Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമഗ്രകുടിവെള്ള പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കണം
18/05/2019
നേരേകടവിലേക്കുള്ള പോലോത്തിമുക്കില്‍ വാട്ടര്‍ അതോറിട്ടിക്കാര്‍ കുഴിച്ച കുഴി ജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിച്ച നിലയില്‍

വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ 15, 16, 17 വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന പൈപ്പുവെള്ളം കൂടുതല്‍ പ്രദേശത്തേയ്ക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ത്തതോടെ ജലവിതരണ വകുപ്പിന്റെ ജോലിക്കാര്‍ ജോലി ഉപേക്ഷിച്ച് സ്ഥലം വിട്ടു. വൈക്കം നഗരസഭയുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന നേരേകടവിലെ പോലോത്തു മുക്കു മുതല്‍ ഉള്ള പൈപ്പുകള്‍ വഴി നിലവില്‍ കുടിവെള്ളം വലിയ തടസ്സമില്ലാതെ കിട്ടുന്നുണ്ട്. എന്നാല്‍ ചില പഞ്ചായത്തു മെമ്പര്‍മാര്‍ ഇടപെട്ട് കൂടുതല്‍ പേര്‍ക്ക് ഈ ലൈന്‍ വഴി കണക്ഷന്‍ കൊടുക്കുന്നതിനു വേണ്ടി കണ്ടുപിടിച്ച എളുപ്പമാര്‍ഗ്ഗമാണ് ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നത്. ഉദയനാപുരത്തെ 17 വാര്‍ഡുകളില്‍ പൈപ്പുവഴി ശുദ്ധജലമെത്തിക്കുന്നതിനു വേണ്ടി എട്ടുകോടി രൂപ യൂ.ഡി.എഫ് സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളതാണ്. നിലവില്‍ മറവന്‍തുരുത്തിലുള്ളവര്‍ക്ക് ടോള്‍ ജംഗ്ഷനിലെ ടാങ്കില്‍ നിന്നും, ഉദയനാപുരം പഞ്ചായത്തിലുള്ളവര്‍ക്ക് വല്ലകത്തെ ടാങ്കില്‍ നിന്നും വൈക്കത്തുകാര്‍ക്ക് വൈക്കം ലൈനില്‍ നിന്നുമാണ് വെള്ളം വിതരണം നടത്തേണ്ടത്. സമഗ്രകുടിവെള്ള പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിച്ച് പഴയ പൈപ്പുകളെല്ലാം മാറി വൈക്കം താലൂക്കിലെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം മുടങ്ങാതെ വിതരണം നടത്താനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്നും പൊതുജനങ്ങള്‍ ആവശ്യപ്പെട്ടു.