Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തില്‍ വിശ്വാസി സമൂഹം.
03/06/2019

വൈക്കം: പുണ്യങ്ങളുടെ പൂക്കാലമായ റംസാന്‍ വിടവാങ്ങുന്നതോടെ ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസി സമൂഹം. ആത്മസംസ്‌കരണത്തിന്റെ മാസമായ റംസാനിലെ ദിനരാത്രങ്ങളില്‍ ജീവിതത്തില്‍ പുലര്‍ത്തിയ വിശുദ്ധി അടുത്ത റംസാന്‍ വരെ കാത്തുസൂക്ഷിക്കണമെന്ന വിശ്വാസമാണ് നോമ്പനുഷ്ഠാനത്തെ ശ്രേഷ്ഠമാക്കുന്നത്. പട്ടിണിയുടെ വിലയറിഞ്ഞ് പാവങ്ങളെ സഹായിക്കാനുള്ള സന്ദേശം കൂടി റംസാന്‍ നല്‍കുന്നുണ്ട്. പെരുന്നാള്‍ ആഘോഷങ്ങള്‍ തലേദിവസം തന്നെ തുടങ്ങും. പള്ളികള്‍ തക്ബീര്‍ ധ്വനികളാല്‍ പ്രാര്‍ത്ഥനാ നിര്‍ഭരമാകും. മൈലാഞ്ചിയിടലും മറ്റുമായി വീടുകളും ആഘോഷരാവില്‍ നിറയും. ചെറിയ പെരുന്നാള്‍ നമസ്‌കാരത്തിനായി വൈക്കം താലൂക്കിലെ ഈദ് ഗാഹുകളും പള്ളികളും ഒരുങ്ങിക്കഴിഞ്ഞു. കുലശേഖരമംഗലം സഫലി മസ്ജിദിന്റെയും കേരള നദ്വത്തുല്‍ മുജാഹിദീന്‍ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ എന്‍.ഐ.എം യൂ.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ രാവിലെ 7.30ന് ഈദ്ഗാഹ് നടക്കും. നമസ്‌കാരത്തിനും പ്രഭാഷണത്തിനും കാസിം മൗലവി നേതൃത്വം നല്‍കും. തലയോലപ്പറമ്പ് സഫലി മസ്ജിദ് അങ്കണത്തില്‍ രാവിലെ 7.45ന് നടക്കുന്ന ഈദ് നമസ്‌ക്കാരത്തിനും പ്രഭാഷണത്തിനും മുഹമ്മദ് ബൈജു സഫലി നേതൃത്വം നല്‍കും. ഇരുസ്ഥലങ്ങളിലും സ്ത്രീകള്‍ക്ക്് പ്രത്യേക സൗകര്യമുണ്ടായിരിക്കും. വൈക്കം ടൗണ്‍ ജുമാ മസ്ജിദിലെ പെരുന്നാള്‍ നമസ്‌കാരത്തിന് മുഹമ്മദ് ത്വാഹാ ബാഖവി നേതൃത്വം നല്‍കും. നക്കംതുരുത്ത് ജുമാമസ്ജിദില്‍ അഹമ്മദ് കബീര്‍ സുഹ്രി, മറവന്‍ന്തുരുത്ത് മുഹ്‌യിദ്ദീന്‍ പള്ളിയില്‍ നിഷാദ് ഹാളിരി, മണകുന്നം മുല്ലങ്കേരില്‍ ജുമാമസ്ജിദില്‍ അനസ് മദനി എന്നിവര്‍ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കും. ചെമ്പ് ജുമാ മസ്ജിദില്‍ അബൂ മസൂദ് കെ.എം മുഹമ്മദ് മൗലവി, കാട്ടിക്കുന്ന് ജുമാമസ്ജിദില്‍ സലീം ഫൈസി, വടകര ജുമാമസ്ജിദില്‍ നിസാമുദ്ദീന്‍ മദനി, കരിപ്പാടം മുഹ്‌യിദ്ദീന്‍ പള്ളിയില്‍ നിസാര്‍ അഹ്‌സനി എന്നിവര്‍ നേതൃത്വം നല്‍കും. തലയോലപ്പറമ്പ് മുഹിയിദ്ദീന്‍ പള്ളിയില്‍ അബ്ദുറഹിം മുസ്‌ലിയാര്‍, മിഠായിക്കുന്നം ജുമാമസ്ജിദില്‍ ഷെമീര്‍ സഖാഫി, വെട്ടിക്കാട്ട്മുക്ക് മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദില്‍ നിസാമുദ്ദീന്‍ മദനി, വെള്ളൂര്‍ നുസ്‌റത്തുല്‍ ഇഖ്‌വാന്‍ ജുമാമസ്ജിദില്‍ സലിം ബാഖവി, ഇറുമ്പയം ജുമാമസ്ജിദില്‍ നൗഫല്‍ ബാഖവി, അപ്പാഞ്ചിറ മുഹ്‌യിദ്ദീന്‍ പള്ളിയില്‍ അബു താഹിര്‍ അമാനി എന്നിവരാണ് നമസ്‌കാരത്തിന് നേതൃത്വം നല്‍കുക. പള്ളികളിലെല്ലാം രാവിലെ ഒന്‍പതിനാണ് നമസ്‌കാരം. കുടവെച്ചൂര്‍ അന്‍സാറുല്‍ ഇസ്ലാം ജൂമാ മസ്ജിദില്‍ രാവിലെ 8.30ന് നടക്കുന്ന പെരുന്നാള്‍ നമസ്‌കാരത്തിന് അസ്ഹര്‍ അല്‍ ക്വാസിമി നേതൃത്വം നല്‍കും.