Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.വി കനാല്‍ ബഹുജന പങ്കാളിത്തത്തോടെ ശുചീകരിക്കാനുള്ള നഗരസഭയുടെ ആഹ്വാനത്തിന് ഒട്ടേറെ സംഘടനകളുടെ പിന്തുണ
18/06/2019

വൈക്കം: മാലിന്യങ്ങള്‍ നിറഞ്ഞും മരങ്ങള്‍ കടപുഴകി വീണും നീരൊഴുക്ക് നിലച്ച കെ.വി കനാല്‍ ബഹുജന പങ്കാളിത്തത്തോടെ ശുചീകരിക്കാനുള്ള നഗരസഭയുടെ ആഹ്വാനത്തിന് ഒട്ടേറെ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചു. വൈക്കം നഗരസഭാ കൗണ്‍സില്‍ മുന്‍കൈയെടുത്ത് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സംഘടന നേതാക്കള്‍ പിന്തുണ അറിയിച്ചത്. നീരൊഴിക്കിന് തടസ്സമായി കനാലിലേക്ക് മറിഞ്ഞു കിടക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാനായി ഇന്നു രാവിലെ 11ന് വനം വകുപ്പ് അധികൃതര്‍ പങ്കെടുക്കുന്ന ട്രീ കമ്മിറ്റി ചേര്‍ന്ന് അനുമതി നല്‍കും. കനാല്‍ ശുചീകരിക്കാനും മരങ്ങള്‍ മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ടും ജില്ലാ കളക്ടര്‍ സുധീര്‍ ബാബുവിന് നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്റെ നേതൃത്വത്തില്‍ നിവേദനവും ഇന്നു നല്‍കും. ഓരുവെള്ളം കേറാതിരിക്കാനായി തോട്ടില്‍ സ്ഥാപിച്ച ഓരുമുട്ട് പൂര്‍ണ്ണമായും പൊളിച്ചു മാറ്റാന്‍ ഇറിഗേഷന്‍ വകുപ്പ് അധികൃതരോട് യോഗം ആവശ്യപ്പെട്ടു. വല്യാനപ്പുഴ മുതല്‍ വേമ്പനാട്ട് കായല്‍ വരെ വരുന്ന ഒരു കിലോമീറ്ററോളം നീളത്തിലാണ് കെ.വി കനാല്‍ ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കുന്നത്. ഇതിനായി കനാല്‍ കടന്നു പോകുന്ന തോട്ടുവക്കത്ത് വിപുലമായ യോഗം വിളിച്ചു ചേര്‍ക്കും. പോലീസ് പിടിച്ചെടുത്ത വള്ളങ്ങള്‍ കനാലിന്റെ പടിഞ്ഞാറ് ഭാഗത്ത് മുക്കിയിട്ടിരിക്കുന്നത് നീക്കം ചെയ്യാന്‍ പോലീസ് അധികൃതരോടും ആവശ്യപ്പെടും. തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി കനാലിന്റെ ഇരു കരകളിലും വൈക്കം നഗരസഭയുടെ നേതൃത്വത്തില്‍ സൗന്ദര്യവല്‍ക്കരണം നടത്തും. തോടിന്റെ സംരക്ഷണത്തിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനും യോഗത്തില്‍ തീരുമാനമായി. വൈക്കം സത്യാഗ്രഹ സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ പി.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.കെ രഞ്ജിത്ത്, വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, അഡ്വ. വി.വി സത്യന്‍, എം.സുജിന്‍, അഡ്വ. കെ.പ്രസന്നന്‍, ഇടത്തില്‍ ജോസഫ്, കെ.കുഞ്ഞപ്പന്‍, കെ.കെ ചന്ദ്രബാബു, മേജര്‍ ഇറിഗേഷന്‍ അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അജിമോന്‍, മൈനര്‍ ഇറിഗേഷന്‍ അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രീതി, തഹസില്‍ദാര്‍ കെ.എം നാസര്‍, സി.പി ലെനിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എല്‍.സലിം, സൗമ്യ ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൗണ്‍സിലര്‍ എന്‍.അനില്‍ ബിശ്വാസ് സ്വാഗതവും, കൗണ്‍സിലര്‍ അഡ്വ. അംബരീഷ് ജി വാസു നന്ദിയും പറഞ്ഞു. സി.കെ ആശ എം.എല്‍.എ ചെയര്‍പേഴ്‌സണായും, നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ കണ്‍വീനറുമായി വിപുലമായ ജനകീയ കമ്മിറ്റിയും രൂപീകരിച്ചു.