Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കഞ്ചാവു മയക്കുമരുന്നു മാഫിയയുടെ പ്രവര്‍ത്തനം കര്‍ശനമായി നിയന്ത്രിക്കണമെന്ന് ഓള്‍ ഇന്‍ഡ്യ ലോയേഴ്‌സ് യൂണിയന്‍ വൈക്കം യൂണിറ്റ്
17/05/2019

വൈക്കം: നിയമത്തിലെ പഴുതുകള്‍ ഉപയോഗപ്പെടുത്തി നടക്കുന്ന കഞ്ചാവു മയക്കുമരുന്നു മാഫിയയുടെ പ്രവര്‍ത്തനം കര്‍ശനമായി നിയന്ത്രിക്കണമെന്ന് ഓള്‍ ഇന്‍ഡ്യ ലോയേഴ്‌സ് യൂണിയന്‍ വൈക്കം യൂണിറ്റ് ആവശ്യപ്പെട്ടു. സ്മാള്‍ ക്വാണ്ടിറ്റി വിഭാഗത്തില്‍പ്പെടുന്നതുമൂലം നിരവധി കേസുകളിലാണ് ഒരു കിലോയില്‍ താഴെ എന്ന കാരണത്താല്‍ കഞ്ചാവുമായി പിടിക്കപ്പെടുന്ന പ്രതികളെ കോടതിയില്‍ പോലും ഹാജരാക്കതെ ജാമ്യം നല്‍കി പിടിച്ചവര്‍ തന്നെ വിടേണ്ടി വരുന്ന സ്ഥിതി നിലനില്‍ക്കുന്നത്. ചില ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ കഞ്ചാവുമായി പിടികൂടുന്ന പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജാമ്യക്കാരുടെ ആധാരം അടക്കം ഹാജരാക്കിയാല്‍ മാത്രം ജാമ്യം നല്‍കുന്ന സ്ഥിതി ഉണ്ടായിരുന്നപ്പോള്‍ കുറെ ജാഗ്രത ഈ മേഖലയില്‍ ഉള്ളവര്‍ കാണിച്ചിരുന്നു. എന്നാല്‍ സ്മാള്‍ ക്വാണ്ടിറ്റി എന്ന പരിഗണനയില്‍ ജാമ്യം അനുവദിക്കപ്പെടുന്നതുമൂലം അനിയന്ത്രിതമായി കഞ്ചാവ് ഉപയോഗിക്കുന്നവര്‍ വൈക്കത്ത് ഏറി വരികയാണ്. 17നും 25നും ഇടയിലുള്ളവരാണ് കൂടുതല്‍ ഇതിന്റെ അടിമകളായി മാറിയിട്ടുള്ളത്. ജാമ്യം എടുത്തു പോയശേഷം പിന്നീട് സമന്‍സ് വരുമ്പോള്‍ തുച്ഛമായ തുക കോടതിയില്‍ പിഴ അടച്ച് പോകുന്നു. ഇതുമൂലം വീണ്ടും ഇതേ കുറ്റകൃത്യം ആവര്‍ത്തിക്കുന്ന സ്ഥിതിയാണുള്ളത്. നര്‍ക്കോട്ടിക് ഡ്രഗ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് ആക്റ്റില്‍ സ്മാള്‍ ക്വാണ്ടിറ്റി കൂടി ജാമ്യമില്ലാ വകുപ്പായി ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായാല്‍ മാത്രമേ ഈ കാര്യത്തില്‍ മാറ്റമുണ്ടാകൂ. ഇവിടെ എക്‌സൈസ് ഉദ്യോഗസ്ഥരും പോലീസും ഉപഭോക്തക്കളായ വളരെ ചുരുക്കം ആളുകളെ പിടികൂടുന്നതൊഴിച്ചാല്‍ ഇവരുടെ കഞ്ചാവ് ലഭിക്കുന്ന ഉറവിടം തേടിയുള്ള അന്വേഷണമോ തുടര്‍ നടപടികളോ നാളിതുവരെ സ്വീകരിച്ചു കണ്ടിട്ടില്ല. യഥാര്‍ത്ഥത്തില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന പ്രധാന മാഫിയാ സംഘങ്ങളെ കണ്ടെത്തുവാന്‍ ഫലപ്രദമായ ഇടപെടല്‍ നടത്തേണ്ടത് അനിവാര്യമാണ്. ഈ കാര്യത്തില്‍ നിയമഭേദഗതി വരുത്തുന്നത് ഉള്‍പ്പെടെ നടപ്പാക്കണമെന്ന് ഓള്‍ ഇന്‍ഡ്യ ലോയേഴ്‌സ് യൂണിയന്‍ വൈക്കം യൂണിറ്റ് പ്രസിഡന്റ് അഡ്വ. എ.മനാഫ്, സെക്രട്ടറി അഡ്വ. പി.ആര്‍ പ്രമോദ് എന്നിവര്‍ ആവശ്യപ്പെട്ടു.