Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൂത്തോട്ടയ്ക്കുള്ള ബസ് സര്‍വ്വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
18/05/2019

വൈക്കം: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും രാത്രി 9.20ന് പുറപ്പെട്ടിരുന്ന പൂത്തോട്ടയ്ക്കുള്ള ബസ് സര്‍വ്വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഹൈക്കോടതി വിധിയെ തുടര്‍ന്ന് എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതുമൂലം ഡിപ്പോയില്‍ ആവശ്യത്തിനു ജീവനക്കാരില്ലെന്ന കാരണം പറഞ്ഞാണ് പതിറ്റാണ്ടുകളായി സര്‍വീസ് നടത്തിയിരുന്ന ബസ് നാലു മാസം മുന്‍മ്പ് റദ്ദ് ചെയ്തത്. എന്നാല്‍ പുതിയ ജീവനക്കാര്‍ എത്തിയിട്ടും സര്‍വ്വീസ് പുനരാരംഭിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. വൈക്കം ഡിപ്പോയില്‍ നിന്നും പൂത്തോട്ട ഭാഗത്തേയ്ക്കുള്ള അവസാനത്തെ ബസ്സാണ് ഇപ്പോള്‍ സര്‍വ്വീസ് നിര്‍ത്തിയിരിക്കുന്നത്. ഇതോടെ 8.30ന് എറണാകുളത്തേയ്ക്കുള്ളതാണ് അവസാന സര്‍വ്വീസ്. പൂത്തോട്ട ബസ് ക്യാന്‍സല്‍ ചെയ്തതിനെ തുടര്‍ന്ന് എറെ വലയുന്നത് ബസിനെ ഏറ്റവും അധികം ആശ്രയിച്ചിരുന്ന സാധാരണ തൊഴിലാളികളാണ്. പെരുമ്പളത്തേയ്ക്കും മറ്റുമുള്ള യാത്രക്കാരും ഈ ബസ്സിലായിരുന്നു യാത്ര ചെയ്തിരുന്നത്. ബസ് നിര്‍ത്തിയതോടെ തൃപ്പൂണിത്തുറ വരെയുള്ള ടിക്കറ്റ് ചാര്‍ജ്ജ് നല്‍കി സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. എന്നാല്‍ ടോള്‍ ജംഗ്ഷനില്‍ മാത്രമേ സ്‌റ്റോപ്പുള്ളൂ എന്ന് പറഞ്ഞ് ചില സൂപ്പര്‍ ഫാസ്റ്റുകള്‍ യാത്രക്കാരെ കയ്യൊഴിയാറുണ്ട്. പൊതുഗതാഗത നയത്തിന്റെ ഭാഗമായി എം.സി റോഡ് വഴി സര്‍വ്വീസ് നടത്തിയുന്ന ആലുവ സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ ദേശീയ പാതയിലൂടെ ആക്കിയതോടെ രാത്രിയായാല്‍ ഇതുവഴി കടന്നു പോകുന്ന ബസ്സുകളും വിരളമാണ്. ഒന്‍പത് മണിക്കുള്ള കാഞ്ഞങ്ങാട് സൂപ്പര്‍ ഫാസ്റ്റ് കടന്നു പോയാല്‍ പിന്നെ പതിനൊന്നരയോടു കൂടി മാത്രമേ വൈക്കം വഴി എറണാകുളം ഭാഗത്തേയ്ക്ക് ബസ് സര്‍വ്വീസ് ഉള്ളൂ. ഇതുമൂലം കൂടുതല്‍ തുക കൊടുത്ത് ഓട്ടോറിക്ഷയ്ക്ക് വീട്ടില്‍ പോകേണ്ട ഗതികേടിലാണ് യാത്രക്കാര്‍. ഈ സാഹചര്യത്തില്‍ പൂത്തോട്ട ബസ്സ് സര്‍വ്വീസ് പുനരാരംഭിക്കുന്നതിനുള്ള നടപടി അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.