Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കക്കായിറച്ചി വിപണി വീണ്ടും പ്രതിസന്ധിയില്‍.
29/05/2019

വൈക്കം: കക്കായിറച്ചി വിപണി വീണ്ടും പ്രതിസന്ധിയില്‍. ഫിഷറീസ് വകുപ്പ് കക്കായിറച്ചിയോട് താല്‍പര്യം പ്രകടിപ്പിക്കാത്തതാണ് ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന ദുര്‍വിധിയ്ക്ക് കാരണം. കാലങ്ങള്‍ക്കുമുന്‍പ് വരെ കക്കായിറച്ചിയുടെ ഉപയോഗം പലതരത്തിലുള്ള ശാരീരിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന പ്രചരണം ഈ മേഖലയെ തളര്‍ത്തിയിരുന്നു. എന്നാല്‍ ആയുര്‍വേദവും അലോപ്പതിയും ഹോമിയോയുമെല്ലാം കക്കായിറച്ചിയുടെ ഉപയോഗം ശരീരത്തിന് ഏറെ ഗുണകരമാകുമെന്ന് തെളിയിച്ചതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടിരുന്നു. ഗ്രാമീണ മേഖലകളിലായിരുന്നു കക്കായിറച്ചിയുടെ ഉപയോഗം കൂടുതലായി നടന്നിരുന്നത്. പിന്നീടത് വലിയ സമൂഹത്തിനിടയിലും ഇഷ്ടവിഭവമായി മാറി. കള്ള് ഷാപ്പുകളിലും റിസോര്‍ട്ടുകളിലും വലിയ സ്റ്റാര്‍ ഹോട്ടലുകളിലുമെല്ലാം കക്കായിറച്ചി ഫ്രൈ ആട്ടിറച്ചിയോട് കിടപിടിക്കുന്നതാണ്. ഇതിന്റെ പാചകരീതിയിലാണ് യഥാര്‍ത്ഥ രുചിക്കൂട്ട് ഒളിച്ചിരിക്കുന്നതെന്ന് മാത്രം. ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി കക്കയിറച്ചിയുടെ വിലയെ കുത്തനെ ഇടിച്ചിരിക്കുകയാണ്. പ്രതിസന്ധിക്ക് മുന്‍പ് കിലോയ്ക്ക് നൂറുരൂപ വരെ ലഭിച്ചിരുന്ന കക്കയിറച്ചിക്ക് ഇപ്പോള്‍ 30നും 40നും ഇടയിലാണ് വില. വൈക്കത്ത് കക്കാമേഖലയുടെ ഈറ്റില്ലമായ ടി.വി പുരം പഞ്ചായത്തിലാണ് കക്കായിറച്ചിയുടെ ഉല്‍പാദനം ഏറെ നടന്നു കൊണ്ടിരിക്കുന്നത്. കക്കായിറച്ചി സമ്പന്നമായ മൂത്തേടുത്തുകാവ്, മണ്ണത്താനം, തൃണയംകുടം, കൊതവറ, ഉദയനാപുരം പഞ്ചായത്തിലെ പനമ്പുകാട്, നേരേകടവ് പ്രദേശങ്ങളില്‍ നിന്നാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കക്കായിറച്ചി പോകുന്നത്. ഈ ഭാഗങ്ങളിലായി ഏകദേശം ആയിരത്തിലധികം കുടുംബങ്ങള്‍ ഈ തൊഴില്‍ ചെയ്തുജീവിക്കുന്നുണ്ട്. ഇതിനു പുറമെ കക്കായിറച്ചി ചരുവത്തില്‍ ആക്കി തലചുമടായി വില്‍പന നടത്തുന്ന വീട്ടമ്മമാരും ഉണ്ട്. കക്കാ വലിയ പാത്രത്തിലാക്കി അര മണിക്കൂറോളം അടുപ്പില്‍ വേവിച്ച് ഇത് പിന്നീട് വലയില്‍ അരിച്ച് കക്കയും ഇറച്ചിയും വേര്‍തിരിക്കുന്നു. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ഇനിയും അധികാരികള്‍ വൈകിയാല്‍ കക്കായിറച്ചിയുടെ നിറകുടമായ കള്ള് ഷാപ്പുകളില്‍ നിന്നുപോലും ഇത് അകന്നുപോകും. കാരണം അത്തരത്തിലുള്ള പ്രചാരണങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കക്കായിറച്ചി മേഖലയെ പ്രതാപത്തിലേക്കു കൊണ്ടുവരാന്‍ ഫിഷറീസ് വകുപ്പ് തന്നെ മുന്നിട്ടിറങ്ങണം. അല്ലാതെ ആരോപണങ്ങളുടെ പേരില്‍ കക്കായിറച്ചിക്ക് കടിഞ്ഞാണിടാന്‍ ശ്രമിച്ചാല്‍ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന പരമ്പരാഗത മേഖലയിലെ മറ്റൊരു തകര്‍ച്ചയായിരിക്കും ഇവിടെയും പതിയിരിക്കുക.