Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുതിയ ബാറുകള്‍ക്ക് യഥേഷ്ടം അനുവാദം നല്‍കുന്നത് പരമ്പരാഗത കള്ള് വ്യവസായത്തെ തകര്‍ക്കുന്നതിന് കാരണമാകുമെന്ന്
30/05/2019
വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിനു മുന്നില്‍ നടത്തിയ സത്യഗ്രഹസമരം എ.ഐ.ടി.യൂ.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പുതിയ ബാറുകള്‍ക്ക് യഥേഷ്ടം അനുവാദം നല്‍കുന്നത് പരമ്പരാഗത കള്ള് വ്യവസായത്തെ തകര്‍ക്കുന്നതിന് കാരണമാകുമെന്ന് എ.ഐ.ടി.യൂ.സി സംസ്ഥാന സെക്രട്ടറിയും വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ പ്രസിഡന്റുമായ അഡ്വ. വി.ബി ബിനു. ലൈസന്‍സ് പുതുക്കാത്ത ഷാപ്പുകള്‍ തൊഴിലാളി സമിതിയെ ഏല്‍പ്പിക്കുക, എലുക മാറിയതിന്റെ പേരില്‍ അടച്ചു പൂട്ടിയ ഷാപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ചെത്തുതൊഴിലാളി യൂണിയന്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിനു മുന്നില്‍ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കള്ള് വ്യവസായം ഗുരുതരമായ പ്രതിസന്ധിയിലാണ്. നിരവധി ഷാപ്പുകള്‍ പുതുക്കാന്‍ ലൈസന്‍സികള്‍ തയ്യാറായിട്ടില്ല. തൊഴില്‍ സംരക്ഷിക്കുന്നതിനു വേണ്ടി ഡി.എം വ്യവസ്ഥയില്‍ കള്ള് ഷാപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഭീമമായ തുക അടയ്‌ക്കേണ്ടി വരുന്നു. തൊഴിലാളി സമിതിയെ ഏല്‍പ്പിച്ചാല്‍ ഓട്ടേറെ ഇളവുകള്‍ ലഭിക്കുന്നതാണ്. എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഇതിനു നടപടി സ്വീകരിക്കേണ്ടത്. കഴിഞ്ഞ 30 വര്‍ഷത്തിലധികമായി നടന്നു വന്നിരുന്ന ഷാപ്പുകളാണ് എലുക മാറിപ്പോയെന്നു പറഞ്ഞ് ഉദയനാപുരം, ഓളി, തലയോലപ്പറമ്പ് ഷാപ്പുകള്‍ അടച്ചുപൂട്ടിയത്. എലുക മാറിയതിന് ഉത്തരവാദികള്‍ പൂര്‍ണ്ണമായും എക്‌സൈസ് ഉദ്യോഗസ്ഥരാണ്. അതിന്റെ ദുരന്തം അനുഭവിക്കുന്നത് തൊഴിലാളികളും. നാല്‍പ്പതോളം തൊഴിലാളികള്‍ക്ക് പണിയില്ലാതായി. തലയോലപ്പറമ്പ് ഷാപ്പിന്റെ എലുക പുനര്‍നിര്‍ണ്ണയിക്കുന്നതിനുവേണ്ടി അപേക്ഷ നല്‍കിയിട്ട് ഒരു വര്‍ഷമായിട്ടും തീരുമാനമായിട്ടില്ല. വ്യവസായ രംഗത്തെ തകര്‍ച്ചയ്ക്ക് സര്‍ക്കാര്‍ നയവും എക്‌സൈസ് വകുപ്പിന്റെ സമീപനങ്ങളും കാരണമാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ സമരം നടത്തുന്നതിനാണ് യൂണിയന്‍ തീരുമാനിച്ചിട്ടുള്ളത്. സത്യഗ്രഹസമരത്തിന് യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ നേതൃത്വം നല്‍കി. പി.സുഗതന്‍, എം.ഡി ബാബുരാജ്, കെ.എസ് രത്‌നാകരന്‍, ലീനമ്മ ഉദയകുമാര്‍, എം.എസ് സുരേഷ്, ഡി.രഞ്ജിത്ത് കുമാര്‍, പി.പ്രദീപ്, പി.എസ് പുഷ്പമണി, അഡ്വ. കെ.പ്രസന്നന്‍, പി.ജി തൃഗുണസെന്‍ എന്നിവര്‍ പ്രസംഗിച്ചു.