Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം നഗരത്തിന്റെ ഉറക്കം കെടുത്തുന്നു.
17/05/2019

വൈക്കം: സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം നഗരത്തിന്റെ ഉറക്കം കെടുത്തുന്നു. ഇവരുടെ കൊള്ളരുതായ്മകള്‍ തുറന്നെഴുതുന്ന മാധ്യമപ്രവര്‍ത്തകരെ പോലും വെല്ലുവിളിച്ച് ഇവര്‍ അഴിഞ്ഞാടുമ്പോള്‍ ഇതിനെതിരെ രംഗത്തുവരുന്ന നിയമപാലകര്‍ക്കും രക്ഷയില്ലാതെ വരികയാണ്. കഴിഞ്ഞദിവസം ബൈക്കിന്റെ അമിതവേഗത ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ യുവാവിനും പോലീസുകാര്‍ക്കുമെല്ലാം മര്‍ദനമേറ്റിരുന്നു. ഇതേക്കുറിച്ച് വിവരമാരായാന്‍ ചെന്ന മാധ്യമപ്രവര്‍ത്തകനെ ഒരുനിമിഷം എസ്.ഐ മുള്‍മുനയിലാക്കി. പിന്നീട് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റതിനെ തുടര്‍ന്നുണ്ടായ വികാരത്തിലാണ് ഇങ്ങനെ പ്രതികരിച്ചതെന്ന് എസ്.ഐ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ പ്രവൃത്തി നാടിനു നന്മ തന്നെയാണെന്ന് ഡി.വൈ.എസ്.പി കെ.സുഭാഷും സി.ഐ നിസാമുദ്ദീനും അടിവരയിടുന്നു. കൊള്ളരുതായ്മകള്‍ തുറന്നുകാട്ടുവാന്‍ മാധ്യമങ്ങള്‍ മുന്നിട്ടിറങ്ങണം. ഇത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശനനടപടികള്‍ തന്നെ ഉണ്ടാകുമെന്ന് ഇവര്‍ ഉറപ്പുനല്‍കുന്നു. കഞ്ചാവിന്റെ അതിപ്രസരമാണ് നഗരത്തിന് ശാപമാകുന്നത്. നാടിന്റെ മുക്കിലും മൂലയിലും കഞ്ചാവിന്റെ സുഗന്ധം പരക്കുകയാണ്. പോലീസുകാര്‍ ഹെല്‍മെറ്റ് വേട്ടയ്ക്കും മദ്യപിച്ചു വാഹനമോടിക്കുന്നവരോടും കാണിക്കുന്ന പരിശോധന ഇനി വരുംനാളുകളിലും കഞ്ചാവ് മാഫിയകള്‍ക്കെതിരെയും ഉണ്ടാകണം. അല്ലാത്തപക്ഷം പോലീസുകാര്‍ക്കുപോലും ഉണ്ടാകുന്ന അതിക്രമങ്ങള്‍ സാധാരണക്കാര്‍ക്കുനേരെയും ആവര്‍ത്തിക്കപ്പെടും. ആഴ്ചകള്‍ക്കുമുന്‍പ് നഗരത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവ് എത്തിക്കാന്‍ രഹസ്യനീക്കം നടത്തിയ ആറംഗ സംഘത്തെ പോലീസ് പിടികൂടിയിരുന്നു. ഇതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പോലും അകപ്പെട്ടിരുന്നു. തോട്ടകം സ്വദേശിയായ യുവാവ് ഏകദേശം ഏഴിലധികം തവണ കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയാണ്. വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിവസ്തുക്കള്‍ എത്തിക്കുവാന്‍ ഇപ്പോഴേ ഇവര്‍ നീക്കങ്ങള്‍ ആരംഭിച്ചതായാണ് രഹസ്യവിവരം. ഇതേത്തുടര്‍ന്ന് പോലീസും എക്‌സൈസും ശക്തമായ പരിശോധനകള്‍ക്ക് അണിയറനീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇവിടെ ഇവരുടെ ഒത്തൊരുമകള്‍ വേണം. അല്ലാതെ ചേരിതിരിഞ്ഞുള്ള പരിശോധനകള്‍ കാര്യമായി ഗുണപ്പെടില്ല. വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിവസ്തുക്കള്‍ എത്തിക്കുന്നതിനു തടയിടുവാന്‍ യുവജന പ്രസ്ഥാനങ്ങളെ കൂടി അണിനിരത്തണം. അങ്ങനെ സാധിച്ചാല്‍ കേസില്‍ പെടുന്ന പ്രതികളെ രക്ഷിക്കാന്‍ ഒരു സംഘടനയും മുന്നിട്ടിറങ്ങില്ല. പി.ടി.എകളും അധ്യാപകരും എല്ലാം ഒരുപോലെ പോലീസിനും എക്‌സൈസിനും പിന്തുണ നല്‍കണം. കഴിഞ്ഞ അധ്യായന വര്‍ഷത്തില്‍ നഗരത്തിലെ ഒരു പ്രമുഖ വിദ്യാലയത്തിന്റെ മൂത്രപുരയില്‍നിന്ന് നൂറിലധികം നിരോധിക്കപ്പെട്ട പുകയില ഉല്‍പന്നത്തിന്റെ കവര്‍ കണ്ടെത്തിയിരുന്നു. സ്‌കൂളിന്റെ സല്‍പേര് ഭയന്ന് ഇതെല്ലാം ഒളിച്ചുവെച്ചു. നേര്‍ക്കാഴ്ചകള്‍ക്കെതിരെ കര്‍ശന നടപടികള്‍ തന്നെ ഉണ്ടാകണം. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന വിദ്യാര്‍ഥികളെ നിരീക്ഷിച്ചാല്‍ ഇതിന്റെ ഉറവിടം കണ്ടെത്താന്‍ ഉറപ്പായും സാധിക്കും. ഇതിന് അധ്യാപകരും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അല്ലാതെ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലീസിനെയും എക്‌സൈസിനെയും മാത്രം പഴിചാരിയിട്ടു കാര്യമില്ല.