Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വല്ലകം പാലത്തില്‍ മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു.
31/05/2019
വൈക്കം-തലയോലപ്പറമ്പ് റോഡിലെ വല്ലകം പാലത്തിനുതാഴെ കക്കൂസ് മാലിന്യങ്ങള്‍ തള്ളിയ നിലയില്‍.

വൈക്കം: വല്ലകം പാലത്തില്‍ മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു. പ്രദേശവാസികള്‍ക്കും റോഡിലൂടെ കടന്നുപോകുന്നവര്‍ക്കും ഇതു വലിയ ബുദ്ധിമുട്ടുകളാണുണ്ടാക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി പാലത്തില്‍ നിന്ന് തോട്ടിലേക്ക് കക്കൂസ് മാലിന്യങ്ങള്‍ ഒഴുക്കുന്നുണ്ട്. വൈക്കം നഗരസഭയുടെയും ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെ പരിധിയിലൂടെയാണ് തോട് കടന്നുപോകുന്നത്. രണ്ടുഭാഗത്തും ഒരുപോലെയാണ് മാലിന്യങ്ങള്‍ ഒഴുക്കുന്നത്. വിഷയത്തില്‍ പരിഹാരമുണ്ടാക്കാന്‍ ഇവരുടെ സംയുക്തനീക്കം അനിവാര്യമാണ്. അല്ലാത്തപക്ഷം തോട് നാട്ടുകാര്‍ക്കും വഴിയിലൂടെ കടന്നുപോകുന്നവര്‍ക്കും വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ആയിരിക്കും വരുംനാളുകളില്‍ ഉണ്ടാക്കാന്‍ പോവുക. ഇതുസംബന്ധിച്ച് ജനങ്ങള്‍ പ്രതിഷേധവും ഉത്തരവാദിത്തപ്പെട്ടവരെ വിവരമറിയിച്ചിട്ടും അധികാരികളുടെ ഭാഗത്തുനിന്നും ഒരു നടപടിയും സ്വീകരിക്കുന്നില്ല. കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ ആശുപത്രികളില്‍ നിന്നും മറ്റുമാണ് കക്കൂസ് മാലിന്യങ്ങള്‍ ടാങ്കര്‍ ലോറികളില്‍ എത്തിച്ച് ഇവിടേക്ക് തള്ളുന്നത്. മാലിന്യങ്ങള്‍ തള്ളുന്ന മാഫിയ സംഘങ്ങള്‍ വൈക്കത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വിലസുന്നുണ്ട്. ഇവര്‍ക്കെല്ലാം വലിയ പ്രതിഫലമാണ് ലഭിക്കുന്നത്. മാലിന്യങ്ങള്‍ തള്ളാനെത്തുമ്പോള്‍ ഇവര്‍ ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള കരുതാറുണ്ട്. ജനങ്ങള്‍ ഉറക്കമൊഴിച്ച് മാലിന്യം തള്ളുന്നവരെ പിടികൂടാനിറങ്ങിയാലും വിജയം കാണാറില്ല. കാരണം ഒന്നിടവിട്ട ദിവസങ്ങളിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള സമയക്രമങ്ങളിലുമാണ് മാലിന്യങ്ങള്‍ ഒഴുക്കാന്‍ ഇവര്‍ എത്തുന്നത്. നാടിന്റെ മുക്കിലും മൂലയിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ രഹസ്യക്യാമറകള്‍ സ്ഥാപിച്ചെന്നകാണിച്ച് ബോര്‍ഡുകള്‍ വെച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ഏശാറില്ല. കാരണം മിക്ക സ്ഥലങ്ങളിലും ബോര്‍ഡുകള്‍ മാത്രമേയുള്ളൂ. ഇതെല്ലാം മുന്‍കൂട്ടി കണ്ടുതന്നെയാണ് മാഫിയകളുടെ അഴിഞ്ഞാട്ടം. നഗരസഭ ആവിഷ്‌കരിച്ച മാലിന്യസംസ്‌കരണ പദ്ധതി പോലും അട്ടിമറിക്കാന്‍ മാഫിയകള്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ഹരിതകര്‍മസേന നീക്കം ചെയ്യുന്ന പ്രദേശങ്ങളില്‍ മിനുട്ടുകളുടെ വ്യത്യാസത്തില്‍ വീണ്ടും മാലിന്യങ്ങള്‍ തള്ളപ്പെടുന്നു. ഇവിടെയെല്ലാം പോലീസ് അല്‍പംകൂടി കരുതല്‍ സ്വീകരിക്കണം. മാലിന്യങ്ങള്‍ തള്ളാനെത്തുന്ന സംഘത്തെ പിടികൂടാന്‍ നാട്ടുകാര്‍ കാണിക്കുന്ന നീക്കത്തിന് പോലീസുകാര്‍ ഒരു കൈത്താങ്ങു നല്‍കിയാല്‍ ഒരുപിരിധി വരെ പ്രശ്‌നം പരിഹരിക്കപ്പെടും. ഇവിടെ തദ്ദേശഭരണ സ്ഥാപനങ്ങളും രംഗത്തുവരണം. അല്ലാതെ നടത്തുന്ന മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ വഴിപാടായേ മറുകയുള്ളൂ.