Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തെ കോടതികള്‍ക്ക് ഇന്നും പരാധീനതകളേറെ
20/05/2019
വൈക്കത്തെ കോടതി സമുച്ചയം.

വൈക്കം: പുതിയ കോടതി മന്ദിരമെന്ന താലൂക്കിലെ ജനങ്ങളുടെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമായെങ്കിലും വൈക്കത്തെ കോടതികള്‍ക്ക് ഇന്നും പരാധീനതകളേറെ. കേരളത്തിലെ ആദ്യത്തെ അഞ്ചു കോടതികളില്‍ ഒന്നായി അനുവദിക്കപ്പെട്ട രാജകീയ പ്രതാപമുണ്ടായിരുന്ന കോടതിക്ക് പുതിയ കെട്ടിടം അനുവദിക്കപെട്ടെങ്കിലും ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് എത്താന്‍ ഈ കെട്ടിടത്തിന് കഴിഞ്ഞില്ല. ദീര്‍ഘ വീക്ഷണമില്ലാത്ത നിര്‍മാണം മൂലം കോടതി മുറികളിലും, ഓഫീസ് മുറികളിലും, ജനങ്ങള്‍ കേസ് വിളി കേള്‍ക്കാന്‍ കാത്തു നില്‍ക്കേണ്ട വരാന്തകളിലും പോലും പോരായ്മകള്‍ നിഴലിച്ചു കാണാം. മൂന്നാം നിലയില്‍ വരെ എത്തേണ്ട കക്ഷികള്‍ക്ക് സൗകര്യപ്രദമായി കയറാന്‍ ഒരു വര്‍ഷമായി തുടരുന്ന ലിഫ്റ്റ് പണി പോലും ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. കോടതി മുറിയില്‍ ഇരിക്കാനുള്ള സൗകര്യങ്ങളിലും നിലവില്‍ പോരായ്മകള്‍ നേരിടുന്നുണ്ട്. 13.5 കോടി രൂപ മുടക്കി നാലു നിലകളിലായി നിര്‍മിച്ച കെട്ടിട സമുച്ചയത്തില്‍ രണ്ടു കോടതികള്‍ക്കുള്ള സ്ഥലം ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. പുരാതന കാലത്ത് ആലപ്പുഴ, എറണാകുളം ജില്ലയുടെ ചില ഭാഗങ്ങള്‍ അടക്കം വൈക്കത്തിന്റെ അധികാര പരിധിയില്‍ ആയിരുന്നതും സബ് കോടതി ഉള്‍പ്പെടെയുള്ള കേന്ദ്രമായിരുന്നു വൈക്കമെങ്കില്‍ ഇപ്പോള്‍ ഇവിടെ രണ്ടു കോടതികള്‍ മാത്രമായി ചുരുങ്ങി. പുതുതായി ഒരു ഗ്രാമ ന്യായാലയം ഉദയനാപുരം നാനാടത്ത് തുടങ്ങിയെങ്കിലും ഇതുമൂലം കാര്യമായ ഗുണത്തെക്കാള്‍ ഏറെ ദോഷമാണ് ഉണ്ടാക്കുന്നതെന്ന് അഭിഭാഷകര്‍ പറയുന്നു. കേവലം ഒന്നോ രണ്ടോ കേസിനായി ഇവിടെ ഉണ്ടായിരുന്നത് അവിടേക്ക് പകുത്തു നല്‍കിയപ്പോള്‍ അഭിഭാഷകര്‍ അവിടെയും ഇവിടെയുമായി കാര്യമായ യാതൊരു പ്രയോജനവും ഇല്ലാതെ ഓടി നടക്കേണ്ട സ്ഥിയാണ് ഉള്ളത്. പുതിയ കോടതി സമുച്ചയം പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിടുന്ന ഈ വേളയിലെങ്കിലും കൂടുതല്‍ കോടതികള്‍ ശക്തമായ സമ്മര്‍ദം ചെലുത്താന്‍ ബാര്‍ അസോസിയേഷനും മറ്റും മുന്‍കയ്യെടുക്കേണ്ടതുണ്ട്. പുതിയ കെട്ടിട സമുച്ചയം വന്നതോടെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി, സബ് കോടതി, കുടുംബ കോടതി, മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ (എം.എ.സി.ടി) എന്നിവക്ക് ഏറെ സാധ്യതകളാണ് നിലനില്‍ക്കുന്നത്. നിലവിലെ പോരായ്മകള്‍ പരിഹരിച്ച് കൂടുതല്‍ കോടതികളെന്ന വൈക്കത്തിന്റെ ദീര്‍ഘകാല ആവശ്യം ഈ വര്‍ഷമെങ്കിലും നടപ്പിലാക്കാന്‍ അധികാരികള്‍ മുന്നിട്ടിറങ്ങണമെന്നതാണ് വൈക്കത്തെ പൊതു സമൂഹത്തിന്റെയും അഭിഭാഷകരുടെയും ആവശ്യം.