Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കഞ്ചാവ് മയക്കു മരുന്ന് മാഫിയക്കെതിരെ അധികാരികള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ വൈക്കം ബ്ലോക്ക് കമ്മിറ്റി
23/05/2019

വൈക്കം: വൈക്കത്തും പരിസര പ്രദേശങ്ങളിലും വര്‍ധിച്ചു വരുന്ന കഞ്ചാവ് മയക്കു മരുന്ന് മാഫിയക്കെതിരെ അധികാരികള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ വൈക്കം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ അഷ്ടമി നാളില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ശ്യാമിനെ കൊലപ്പെടുത്തുന്നതിലേക്ക് പോലും വൈക്കത്തെ കഞ്ചാവ് മയക്കു മരുന്ന് മാഫിയയുടെ പ്രവര്‍ത്തനം വ്യാപിച്ചത്. കോട്ടയം, തൃപ്പൂണിത്തുറ, എറണാകുളം മേഖലകളില്‍ നിന്നും കഞ്ചാവും കഞ്ചാവ് ഓയിലും വാങ്ങി വൈക്കത്തെ സൗഹൃദ വലയങ്ങള്‍ ദുരന്തത്തിലേക്ക് പോകുന്ന സ്ഥിതിയാണ്. വൈക്കത്തും ഇതിന്റെ മൊത്ത വില്‍പ്പന നടത്തുന്നുണ്ടോ എന്നത് ബന്ധപ്പെട്ട അധികാരികള്‍ അന്വേഷണം നടത്തണം. നിലവിലുള്ള നിയമത്തിന്റെ അപര്യാപ്തത മൂലം ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്നവരെ പലപ്പോഴും കോടതികളില്‍ പോലും എത്തിക്കാതെ പിടിക്കുന്നവര്‍ തന്നെ ജാമ്യം നല്‍കി വിടുന്ന സ്ഥിതിയുണ്ട്. മാത്രമല്ല ഈ കുറ്റവാളികള്‍ പിന്നീട് നാമമാത്രമായ തുക കോടതിയില്‍ കെട്ടി വച്ച് കേസുകളില്‍ നിന്നും ഒഴിവാക്കപെടുന്നു. ഇതേ ആളുകള്‍ ആവര്‍ത്തിച്ചു ഇതേ കുറ്റ കൃത്യത്തില്‍ ഏര്‍പ്പെടുന്നു എന്നതും ശ്രദ്ധേയമാണ്. കേന്ദ്ര-സംസ്ഥാന നിയമ നിര്‍മാണ സഭകളില്‍ ഇക്കാര്യത്തില്‍ ഉചിതമായ നിയമ ഭേദഗതികള്‍ ഉണ്ടാകേണ്ടതുണ്ട്. എക്‌സൈസും, പോലീസും ചേര്‍ന്ന് കഞ്ചാവ് മയക്കു മരുന്ന് മാഫിയകളുടെ ഉറവിടം കണ്ടെത്തുന്നതടക്കം ശക്തമായ അന്വേഷണവും നടപടിയും സ്വീകരിക്കണം. നിലവില്‍ പല കേസുകളിലും പിടിക്കപ്പെട്ട ഇത്തരം കുറ്റവാളികള്‍ക്ക് എതിരെ പല കോണുകളില്‍ നിന്നും പോലീസിന് നല്‍കിയിട്ടുള്ള പരാതികളില്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാവണമെന്നും ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അഡ്വ. അംബരീഷ് ജി.വാസു, സെക്രട്ടറി പി.സി അനില്‍കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ഈ കാര്യങ്ങള്‍ രേഖാമൂലം ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും മാഫിയക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാനും ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മറ്റി തീരുമാനിച്ചു.