Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മേവെള്ളൂര്‍ പാടശേഖരത്തില്‍ നീരൊഴുക്ക് തടസപ്പെടുത്തി നിര്‍മാണ പ്രവര്‍ത്തനം-കര്‍ഷകര്‍ ആശങ്കയില്‍
26/06/2019
മേവെള്ളൂര്‍ പാടശേഖരത്തിലേക്കുള്ള നീരൊഴുക്ക് തടസപ്പെടുത്തി നടക്കുന്ന ഇറിഗേഷന്‍ വകുപ്പിന്റെ നിര്‍മാണജോലികള്‍.

വൈക്കം: മേവെള്ളൂര്‍ പാടശേഖരത്തില്‍ നീരൊഴുക്ക് തടസപ്പെടുത്തി നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതില്‍ പ്രതിഷേധം ശക്തമായിട്ടും ഇറിഗേഷന്‍ വകുപ്പ് കാണിക്കുന്ന കെടുകാര്യസ്ഥതക്കെതിരെ കര്‍ഷകര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ആദ്യഘട്ടത്തില്‍ ഇറിഗേഷന്‍ വകുപ്പ് ഓഫീസ് ഉപരോധിക്കാനാണ് നീക്കം. അന്‍പതിലധികം കര്‍ഷകരാണ് കഴിഞ്ഞ ദിവസം കൂടിയ ആലോചനായോഗത്തില്‍ പങ്കെടുത്തത്. വെള്ളൂര്‍ പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല് വാര്‍ഡുകളില്‍ ഉള്‍പ്പെട്ട 150 ഏക്കറോളം വരുന്ന പാടശേഖരത്തിലെ വിളവെടുപ്പ് പ്രായമായ നെല്‍കൃഷി ഒരു പരിധിവരെ കൊയ്‌തെടുത്തിരുന്നു. പലരും ഇപ്പോള്‍ നെല്ല് ഉണക്കുന്ന പണിയിലാണ്. വെള്ളം കയറി വരുന്നതുകണ്ട് പലരും നെല്ല് കൊയ്‌തെടുത്തു. വിളവെടുപ്പെല്ലാം നൂറുമേനിയായിരുന്നു. ഇറിഗേഷന്‍ വകുപ്പ് കൂടി ഉണര്‍ന്നിരുന്നെങ്കില്‍ കര്‍ഷകരുടെ ലാഭം നഷ്ടമാകില്ലായിരുന്നു. കാലവര്‍ഷക്കാലത്ത് പാടശേഖരങ്ങളില്‍ വെള്ളമൊഴുകി പോകാന്‍ മാര്‍ഗമില്ലാത്ത അവസ്ഥയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇതിനുമുന്‍പേ ആരംഭിക്കേണ്ട പണികളാണ് വൈകി തുടങ്ങിയത്. ഇതുതന്നെയാണ് കര്‍ഷകര്‍ക്ക് തിരിച്ചടി ഉണ്ടാക്കിയതും. പ്രളയസമയത്തു തകര്‍ന്ന തോട് പുനര്‍നിര്‍മിക്കാന്‍ അധികാരികള്‍ വരുത്തിയ കാലതാമസം തന്നെയാണ് പ്രശ്‌നത്തെ സങ്കീര്‍ണമാക്കുന്നത്. പ്രളയത്തിനുശേഷം തോട് കര്‍ഷകരും നാട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും പഞ്ചായത്തുമെല്ലാം ചേര്‍ന്ന് ഒരുവിധം നേരെയാക്കിയിരുന്നു. വെള്ളം കെട്ടിനിന്നാല്‍ പാടത്തു കൊയ്ത്തു യന്ത്രം ഇറക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന് കര്‍ഷകര്‍ മുന്‍പേ പറഞ്ഞിരുന്നു. മുന്‍കാലങ്ങളില്‍ ഇത്തരം അനുഭവങ്ങള്‍ പതിവായതോടെ കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇവിടെ പഞ്ചായത്ത് കരുതലോടെ രംഗത്തു വന്നതിനെ തുടര്‍ന്നാണ് പലരും കൃഷിയിറക്കിയത്. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇറിഗേഷന്‍ വകുപ്പ് തോടിന്റെ ഒരുവശം കരിങ്കല്‍ ഭിത്തി കെട്ടാന്‍ വശങ്ങളിലെ മണ്ണ് തോട്ടിലേക്ക് ഇടിച്ചിട്ടതോടെ തോട് വീണ്ടും നീരൊഴുക്ക് തടസപ്പെട്ട നിലയിലായി. മണ്ണു നീക്കം ചെയ്തു തോടിന്റെ ആഴം വര്‍ധിപ്പിച്ചില്ലങ്കില്‍ കര്‍ഷകര്‍ക്ക് വരുംകാലങ്ങളിലും കാത്തിരിക്കുന്നത് ദുരിതങ്ങള്‍ തന്നെയായിരിക്കും.