Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോട്ടയം -വൈക്കം (കെ.വി) കനാല്‍ പുനരുജ്ജീവിപ്പിക്കുന്നതിന് വിപുലമായ പദ്ധതിയ്ക്ക് രൂപം നല്‍കിയതായി സി.കെ.ആശ എം.എല്‍.എ.
01/07/2019

വൈക്കം: അപ്പര്‍കുട്ടനാടന്‍ പാടശേഖരങ്ങളുടെ ജീവനാഡിയായ കോട്ടയം -വൈക്കം (കെ.വി) കനാല്‍ പുനരുജ്ജീവിപ്പിക്കുന്നതിന് വിപുലമായ പദ്ധതിയ്ക്ക് രൂപം നല്‍കിയതായി സി.കെ.ആശ എം.എല്‍.എ. നിലവില്‍ എക്കലടിഞ്ഞും പാഴ്മരങ്ങള്‍ വീണും കയ്യേറ്റം മൂലവും നീരൊഴുക്ക് നിലച്ച് നിര്‍ജീവാവസ്ഥയിലാണ് കെ.വി കനാല്‍. അപ്പര്‍ കുട്ടനാട്ടിലെ ഇരിപ്പൂകൃഷിക്ക് ശുദ്ധജലക്ഷാമമാണ് തടസമായി നില്‍ക്കുന്നത്. ഇതിനുള്ള ഏക പരിഹാരമാണ് കെ.വി കനാലിന്റെ പുനരുജ്ജീവനം. കെ.വി കനാല്‍ പുനരുജ്ജീവിപ്പിക്കുന്നതോടുകൂടി ഒരുപ്പൂ കൃഷി ചെയ്യുന്ന അപ്പര്‍ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ഇരിപ്പു കൃഷിയിറക്കാന്‍ സാധിക്കും. സര്‍ക്കാരിന്റെ ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ട് തരിശുരഹിത പഞ്ചായത്തുകളെന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിന് ഇതിലൂടെ സാധ്യമാകും. ടൂറിസം വികസനത്തിന് ഏറെ സാധ്യതകളുള്ള ഒരു പദ്ധതി കൂടിയാണിത്. തലയാഴം ഗ്രാമപഞ്ചായത്തില്‍ ആഗ്രോ സര്‍വീസ് സെന്റര്‍ ഉദ്ഘാടനത്തിന് കൃഷി വകുപ്പ് മന്ത്രി വൈക്കത്ത് എത്തിയപ്പോള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ തലയാഴം ഗ്രാമപഞ്ചായത്ത് കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി രൂപീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് തലയാഴം പഞ്ചായത്ത് ഹാളില്‍ വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ സര്‍വേ നടപടികളാണ് പൂര്‍ത്തിയാകേണ്ടത്. ഇതിനായി എം.എല്‍.എ ചെയര്‍മാനും ജില്ലാ കൃഷി ഓഫീസര്‍ കണ്‍വീനറും കൃഷി അസി. എഞ്ചിനീയര്‍ ജോ. കണ്‍വീനറായും വിവിധ വകുപ്പ് മേധാവികളും, പഞ്ചായത്ത് പ്രസിഡന്റുമാരും മറ്റു ജനപ്രതിനിധികളും അംഗങ്ങളായുമുള്ള കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിക്ക് രൂപം നല്‍കി. തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഉഷാകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സി.കെ ആശ.എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗങ്ങളായ പി.സുഗതന്‍, കെ.കെ രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സൗമ്യ അനൂപ്, പി.ശകുന്തള, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുധര്‍മന്‍, മായാ ഷാജി, ഉത്തമന്‍, ജി.രജിമോന്‍, സുശീലകുമാരി എന്നിവര്‍ പങ്കെടുത്തു.