Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു ഉറക്കം നടിച്ച് അധികൃതര്‍
15/05/2019
മറവന്‍തുരുത്ത് പഞ്ചായത്തിലെ ടോള്‍-പാലാംകടവ് റോഡില്‍ പഞ്ഞിപ്പാലത്തിനുസമീപം ജല അതോറിട്ടിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയൊലിക്കുന്നു.

വൈക്കം: മറവന്‍തുരുത്ത് പഞ്ചായത്തിലെ ടോള്‍-പാലാംകടവ് റോഡില്‍ പഞ്ഞിപ്പാലത്തിനു സമീപം കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുമ്പോഴും അധികൃതര്‍ക്ക് അനക്കമില്ല. കഴിഞ്ഞ രണ്ടു മാസമായി ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ഇങ്ങനെ പാഴായിപ്പോകുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രണ്ടു തവണ വാട്ടര്‍ അതോറിട്ടി അധികൃതര്‍ പൈപ്പ് ലൈനിലെ പ്രശ്‌നം താല്‍ക്കാലികമായി പരിഹരിച്ചെങ്കിലും ഇപ്പോള്‍ വീണ്ടും പൈപ്പ് ലീക്കായി വെള്ളം പുറത്തേക്ക് ഒഴുകുകയാണ്. നിരുത്തരവാദിത്വപരമായ അറ്റകുറ്റപണികളാണ് തുടര്‍ച്ചയായി പൈപ്പ് പൊട്ടുന്നതിനു കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതു മറവന്‍തുരുത്ത് ഭാഗത്തേക്കുള്ള കുടിവെള്ള വിതരണത്തെയും ബാധിച്ചിട്ടുണ്ട്. അടുത്തിടെ പൈപ്പ് പൊട്ടിയ വിവരം പലതവണ വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. രാത്രികാലങ്ങളില്‍ വെള്ളത്തിന്റെ പമ്പിങ് ശക്തമാകുമ്പോള്‍ വന്‍തോതിലുള്ള വെള്ളമാണ് അടുത്ത പറമ്പിലേക്ക് ഒഴുകിപ്പോകുന്നത്. ഇത് സമീപത്തെ വീട്ടിലേക്കുള്ള വഴിയിലേക്കും ഒഴുകി കാല്‍നട യാത്രപോലും ദുഷ്‌കരമാക്കുന്നു. കനത്ത ചൂടില്‍ ജലസ്രോതസ്സുകള്‍ വറ്റിവരണ്ടു കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്താണ് ദിവസവും നൂറുകണക്കിന് ലിറ്റര്‍ വെള്ളം പാഴാകുന്നത്. വാട്ടര്‍ അതോറിട്ടിക്ക് കുടിവെള്ളം കൃത്യമായി എത്തിക്കാനില്ലെങ്കിലും പൈപ്പ് പൊട്ടി റോഡിലൂടെ ഒഴുക്കുന്നതിന് യാതൊരു മടിയുമില്ല. കുടിവെള്ള പദ്ധതിയുടെ പൈപ്പുകളില്‍ പലയിടങ്ങളിലും ലീക്കുകള്‍ തുടരുകയാണ്. പൈപ്പുകള്‍ കൂട്ടിയോജിപ്പിക്കുന്ന സ്ഥലത്തെ വിള്ളലുകളും ജലനഷ്ടത്തിനു കാരണമാകുന്നുണ്ട്.