Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പടിക്കല്‍ മാര്‍ച്ചും സത്യാഗ്രഹവും നടത്തും.
28/05/2019

വൈക്കം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്റെ (എ.ഐ.ടി.യൂ.സി) നേതൃത്വത്തില്‍ നാളെ വൈക്കം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പടിക്കല്‍ മാര്‍ച്ചും സത്യാഗ്രഹവും നടത്തും. കള്ള് വ്യവസായം ഗുരുതരമായ പ്രതിസന്ധിയിലാണ്. വൈക്കം, കടുത്തുരുത്തി റെയ്ഞ്ചുകളിലായി നിരവധി ഷാപ്പുകള്‍ ലൈസന്‍സ് പുതുക്കാതെ കോണ്‍ട്രാക്ടര്‍മാര്‍ ഉപേക്ഷിച്ചു തുടങ്ങി. തൊഴില്‍ സംരക്ഷിക്കുന്നതിനു വേണ്ടി യൂണിയന്‍ മുന്‍കൈയ്യെടുത്ത് ഡി.എം വ്യവസ്ഥയില്‍ തുറന്നു പ്രവര്‍ത്തിച്ചു വരികയാണ്. തൊഴിലാളികള്‍ക്ക് താങ്ങാനാകാത്ത തുക ഇതിനുവേണ്ടി ഓരോ രണ്ടാഴ്ച കൂടുമ്പോഴും അടയ്‌ക്കേണ്ടി വരുന്നു. തൊഴിലാളി സമിതിയെ ഏല്‍പ്പിക്കാന്‍ എക്‌സൈസ് വകുപ്പ് തയ്യാറായാല്‍ ഓട്ടേറെ ഇളവുകള്‍ കിട്ടും. എന്നാല്‍ എക്‌സൈസ് അധികാരികള്‍ കാലതാമസം വരുത്തുകയാണ്. വൈക്കം റെയ്ഞ്ചിലെ ഓളി, ഉദയനാപുരം ഷാപ്പുകളുടെ എലുക 2008-ല്‍ പരസ്പരം മാറിപ്പോയെന്നു പറഞ്ഞ് ഈ സാമ്പത്തിക വര്‍ഷം രണ്ടു ഷാപ്പുകളും അടച്ചുപൂട്ടി. ഏലുക മാറിയതിന് ഉത്തരവാദികള്‍ പൂര്‍ണ്ണമായും ബന്ധപ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥരാണ്. ഫലം അനുഭവിക്കുന്നത് പാവം തൊഴിലാളിയും. കടുത്തുരുത്തി റെയ്ഞ്ചിലെ തലയോലപ്പറമ്പ് ഷാപ്പ് പ്രസ്തുത ഷാപ്പിന്റെ എലുകയ്ക്ക് പുറത്താണെന്ന് പറഞ്ഞ് കഴിഞ്ഞ വര്‍ഷം അടച്ചു പൂട്ടി. കഴിഞ്ഞ 30 വര്‍ഷമോ അതിലധികമോ കാലമായി ഈ ഷാപ്പുകളെല്ലാം ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരികയാണെന്ന വസ്തുത നിലനില്‍ക്കുമ്പോഴാണ് നിയമവിരുദ്ധമായ നടപടികള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. തലയോലപ്പറമ്പ് ഷാപ്പിന്റെ എലുക പുനര്‍നിര്‍ണ്ണയിക്കുന്നതിനുവേണ്ടിയുള്ള അപേക്ഷ 2018 ഏപ്രില്‍ 25ന് സമര്‍പ്പിച്ചതാണ്. ഒരു വര്‍ഷം കഴിഞ്ഞിട്ടും എലുക നിര്‍ണയിച്ച് ഷാപ്പ് തുറക്കാനുള്ള നടപടി സ്വീകരിക്കാതെ പ്രസ്തുത അപേക്ഷ ടാക്‌സ് ഡിപ്പാര്‍ട്ടുമെന്റും എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റും തട്ടിക്കളിക്കുകയാണ്. ഷാപ്പുകളെല്ലാം തുറന്നു പ്രവര്‍ത്തിക്കണമെന്നും തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തണമെന്നുമാണ് സര്‍ക്കാര്‍ നയം. എന്നാല്‍ കള്ളുഷാപ്പുകള്‍ പൂട്ടിക്കലാണോ എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റിന്റെ നയം എന്നു സംശയിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഇതിനു പിന്നില്‍ കള്ള് വ്യവസായത്തെ തകര്‍ക്കാനുള്ള ഗൂഢാലോചന ഉണ്ടെന്നു കരുതുന്നു. ലൈസന്‍സ് പുതുക്കാത്ത ഷാപ്പുകള്‍ തൊഴിലാളി സമിതിയെ ഏല്‍പ്പിക്കുക, അടച്ചു പൂട്ടിയ ഓളി, ഉദയനാപുരം, തലയോലപ്പറമ്പ് ഷാപ്പുകള്‍ എലുക പ്രശ്‌നം പരിഹരിച്ച് തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് നടത്തുന്ന വൈക്കം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് മാര്‍ച്ചും സത്യാഗ്രഹവും യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍, പി.സുഗതന്‍, എം.ഡി ബാബുരാജ്, എന്‍.മോഹനന്‍, ലീനമ്മ ഉദയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.