Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒരു കാലത്തിന്റെ ഓര്‍മകള്‍ നിലനില്‍ക്കുന്ന വൈക്കം കോടതി ഇനി വരുംതലമുറക്ക് ഓര്‍മ മാത്രം.
26/02/2016

ഒരു കാലത്തിന്റെ ഓര്‍മകള്‍ നിലനില്‍ക്കുന്ന വൈക്കം കോടതി ഇനി വരുംതലമുറക്ക് ഓര്‍മ മാത്രം. പുതിയ കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം നാളെ നടക്കും. രാജഭരണകാലത്ത് സ്ഥാപിക്കപ്പെട്ട നാല് കോടതികളില്‍ ഒന്നാണ് വൈക്കം. ഏററുമാനൂര്‍, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലെ കേസുകളെല്ലാം വാദിച്ചിരുന്നത് ഇവിടെയായിരുന്നു. രാജാവിനെയും മന്ത്രിയെയും കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ച് അവകാശങ്ങള്‍ നേടിയെടുക്കാന്‍ കാലതാമസം വന്നിരുന്നകാലത്താണ് കോടതികള്‍ സ്ഥാപിക്കാന്‍ വടക്കുംകൂര്‍ രാജവംശം മുന്നോട്ടുവന്നത്. ടി.വി പുരം റോഡില്‍ പഴമയുടെ പ്രൗഢിയോടുകൂടിയാണ് കോടതി സ്ഥാപിക്കുന്നത്. നീതിന്യായരംഗത്ത് 197 വര്‍ഷത്തിന്റെ ചരിത്രമുണ്ട് വൈക്കം കോടതിക്ക്. 1956 മുതല്‍ 1960 വരെ ഒരു സബ്‌കോടതിയും പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയും രണ്ട് അഡീഷണല്‍ മുന്‍സിഫ് കോടതികളും രണ്ട് മജിസ്‌ട്രേട്ട് കോടതികളും വൈക്കത്ത് പ്രവര്‍ത്തിച്ചിരുന്നു. കോടതിക്ക് കേരളം അറിയപ്പെടുന്ന നിരവധി അഭിഭാഷകരെയും ഇവിടെ നിന്ന് സംഭാവന ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. എ.ജെ ജോണ്‍, ബി.മാധവന്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.ജി ബാലകൃഷ്ണന്‍ ഇവരെല്ലാം ഇതില്‍പ്പെടുന്നവരാണ്. ഓര്‍മകള്‍ നിലനില്‍ക്കുന്ന പഴയ കോടതി കെട്ടിടം ഇനി ഓര്‍മയാകുമ്പോഴും പകരം വരുന്ന ബഹുനില കോടതി സമുച്ചയം വൈക്കത്തിന് ഏറെ അഭിമാന നിമിഷമായിരിക്കും സമ്മാനിക്കുക. നാളെ രാവിലെ പത്തിന് ഗതാഗത, സ്‌പോര്‍ട്ട്‌സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ അധ്യക്ഷത വഹിക്കുന്ന കേരള ഹൈക്കോടതി ജസ്റ്റിസ് സി.കെ അബ്ദുല്‍ റഹിം ശിലാസ്ഥാപനം നിര്‍വഹിക്കും. സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ, കെ.അജിത്ത് എം.എല്‍.എ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ജോസ് കെ.മാണി എം.പി, ജില്ലാ സെഷന്‍സ് ജഡ്ജ് എസ്.ശാന്തകുമാരി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ രഞ്ജിത്ത്, വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.സന്തോഷ്, വൈക്കം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പി.വി പ്രകാശന്‍, സെക്രട്ടറി അഡ്വ. സാജു വാതപ്പള്ളില്‍ എന്നിവര്‍ പ്രസംഗിക്കും.