Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോട്ടുവക്കം പുത്തന്‍തോട് (കെ.വി കനാല്‍) സംരക്ഷിക്കണമെന്ന് എ.ഐ.വൈ.എഫ് വൈക്കം മണ്ഡലം കമ്മിറ്റി
30/05/2019

വൈക്കം: കരിയാറിനെയും വേമ്പനാട്ടു കായലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തോട്ടുവക്കം പുത്തന്‍തോട് (കെ.വി കനാല്‍) സംരക്ഷിക്കണമെന്ന് എ.ഐ.വൈ.എഫ് വൈക്കം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഏറെ വിനോദസഞ്ചാര സാധ്യതകളുള്ള ഈ തോട് മാലിന്യവാഹിനിയായിട്ട് കാലമേറെയായി. ഇരുവശത്തും വൃക്ഷനിബിഡമായ കനാല്‍ കേന്ദ്രീകരിച്ച് വലിയ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കും എന്ന് അധികാരികള്‍ പ്രഖ്യാപനം നടത്തിയിരുന്നു. അശാസ്ത്രീയമായി നിര്‍മിച്ച തോട്ടുവക്കം പാലം മേഖലയുടെ ടൂറിസം വികസനസാധ്യതകളെയാണ് തകര്‍ത്തുകളഞ്ഞത്. വൈക്കത്തിന്റെ ഉള്‍നാടന്‍ ജലാശയങ്ങളിലേക്കുള്ള ജലഗതാഗത മാര്‍ഗമാണിത്. ബോട്ടുകളോ, യാത്രവഞ്ചികളോ ഈ പാലത്തിനടിയിലൂടെ കടന്നു പോകില്ല. കഴിഞ്ഞ മഹാപ്രളയത്തില്‍ ഉദയനാപുരം, തലയാഴം, ടി.വി പുരം മേഖലകളില്‍ പ്രളയദുരിതം വര്‍ദ്ധിപ്പിച്ചത് ഈ തോട്ടിലൂടെ സുഗമമായി വെള്ളം ഒഴുകിപോകാത്തതിനാലാണ്. അന്ന് വന്‍വൃക്ഷങ്ങള്‍ തോട്ടിലേക്ക് മറിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ട നിലയിലായിരുന്നു. ഇന്നും സ്ഥിതി വ്യത്യസ്തമല്ല. മഴക്കാലം വിളിപ്പാടകലെ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ അടിയന്തിരമായി തോട്ടിലേക്ക് മറിഞ്ഞു കിടക്കുന്ന മരങ്ങള്‍ വെട്ടിമാറ്റി ആഴം കൂട്ടി നീരൊഴുക്ക് സാധ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പതിനായിരം വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുവാനും എ.ഐ.വൈ.എഫ് തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് എം.പി സാനു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ആര്‍ ശരത്കുമാര്‍, എസ്.ബിജു, ഹരിമോന്‍, അര്‍ജ്ജുന്‍, അപ്പു പുഷ്‌ക്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.