Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജുമുഅ നമസ്‌കാരത്തിന് വിശ്വാസിസമൂഹം ഒഴുകിയെത്തി.
01/06/2019
റംസാന്‍ മാസത്തിലെ അവസാന വെള്ളിയാഴ്ചയായ ഇന്നലെ ചെമ്പ് ജുമാ മസ്ജിദില്‍ നടന്ന ജുമുഅ നമസ്‌കാരം.

വൈക്കം: റംസാന്‍ മാസത്തിലെ അവസാന വെള്ളിയാഴ്ചയായ ഇന്നലെ ജുമുഅ നമസ്‌കാരത്തിന് വിശ്വാസിസമൂഹം ഒഴുകിയെത്തി. പുണ്യങ്ങളുടെ പൂക്കാലം വിടപറയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പാപമോചനത്തിനും പരലോക വിജയത്തിനായുള്ള പ്രാര്‍ഥനയുമായി ആയിരങ്ങളാണ് താലൂക്കിലെ വിവിധ പള്ളികളില്‍ എത്തിച്ചേര്‍ന്നത്. വിശ്വാസികളുടെ ഒഴുക്ക് ക്രമാതീതമായി വര്‍ധിച്ചപ്പോള്‍ ചില പള്ളികളില്‍ പുറത്തുനിന്നും നമസ്‌കാരം നടത്തേണ്ടിയും വന്നു. നമസ്‌കാരശേഷം ക്വുര്‍ആന്‍ പാരായണത്തിലും പ്രാര്‍ത്ഥനയിലും പ്രകീര്‍ത്തനങ്ങളിലും മുഴുകി വിശ്വാസികള്‍ വെള്ളിയാഴ്ചയെ ഭക്തിസാന്ദ്രമാക്കി. ഇത്തവണ വെള്ളിയാഴ്ചയും 27-ാം രാവും ഒരുമിച്ചെത്തി എന്ന പ്രത്യേകതയും ഉണ്ട്. ക്വുര്‍ആന്‍ അവതീര്‍ണമായ, പുണ്യകര്‍മങ്ങള്‍ക്ക് ആയിരം മാസത്തേക്കാള്‍ പ്രതിഫലം കല്‍പിക്കപ്പെടുന്ന ലൈലത്തുല്‍ ഖദ്‌റിനു ഏറ്റവും സാധ്യതയുള്ളത് 27-ാം രാവിലാണെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ രാത്രിയിലെ തറാവീഹ് നമസ്‌കാരത്തിനു ശേഷം പളളിയില്‍ ഇഹ്തിക്വാഫ് ഇരുന്നു സുബ്ഹി നിസ്‌കാരവും കഴിഞ്ഞാണ് പലരും വീടുകളിലേക്ക് മടങ്ങിയത്. രാപ്പകല്‍ പ്രാര്‍ത്ഥനയിലൂടെ നേടിയെടുത്ത ആത്മവിശുദ്ധി വരുംകാലങ്ങളിലും തുടര്‍ന്നുപോകുവാന്‍ വിശ്വാസിസമൂഹം ജീവിതത്തില്‍ സൂക്ഷ്മത പാലിക്കണമെന്ന് ഇമാമുമാര്‍ ഉദ്‌ബോധിപ്പിച്ചു. റംസാന്റെ അവസാന ദിനങ്ങളില്‍ നല്‍കേണ്ട ഫിത്വര്‍ സകാത്തിന്റെ പ്രസക്തിയും ഉണര്‍ത്തി. വൈക്കം ടൗണ്‍ ജുമാ മസ്ജിദില്‍ നടന്ന ജുമുഅ നമസ്‌കാരത്തിന് മുഹമ്മദ് ത്വാഹാ ബാഖവി നേതൃത്വം നല്‍കി. തലയോലപ്പറമ്പ് മുഹിയിദ്ദീന്‍ പള്ളിയില്‍ അബ്ദുറഹിം മുസ്‌ലിയാര്‍, കാട്ടിക്കുന്ന് ജുമാ മസ്ജിദില്‍ സലിം ഫൈസി, കുലശേഖരമംഗലം നുസ്‌റത്തുല്‍ ഇഖ്‌വാന്‍ സലഫി മസ്ജിദില്‍ കാസിം മൗലവി, ചെമ്പ് ജുമാ മസ്ജിദില്‍ അബൂ മസൂദ് കെ.എം മുഹമ്മദ് മൗലവി, കുടവെച്ചൂര്‍ അന്‍സാറുല്‍ ഇസ്‌ലാം ജുമാ മസ്ജിദില്‍ അസ്ഹര്‍ അല്‍ ക്വാസിമി, നക്കംതുരുത്ത് ജുമാ മസ്ജിദില്‍ അഹ്മദ് കബീര്‍ സുഹ്‌രി, മറവന്‍തുരുത്ത് മുഹ്‌യിദ്ദീന്‍ പള്ളിയില്‍ നിഷാദ് ഹാളിരി, കരിപ്പാടം മുഹ്‌യിദ്ദീന്‍ പള്ളിയില്‍ നിസാര്‍ അഹ്‌സനി, മിഠായിക്കുന്നം ജുമാമസ്ജിദില്‍ ഷെമീര്‍ സഖാഫി, വടകര ജുമാമസ്ജിദില്‍ നിസാമുദ്ദീന്‍ മദനി, വെട്ടിക്കാട്ട്മുക്ക് മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദില്‍ നിസാമുദ്ദീന്‍ മദനി, വെള്ളൂര്‍ നുസ്‌റത്തുല്‍ ഇഖ്‌വാന്‍ ജുമാ മസ്ജിദില്‍ സലിം ബാഖവി, ഇറുമ്പയം ജുമാമസ്ജിദില്‍ നൗഫല്‍ ബാഖവി, തലയോലപ്പറമ്പ് സലഫി മസ്ജിദില്‍ ബൈജു സലഫി, അപ്പാഞ്ചിറ മുഹ്‌യിദ്ദീന്‍ പള്ളിയില്‍ അബു താഹിര്‍ അമാനി എന്നിവര്‍ ജുമുഅ നമസ്‌കാരത്തിനും പ്രഭാഷണത്തിനും നേതൃത്വം നല്‍കി.