Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളൂര്‍ എച്ച്.എന്‍.എല്‍-റെയില്‍വേ സ്റ്റേഷന്‍ റോഡ് സഞ്ചാരയോഗ്യമാക്കി
26/06/2019
വെള്ളൂര്‍ എച്ച്.എന്‍.എല്‍-റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വെള്ളൂര്‍ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അറ്റകുറ്റപണി നടത്തുന്നു.

വൈക്കം: കാല്‍നട യാത്രപോലും സാധ്യമല്ലാത്തവിധം തകര്‍ന്ന റോഡിനു രക്ഷയൊരുക്കി നാട്ടുകാരുടെയും ക്ലബ്ബ് പ്രവര്‍ത്തകരുടെയും കൂട്ടായ്മ. ഉപയോഗശൂന്യമായി കിടക്കുന്ന വെള്ളൂര്‍ എച്ച്.എന്‍.എല്‍-റെയില്‍വേ സ്റ്റേഷന്‍ റോഡിലാണ് നാട്ടുകാരുടെ അവസരോചിത ഇടപെടല്‍. ഒരു കിലോമീറ്റര്‍ ദൂരമുള്ള റോഡില്‍ ഒരു ലക്ഷത്തിലധികം രൂപയുടെ മുതല്‍മുടക്കിലാണ് അറ്റകുറ്റ പണികള്‍ നടന്നത്. മടമക്കും ടാര്‍ മിക്‌സിങ് യൂണിറ്റിലെ അവശിഷ്ടങ്ങളുമെല്ലാം ഉപയോഗിച്ചാണ് വെള്ളൂര്‍ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പണികള്‍ നടന്നത്. നൂറുകണക്കിന് ആളുകളാണ് നാടിനു നേര്‍വഴിയൊരുക്കുന്ന ഈ സന്നദ്ധ പ്രവൃത്തിയില്‍ പങ്കാളിത്തം വഹിച്ചത്. എച്ച്.എന്‍.എല്ലിന്റെ അധികാരപരിധിയില്‍ വരുന്ന റോഡ് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണ്. കമ്പനി പ്രതിസന്ധിയിലായതോടെ അറ്റകുറ്റപണികളെല്ലാം നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതോടെ നാട്ടുകാരുടെ അവസ്ഥ ദയനീയമായി. നൂറുകണക്കിന് ആളുകളാണ് ദിവസേന റോഡിലൂടെ കടന്നുപോകുന്നത്. പെരുവ, മൂര്‍ക്കാട്ടുപ്പടി, ഇറുമ്പയം, പൊതി ഭാഗങ്ങളിലുള്ളവര്‍ പിറവം റോഡ് റെയില്‍വേ സ്റ്റേഷനിലേക്ക് എത്താന്‍ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. കമ്പനിയുടെ വരുമാനത്തിന്റെ ഒരു വിഹിതം പറ്റുന്ന വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് റോഡിന്റെ ശോച്യാവസ്ഥയില്‍ തികഞ്ഞ നിഷ്‌ക്രിയത്വമാണ് പുലര്‍ത്തുന്നത്. സ്വകാര്യവല്‍ക്കരണ ഭീഷണിയും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന എച്ച്.എന്‍.എല്ലിനെ സംബന്ധിച്ച് റോഡിലെ അറ്റകുറ്റപണികള്‍ നടത്തുക എന്നത് സാധ്യമല്ലാത്ത കാര്യമാണ്. ഇവിടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട പഞ്ചായത്ത് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നു. രാത്രികാലങ്ങളില്‍ ഇരുചക്ര വാഹനങ്ങളില്‍ എത്തുന്നവരെല്ലാം റോഡിലെ ഭീമന്‍ കുഴികളില്‍ വീണ് അപകടത്തില്‍പെടുന്നത് പതിവാണ്. മഴക്കാലമായതോടെ അപകടങ്ങള്‍ പെരുകുകയാണ്.