Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാദ്യകലാകാരന്‍ ബേബി എം.മാരാരുടെ അകാലവിയോഗം വൈക്കത്തിന് തീരാനഷ്ടമായി.
27/05/2019
ബേബി എം.മാരാര്‍

വൈക്കം: വാഹനപാകടത്തില്‍ മരണപ്പെട്ട വാദ്യകലാകാരന്‍ ബേബി എം.മാരാരുടെ അകാലവിയോഗം വൈക്കത്തിന് തീരാനഷ്ടമായി. വൈക്കം ക്ഷേത്ര കലാപീഠത്തില്‍ പഞ്ചവാദ്യ അധ്യാപകനായ ബേബി അഷ്ടമി ഉത്സവത്തിന് മേളം ഒരുക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചിരുന്നത്. വൈക്കം ക്ഷേത്രത്തിലെ അഷ്ടമിയുടെ എഴാം ഉത്സവ ദിവസവും പത്താം ഉത്സവ ദിവസവും ക്ഷേത്ര കലാപീഠം ഒരുക്കുന്ന പഞ്ചവാദ്യം മുന്നില്‍ നിന്നു നയിക്കുന്നത് ബേബിയാണ്. പൊന്‍കുന്നം സ്വദേശിയായ ബേബി വൈക്കം ക്ഷേത്ര കലാപീഠത്തിലെ രണ്ടാമത്തെ പഞ്ചവാദ്യ വിദ്യാര്‍ഥിയായിരുന്നു. പിന്നീട് ദേവസ്വം ബോര്‍ഡില്‍ ജോലി ലഭിച്ചു. ഉപരിപഠനം പൂര്‍ത്തിയാക്കിയ ബേബി 1992ല്‍ വൈക്കം കലാപീഠത്തില്‍ അധ്യാപകനായി. സോപാന സംഗീതത്തിലും തിമിലയിലും കുടുതല്‍ പ്രഗല്‍ഭ്യം തെളിയിച്ച ഇദ്ദേഹം കാഞ്ചി കാമകോടി ആസ്ഥാന വിദ്വാന്‍, പുതുമന തന്ത്ര വിദ്യാപീഠത്തിലെ വാദ്യകലാനിധി പുരസ്‌കാരം, സോപാന സംഗീതത്തിന്റെ കേന്ദ്ര സര്‍ക്കാരിന്റെ ജൂനിയര്‍ ഫെല്ലോഷിപ്പ് തുടങ്ങിയ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ തിമിലയിലും സോപാന സംഗീതത്തിലും സ്ഥിരം ജഡ്ജിയായിരുന്നു. പെരുവനം കുട്ടന്‍ മാരാര്‍, ചേരാനെല്ലൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, തിരുവല്ല രാധാകൃഷ്ണന്‍ എന്നിവരുടെ കൂടെ ചെണ്ടമേളത്തിലും, ചോറ്റാനിക്കര നാരായണ മാരാര്‍, ചോറ്റാനിക്കര വിജയന്‍ മാരാര്‍ ചോറ്റാനിക്കര സുഭാഷ്, വൈക്കം ചന്ദ്രന്‍ എന്നിവരോടൊപ്പം പഞ്ചാവാദ്യത്തിലും പങ്കെടുത്തിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ ക്ഷേത്രങ്ങളിലെ ഉത്സവ ചടങ്ങുകള്‍ക്ക് മേളം ഒരുക്കുന്നതില്‍ നിറസാന്നിധ്യമായിരുന്നു. വൈക്കം സത്യസായി സേവസമിതിയുടെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു പതിവായി സോപാനസംഗീതം ഒരുക്കിയിരുന്നത് ബേബിയാണ്. മുന്‍പ് ഒരു വാഹന അപകടത്തില്‍പ്പെട്ട ബേബിക്ക് നിന്നു മേളം കൊട്ടുവാന്‍ സാധിക്കാത്ത അവസ്ഥ വന്നിരുന്നു. എന്നാല്‍ സാവാധനം പൂര്‍വ സ്ഥിതിയിലേക്ക് എത്തി.