Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ക്ഷേത്രകലാപീഠം ആറ്റിങ്ങലിലേക്ക് മാറ്റാന്‍ അണിയറനീക്കം ശക്തം
15/05/2019

വൈക്കം: നാദശരീരനായ തിരുവൈക്കത്തപ്പന്റെ മണ്ണില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വൈക്കം ക്ഷേത്രകലാപീഠം കൊല്ലം ആറ്റിങ്ങല്‍ വലിയകോയിക്കല്‍ കൊട്ടാരത്തിലേക്ക് മാറ്റാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കത്തില്‍ വ്യാപക പ്രതിഷേധം. 37 വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് ക്ഷേത്രകലാസംബന്ധമായ കലകളും അനുഷ്ഠാനകലകളും അഭ്യസിപ്പിക്കുന്നതിനു വേണ്ടിയാണ് കലയുടെ കളിത്തൊട്ടിലായ വൈക്കത്തപ്പന്റെ സന്നിധിയില്‍ ക്ഷേത്രകലാപീഠം എന്ന സ്ഥാപനം ആരംഭിച്ചത്. കോണ്‍ഗ്രസ് നേതാവ് റ്റി.എന്‍ ഉപേന്ദ്രനാഥ കുറുപ്പ് ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റായിരുന്ന കാലത്താണ് ക്ഷേത്രകലാപീഠം ആരംഭിച്ചത്. 1982-ല്‍ 35 കുട്ടികളുമായി ആരംഭിച്ച സ്ഥാപനത്തില്‍ ഇന്ന് 185 കുട്ടികള്‍ പഠിക്കുന്നുണ്ട്. ഗുരുകുല സമ്പ്രദായത്തിലാണ് ഇവിടെ കുട്ടികള്‍ പഠിക്കുന്നത്. കുട്ടികള്‍ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഹോസ്റ്റലില്‍ താമസിച്ച് പഠനം നടത്തണമെന്നാണ് വ്യവസ്ഥ. വലിയ പരാതികളില്ലാതെ നടക്കുന്ന ഒരു സ്ഥാപനം കൂടിയാണിത്. വൈക്കം ക്ഷേത്രകലാപീഠത്തില്‍ പഞ്ചവാദ്യം, തകില്‍, നാദസ്വരം എന്നിവയില്‍ ത്രിവത്സര കോഴ്‌സുകളും, പഞ്ചവാദ്യ വിഭാഗത്തില്‍ അഷ്ടപദി, സോപാനസംഗീതം, കളമെഴുത്തുംപാട്ടും, ചെണ്ട എന്നിവ കൂടാതെ തകില്‍, നാദസ്വരം, തിമില, മദ്ദളം, ഇടയ്ക്ക, ശംഖ്, ഇലത്താളം, എന്നിവയെല്ലാമാണ് പഠിപ്പിക്കുന്നത്. ഇതിനെല്ലാം പുറമേ ക്ഷേത്രസംബന്ധിയായ പൊതുവിജ്ഞാനവും കലാപീഠത്തില്‍ അഭ്യസിപ്പിക്കുന്നുണ്ട്. പ്രഗല്‍ഭരും പ്രശസ്തരുമായിട്ടുള്ള അദ്ധ്യാപകരാണ് ഇവിടെ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്. നിലവില്‍ കലാപീഠത്തില്‍ പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് ദേവസ്വം ബോര്‍ഡ് ജോലി നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ സ്ഥാപനത്തില്‍ പഠിക്കാന്‍ കുട്ടികള്‍ക്ക് താല്‍പ്പര്യവുമാണ്. പ്രതിസന്ധികളൊന്നുമില്ലാതെ നടന്നു വരുന്ന ഈ സ്ഥാപനം ബോര്‍ഡിന് പ്രതിവര്‍ഷം രണ്ടുലക്ഷത്തിലധികം രൂപ സമ്പാദിച്ചു നല്‍കുന്നുണ്ടെന്നുള്ളതും എടുത്തു പറയേണ്ട കാര്യമാണ്. വളരെ നല്ലരീതിയില്‍ വൈക്കത്തു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഈ സ്ഥാപനം ആറ്റിങ്ങലിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, അഡ്വ. വി.വി സത്യന്‍, പി.വി പ്രസാദ്, ഇടവട്ടം ജയകുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും പറഞ്ഞു.