Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നീരൊഴുക്ക് നിലച്ച് അന്ധകാരത്തോട്.
08/06/2019

വൈക്കം: നീരൊഴുക്ക് നിലച്ച് അന്ധകാരത്തോട്. വളരെ പുരാതനമായ അന്ധകാരതോടിന്റെ പ്രത്യേകത എന്തായിരുന്നുവെന്നാല്‍ വേലിയേറ്റം കൊള്ളുമ്പോള്‍ കായലില്‍ നിന്നും കണിയാം തോടുവഴി അന്ധകാരതോട്ടിലൂടെ തൊക്കോട്ടൊഴുകി കെ.വി കനാല്‍ വഴി വീണ്ടും കായലിലേക്കും വേലിയിറക്കത്തില്‍ കായലില്‍ നിന്നും കെ.വി കനാല്‍ വഴി അന്ധകാരതോട്ടിലൂടെ വടക്കോട്ടൊഴുകി കണിയാംതോടുവഴി കായലിലേക്കും ജല നിര്‍ഗ്ഗമനം നടന്നിരുന്നു എന്നതാണ്. 'എടിപിടിതോട്' എന്ന പേരിലും അറിഞ്ഞിരുന്ന ഈ തോട്ടിലൂടെ പഴയകാലത്ത് വള്ളത്തില്‍ സഞ്ചാരവുമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഈ തോട്ടില്‍ നീരൊഴുക്ക് നിലച്ച് മലിനജലം കെട്ടിക്കിടന്ന് മാരകവും സാംക്രമികവുമായ രോഗങ്ങള്‍ക്കുള്ള രോഗാണുക്കളെ ഉത്പ്പാദിപ്പിക്കുന്ന സങ്കേതമായി മാറിയിരിക്കുന്നു. ഈ തോടിന്റെ മദ്ധ്യഭാഗത്തായി വലിയ കവല -കൊച്ചുകവല റോഡിനു നടുവില്‍ ഉള്ള കലുങ്കിന്റെ തെക്കു വശത്തുളള തോടിന്റെ ഭാഗം ചിലവ്യക്തികള്‍ മൂടി കെട്ടിടം പണിയുകയും, കെട്ടിടം പണികഴിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ കോട്ടയം കലക്ടര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മുന്‍സിപ്പാലിറ്റിയില്‍ നിന്നും നോട്ടീസ് നല്‍കിയിട്ട് പണികഴിപ്പിച്ച കെട്ടിടത്തിന്റെ പടിഞ്ഞാറു ഭാഗത്ത് തെക്കുവടക്കായി മറ്റൊരു തോടു നിര്‍മ്മിക്കുകയും ചെയ്തിരിന്നു. എന്നാല്‍ പിന്നീട് ആ തോടും പൂര്‍ണ്ണമായി മൂടുകയാണുണ്ടായത്. തുടര്‍ന്ന് കൊച്ചാലുംചുവട്-കൊച്ചുകവല റോഡിന്റെ മദ്ധ്യഭാഗത്തുള്ള കലുങ്കിന് വടക്കു വശത്തുള്ള ചില വ്യക്തികളും അവരുടെ പുരയിടത്തിലൂടെ കടന്നുപോയിരുന്ന തോട് മതില്‍ കെട്ടിയടച്ച് പൂര്‍ണ്ണമായും മൂടി. അങ്ങനെ ഏതാണ്ട് 300 മീറ്ററോളം മൂടപ്പെട്ട ഈ അന്ധകാരത്തോട് പൂര്‍ണ്ണമായും അന്ധകാരത്തിലായി. നീരൊഴുക്ക് പൂര്‍ണ്ണമായും തടസ്സപ്പെടുകയും തല്‍ഫലമായി ചപ്പുചവറുകള്‍ കൂടി കിടന്ന് ആഴം കുറയുകയും പലയിടങ്ങളിലും തോടിന്റെ വീതി കുറയുകയും കുറയ്ക്കുകയും മതില്‍ കെട്ടിയടക്കുകയും ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ ദു:സ്ഥിതിയെ തുടര്‍ന്ന് വൈക്കം പ്രദേശമാകെ മഴക്കാലത്ത് വെള്ളമൊഴുകാന്‍ വഴിയില്ലാതെ വെള്ളപ്പൊക്കമുണ്ടാകുകയും വേനല്‍ക്കാലത്ത് നീരൊഴുക്ക് തടസ്സപ്പെട്ടതിനാല്‍ കെട്ടിക്കിടക്കുന്ന വെള്ളം ചീഞ്ഞളിഞ്ഞ് രോഗാണുക്കള്‍ പെരുകി പലതരത്തിലുള്ള മാരകരോഗങ്ങള്‍ പിടിപെട്ട് ജനങ്ങള്‍ ഒന്നടങ്കം കഷ്ടപ്പെടേണ്ടി വന്നിട്ടുള്ളസംഭവങ്ങള്‍ സര്‍വ്വസാധാരണമാണ്. ഈ പ്രദേശത്ത് തൊഴിലുറപ്പു പദ്ധതിപ്രകാരം ജോലി ചെയ്ത അറുപതില്‍പരം സ്ത്രീകള്‍ക്ക് ഒറ്റദിവസം കൊണ്ട് ചിക്കന്‍ഗുനിയ ബാധിച്ച് വൈക്കം ഗവണ്‍മെന്റ് ആശുപത്രിയില്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് ചികിത്സ തേടിയിട്ടുണ്ട്. ആകയാല്‍ തോട്ടിലുള്ള മാലിന്യം നീക്കി ആഴം കൂട്ടിയും തോട്ടിലേക്കുള്ള കടന്നാക്രമണങ്ങള്‍ ഒഴിപ്പിച്ചും മൂടപ്പെട്ട ഭാഗങ്ങള്‍ റീസര്‍വ്വേ നടത്തി തോടിന്റെ സ്ഥാനം നിര്‍ണ്ണയിച്ച് പഴയ നിലയിലാക്കിയും ഇരുകരകളിലും കല്ലുകെട്ടിയും തോടിനെയും പരിസരവാസികളെയും സംരക്ഷിക്കണമെന്നും ഏക്കര്‍ കണക്കിന് തരിശായി കിടക്കുന്ന നിലങ്ങള്‍ കൃഷിയോഗ്യമാക്കണമെന്നും നഗരത്തില്‍ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെടുതികള്‍ക്കും വേനല്‍ക്കാലത്തുണ്ടാകുന്ന മലിനീകരണത്തിനും ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് മുനിസിപ്പല്‍ ചെയര്‍മാന്‍, മുനിസിപ്പല്‍ സെക്രട്ടറി, എം.എല്‍.എ, കൃഷിവകുപ്പ് മന്ത്രി എന്നിവര്‍ക്ക് 175 പേര്‍ ഒപ്പിട്ട് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കൃഷിവകുപ്പ് മന്ത്രി കെ.എല്‍.ഡി.സിയ്ക്ക് തോടിന്റെ മൂടപ്പെട്ടഭാഗം പുനരുദ്ധരിയ്ക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ ആവശ്യപ്പെട്ട് അറിയിച്ച് എം.എല്‍.എയ്ക്ക് കത്തെഴുതിയിട്ടുള്ളതാണ്. തോടു മൂടി വീടു പണികഴിപ്പിച്ച വ്യക്തികളുടെ വസ്തുവിലൂടെ തോട് ഒഴുകിയിരുന്നെന്നും തോടൊഴിച്ച് ബാക്കിയുള്ള വസ്തുവിനാണ് വില നല്‍കിയിട്ടുള്ളതെന്നും ആധാരം പരിശോധിച്ചാല്‍ ബോധ്യമാകുമെന്നും പറയുന്നു. 2018-ല്‍ ഗവണ്‍മെന്റ് അംഗീകരിച്ച് ഇപ്പോള്‍ മുനിസിപ്പാലിറ്റി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വൈക്കം ടൗണിന്റെ മാസ്റ്റര്‍ പ്ലാനില്‍ കെ.വി കനാല്‍ മുതല്‍ കണിയാം തോടുവരെ വൈക്കം ടൗണിന്റെ ഹൃദയഭാഗത്തുകൂടെ കടന്നുപോകുന്ന ഈ അന്ധകാരത്തോടാണ് നടുവിലെ വില്ലേജിനെയും വൈക്കം വില്ലേജിനെയും വേര്‍തിരിക്കുന്ന അതിര്‍ത്തിയായി രേഖപ്പെടുത്തിയിയിരികുന്നത്. അന്ധകാരത്തോട് കൈവശപ്പെടുത്തി മൂടിയതിനെതിരെ 2015-ല്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരുന്ന കേസിന് 2019-ജനുവരി 8-ാം തീയതി ഹൈക്കോടതിയില്‍ നിന്നു 1994-ലെ മുനിസിപ്പാലിറ്റി ആക്ട് പ്രകാരം വൈക്കം മുനിസിപ്പല്‍ സെക്രട്ടറി, റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മൂടപ്പെട്ടതും കൈയേറിയിട്ടുള്ളതുമായ അന്ധകാരത്തോടിന്റെ ഭാഗങ്ങള്‍ നാലുമാസത്തിനകം പുനരുദ്ധരിച്ച് ജലനിര്‍ഗ്ഗമനം സാധ്യമാക്കണമെന്ന് വിധിയായിക്കുകയാണ്. ഈ കാലാവധിയെ ഓര്‍മ്മിപ്പിച്ച് മുന്‍സിപ്പല്‍ സെക്രട്ടറിക്ക് രണ്ടുപ്രാവശ്യം എഴുതിയിട്ടും ഇതേവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഒഴിവുദിവസങ്ങളില്‍ 187/15 സര്‍വ്വേനമ്പര്‍ പുരയിടത്തില്‍ ലോഡുകണക്കിന് പൂഴിയിറക്കി തോടിന്റെ ഭാഗം നികത്തിക്കൊണ്ടിരിക്കുകയുമാണ്. ഈ കോടതിയലക്ഷ്യത്തെകുറിച്ച് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ബാലചന്ദ്രന്‍ തോട്ടായപ്പള്ളി, മാത്യൂ തിട്ടപ്പള്ളി, അഡ്വ. കെ.പി റോയി, സുരേന്ദ്രന്‍ വല്ലശ്ശേരി, ഗോപാലകൃഷ്ണന്‍ തോട്ടായപ്പള്ളി, രാജശേഖരന്‍ തോട്ടായപ്പള്ളി എന്നിവര്‍ പങ്കെടുത്തു.