Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ട്രോളിങ് നിരോധിച്ചതോടെ നാട്ടിന്‍പുറങ്ങളിലെ വലവീശുകാര്‍ക്ക് ചാകര കാലം
19/06/2019
കെ.വി കനാലില്‍ വലവീശലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍.

വൈക്കം: ട്രോളിങ് നിരോധിച്ചതോടെ നാട്ടിന്‍പുറങ്ങളിലെ വലവീശുകാര്‍ക്ക് ചാകര കാലമാണ്. നാട്ടുതോടുകളില്‍ പുളിരസം കലര്‍ന്നതോടെ കരിമീന്‍ ഉള്‍പ്പെടെയുള്ള മത്സ്യങ്ങള്‍ കൂട്ടത്തോടെ ജീവശ്വാസത്തിനുവേണ്ടി പരക്കംപായുന്നു. ഈ സമയം വലവീശാന്‍ എത്തുന്നവര്‍ക്ക് ചാകരയാണ് കെ.വി കനാല്‍ സമ്മാനിക്കുന്നത്. രണ്ടുമൂന്നു ദിവസങ്ങളായി വലിയാനപ്പുഴ പാലത്തിനുസമീപം വല വീശുന്നവര്‍ക്ക് ഒരു ദിവസം ലഭിക്കുന്നത് പതിനായിരത്തിനുമേലെ വരുമാനമാണ്. വീശുന്നവരുടെ വലയില്‍ ഒരു ദിവസം കുടുങ്ങുന്നത് നൂറിലധികം കരിമീനുകളാണ്. കിലോയ്ക്ക് 300 മുതല്‍ 350 രൂപ വരെയാണ് വില. സാധാരണക്കാരുടെ മത്സ്യമായ ചാള ഇപ്പോള്‍ കിട്ടാനില്ലാത്ത സാഹചര്യമാണ്. കിട്ടിയാല്‍ തന്നെ വില കിലോയ്ക്ക് 250 കടക്കും. ഇതോടെ പലരും നാട്ടുതോടുകളിലെ മത്സ്യങ്ങളോടാണ് താല്‍പര്യം പുലര്‍ത്തുന്നത്. കരിമീനും ചെമ്മീനും നാടന്‍ മത്സ്യങ്ങളായ വരാല്‍, കാരി, വഴക്കൂരി, പള്ളത്തി, പരല്‍ എന്നിവയെല്ലാം മിതമായ നിരക്കില്‍ ഇവരില്‍നിന്ന് ലഭിക്കുന്നു. ചേരുംചുവട് പാലം മുതല്‍ വലിയാനപ്പുഴ വരെ തോടിന്റെ ഇരുവശങ്ങളിലും വലിയ ജനക്കൂട്ടമാണ് വല വീശുന്നത് കാണാനും കിട്ടുന്ന മത്സ്യങ്ങള്‍ വാങ്ങാനുമെല്ലാം എത്തുന്നത്. വീശുന്നവര്‍ വലിയ കൊള്ള ഈടാക്കാതെ എത്തുന്നവര്‍ക്കെല്ലാം മിതമായ നിരക്കില്‍ തന്നെ മത്സ്യങ്ങള്‍ നല്‍കുന്നു. മഴ ശക്തമായാല്‍ ഇനിയും മത്സ്യങ്ങള്‍ വര്‍ധിക്കുമെന്നു തന്നെയാണ് വല വീശുകാര്‍ പറയുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഴ ശമിച്ചിരിക്കുകയാണ്. എന്നാല്‍ തോട്ടുവക്കം മുതല്‍ കായല്‍ വരെയുള്ള കെ.വി കനാലിന്റെ ഭാഗങ്ങളില്‍ മത്സ്യസമ്പത്ത് കുറഞ്ഞിരിക്കുകയാണ്. കനാല്‍ മലിനപ്പെട്ടതും പ്ലാസ്റ്റിക് കുപ്പി ഉള്‍പ്പെടെയുള്ളവ കെട്ടികിടക്കുന്നതും ആണ് ഇതിനുകാരണം. കര്‍ഷകരക്ഷയ്ക്ക് തോട്ടുവക്കത്ത് സ്ഥാപിച്ച മുട്ട് പൊളിച്ചെങ്കിലും നീരൊഴുക്ക് പൂര്‍വസ്ഥിതിയിലെത്തിയിട്ടില്ല. പുല്ലും പായലുമെല്ലാം കനാലില്‍ കെട്ടികിടക്കുകയാണ്. മുട്ട് പൂര്‍ണമായി പൊളിച്ചുനീക്കാത്തതാണ് ഇതിനു കാരണമെന്ന് സമീപവാസികള്‍ പറയുന്നു. അടിയന്തിരമായി മുട്ടിന്റെ ബാക്കി ഭാഗംകൂടി പൂര്‍ണമായി നീക്കം ചെയ്യണം. അല്ലാത്തപക്ഷം കൊതുക് ഉള്‍പ്പെടെ തോട്ടില്‍ കൂടൊരുക്കും. ഇത് പലതരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ വഴിയൊരുക്കും.