Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ക്ഷേത്ര കലാ പീഠത്തിലെ മൂന്നു അധ്യാപകരെയും തകില്‍, നാദസ്വരം ഒന്നാം വര്‍ഷ ബാച്ചും ആറ്റിങ്ങലിലേക്കു മാറ്റി.
12/06/2019

വൈക്കം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈക്കം ക്ഷേത്ര കലാ പീഠത്തിലെ മൂന്നു അധ്യാപകരെയും തകില്‍, നാദസ്വരം ഒന്നാം വര്‍ഷ ബാച്ചും ആറ്റിങ്ങലിലേക്കു മാറ്റി. ഒന്നാം വര്‍ഷ പഞ്ചവാദ്യം കോഴ്‌സ് വൈക്കത്തു നിലനിര്‍ത്തും. 13നു ആറ്റിങ്ങലില്‍ ക്ലാസുകള്‍ തുടങ്ങും. ആറ്റിങ്ങല്‍ വലിയകോയിക്കല്‍ കൊട്ടാരത്തില്‍ ആണ് പുതിയ ബാച്ച് തുടങ്ങുന്നത്. മുന്‍പ് ആറ്റിങ്ങലില്‍ ഉണ്ടായിരുന്ന കലാപീഠം 2015 ല്‍ നിര്‍ത്തലാക്കിയിരുന്നു. ഈ വര്‍ഷത്തെ തകില്‍, നാഗസ്വരം ക്ലാസുകളിലെ പ്രവേശനത്തിന് വൈക്കത്ത് ഇന്റര്‍വ്യൂ നടത്തി ആറ്റിങ്ങല്‍ കലാ പീഠത്തിലേക്കു മാറ്റാന്‍ ആദ്യം ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു. വിവിധ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ക്ലാസുകള്‍ ഇവിടെ നിലനിര്‍ത്തുമെന്നു ദേവസ്വം അധികൃതര്‍ സി.കെ.ആശ എംഎല്‍എ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഒന്നാം വര്‍ഷ തകില്‍, നാഗസ്വരം ക്ലാസുകള്‍ ആറ്റിങ്ങലില്‍ തന്നെ തുടങ്ങാന്‍ ദേവസ്വം അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. തകില്‍, നാഗസ്വരം കോഴ്‌സുകളിലേക്ക് തിരഞ്ഞെടുത്ത കുട്ടികളോട് ആറ്റിങ്ങലില്‍ എത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. മാത്രവുമല്ല മൂന്ന് അധ്യാപകരെയും ആറ്റിങ്ങലിലേക്ക് മാറ്റാനുള്ള തീരുമാനവുമായി. നാദസ്വരം, തകില്‍ ,സംഗീതം എന്നീ വിഭാഗങ്ങളിലെ ഓരോ അധ്യാപകര്‍ക്ക് ആണ് മാറ്റം. നിലവില്‍ നാഗസ്വരത്തിനു രണ്ടും, തകിലിനു മൂന്നും, സംഗീതത്തിന് രണ്ടും അധ്യാപകര്‍ ആണ് ഉള്ളത്. ഇതില്‍ നാഗസ്വരത്തിലെ രണ്ട് പേരില്‍ ഒരാള്‍ പോയാല്‍ രണ്ടും മൂന്നും വര്‍ഷത്തെ വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യാപകന്‍ മാത്രമായി ചുരുങ്ങും. വൈക്കത്തെ പൊതു വിജ്ഞാനം അധ്യാപകനെ പിരിച്ചുവിട്ട ഒഴിവിലേക്കും ആറ്റിങ്ങലില്‍ നിയമനം നടത്താനാണ് ബോര്‍ഡ് നീക്കം. തകില്‍, നാഗസ്വരം ബാച്ചുകളില്‍ 15 വീതം വിദ്യാര്‍ഥികളാണ് ഉള്ളത്. വൈക്കം കലാ പീഠത്തില്‍ തകില്‍, നാദസ്വരം, പഞ്ചവാദ്യം വിഭാഗങ്ങളില്‍ ത്രിവത്സര കോഴ്‌സാണ്. തകില്‍, നാഗസ്വരം എന്നിവയ്ക്കു 15 വിദ്യാര്‍ഥികളും പഞ്ചവാദ്യത്തിനു 40 വിദ്യാര്‍ഥികള്‍ക്കുമാണ് ഒരോ വര്‍ഷവും പ്രവേശനം. പുതിയതായി പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ആറ്റിങ്ങലിലേക്ക് പോകുമ്പോള്‍ രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ഥികള്‍ മാത്രം വൈക്കത്ത് ഉണ്ടാകു. 1982 ല്‍ വൈക്കത്തെ കലാപീഠം നല്ല രീതിയില്‍ ഗുരുകുല സമ്പ്രദായത്തിലാണ് കുട്ടികളെ പഠിപ്പിക്കുന്നത്. വൈക്കം മഹാദേവ ക്ഷേത്രത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ക്ഷേത്ര കലാപീഠം വൈക്കത്തുതന്നെ നിലനിര്‍ത്തണമെന്നാണ് ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും ആവശ്യം.