍ പൊതുമരാമത്ത് വകുപ്പ് സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചെങ്കിലും കാലപ്പഴക്കത്താല്‍ എല്ലാം നിലംപൊത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടിപ്പര്‍ ഇടിച്ച് ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 15 പേരുടെയെങ്കിലും ജീവന്‍ അപകടത്തില്‍ പൊലിഞ്ഞിട്ടുണ്ട്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊതുമരാമത്ത് വകുപ്പ് എത്തി തട്ടിപ്പു പണികള്‍ നടത്തി മടങ്ങുന്നു. വളവ് നിവര്‍ത്തുകയോ അല്ലെങ്കില്‍ ഇവിടെ അപകട സൂചന കാണിച്ചുകൊണ്ട് ബോര്‍ഡ് സ്ഥാപിക്കാനെങ്കിലും അധികാരികള്‍ തയ്യാറാകണം. വല്ലകം സബ്‌സേ്റ്റഷനുമുന്നിലെ വളവും ഗതാഗതത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ചാലപ്പറമ്പ് വളവില്‍ തലയോലപ്പറമ്പ് റോഡ് ആധുനികവല്‍കരിച്ചതിനെ തുടര്‍ന്ന് റോഡിന്റെ സമീപത്തെ മതില്‍ പത്തുതവണ വാഹനമിടിച്ചു തകര്‍ന്നിരുന്നു. ഇതിനുശേഷം അപകടങ്ങള്‍ കുറക്കുവാന്‍ ഇവിടെയും സിഗ്‌നല്‍ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുകൊണ്ട് ഒരുതരത്തിലുമുള്ള പ്രയോജനവും ഉണ്ടാകുന്നില്ല. കൊടുംവളവില്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ പോലും അമിതവേഗതയില്‍ പാഞ്ഞെത്തുന്ന വാഹനങ്ങള്‍ക്ക് കഴിയാറില്ല. വൈക്കം-വെച്ചൂര്‍ റോഡിന്റെ പരിതാപകരമായ അവസ്ഥയും കൊടും വളവുകളും വലിയ കുഴപ്പങ്ങളാണ് ഉണ്ടാക്കുന്നത്. വലിയാനപ്പുഴ പാലം മുതല്‍ വെച്ചൂര്‍ വരെ വീതി കുറഞ്ഞ റോഡിലെ വളവുകള്‍ നിരന്തരം അപകട മേഖലയാണ്. ഈ റോഡില്‍ ഉണ്ടായ അപകടങ്ങളില്‍പെട്ട് നിരവധി പേരാണ് മരണപ്പെട്ടിട്ടുള്ളത്. ചേര്‍ത്തല, ആലപ്പുഴ, വെച്ചൂര്‍ ഭാഗങ്ങളിലേക്കും വിനോദ സഞ്ചാരകേന്ദ്രമായ കുമരകത്തേക്കും ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. വളവിന്റെ വലിപ്പം അറിയാതെ മത്സരപ്പാച്ചിലിനിടയില്‍ ഓവര്‍ടേക്ക് ചെയ്യുന്നത് ഇരുചക്രവാഹന-കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയുണ്ടാക്കുന്നുണ്ട്. റോഡിലെ വളവിനു ഇരുവശങ്ങളിലും പടര്‍ന്നു പന്തലിച്ചു റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരച്ചില്ലകളും മറ്റും യഥാസമയം വെട്ടിമാറ്റാന്‍ അധികാരികള്‍ തയ്യാറാകാത്തതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. വീതി കുറഞ്ഞ വൈക്കം-വെച്ചൂര്‍ റോഡ് അന്തരാഷ്ട്ര നിലവാരത്തില്‍ പുനര്‍നിര്‍മിക്കുമെന്ന പ്രഖ്യാപനം വന്നിട്ട് നാളേറെയായെങ്കിലും നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. തലപ്പാറ മുതല്‍ നീര്‍പ്പാറ വരെയുള്ള റോഡില്‍ കാല്‍നട യാത്ര ഇന്ന് സാഹസികമായ അവസ്ഥയിലാണ്. വരിക്കാംകുന്ന് കവലയ്ക്ക് പടിഞ്ഞാറുവശത്തും വടകര ഉദയാപറമ്പത്ത് ക്ഷേത്രത്തിന്റെ തെക്കുവശത്തുമുള്ള റോഡിന്റെ ഇരുവശങ്ങളിലെയും വലിയ കുഴികളില്‍ സംരക്ഷണഭിത്തി അനിവാര്യമാണ്. ഇവിടെ ദിവസേന രണ്ട് അപകടങ്ങളെങ്കിലും ഉണ്ടാകുന്നു. മാസങ്ങള്‍ക്ക് മുന്‍പ് വലിയ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്നുണ്ടായ ദുരവസ്ഥ ഇതുവരെയും പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. അതുപോലെ വെട്ടിക്കാട്ട്മുക്ക് പാലത്തില്‍ ഫുട്പാത്തും അനിവാര്യമാണ്. ഇതുപോലുള്ള നേര്‍കാഴ്ചകള്‍ പരിഹരിക്കേണ്ട അധികാരികള്‍ ഉത്തരവാദിത്തങ്ങള്‍ മറക്കുന്നു. ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട രാഷ്ട്രീയ പാര്‍ട്ടികള്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരത്തി കാലങ്ങളായി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തകനായ കെ.വി തങ്കമണി കഴിഞ്ഞ ദിവസം പൊതുമരാമത്ത് എക്‌സി. എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കിയിരുന്നു.