Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ ലഹരി മാഫിയ വിലസുന്നു.
10/05/2019

വൈക്കം: താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ ലഹരി മാഫിയ വിലസുന്നു. യുവാക്കളും വിദ്യാര്‍ഥികളുമാണ് ലഹരിവസ്തുക്കള്‍ക്ക് അടിമപ്പെടുന്നവരില്‍ ഭൂരിഭാഗവും. ആളൊഴിഞ്ഞ പ്രദേശങ്ങളാണ് ലഹരിയുടെ ഉപയോഗത്തിനും വില്‍പനയ്ക്കുമായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വില്‍പന സംഘങ്ങള്‍ തിരഞ്ഞെടുക്കുന്നത്. സമീപകാലത്ത് വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി കഞ്ചാവ് ചില്ലറ വില്‍പനക്കാരെ പിടികൂടിയെങ്കിലും ഇത്തരക്കാരെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. അവധിക്കാലം മുന്‍കാലങ്ങളില്‍ കളിസ്ഥലങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ ആഘോഷിച്ചിരുന്നതെങ്കില്‍ ഇന്ന് കാലം മാറിയതോടെ ഞെട്ടിപ്പിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നാണ് പോലീസും എക്‌സൈസും പറയുന്നത്. വില്‍പനയ്ക്കായി കഞ്ചാവ് പൊതികളിലാക്കി സൂക്ഷിച്ച വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ആറു പേരെയാണ് പോലീസ് റെയ്ഡില്‍ പിടികൂടിയത്. ചൊവ്വാഴ്ച വൈകുന്നേരം വൈക്കം കായലോര ബീച്ചില്‍ വച്ച് രണ്ടു യുവാക്കളെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടു ചോദ്യം ചെയ്തതോടെയാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചത്. വൈക്കത്തെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവു വില്‍ക്കുന്ന സംഘങ്ങള്‍ വൈക്കത്തു ശക്തമാണെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പോലീസ് പരിശോധന നടത്തിയത്. ഇവര്‍ക്ക് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ എങ്ങനെ ലഭിച്ചുവെന്നുള്ള കാര്യം അന്വേഷിച്ചുവരികയാണ്. നാടിന്റെ മുക്കിലും മൂലയിലുമുള്ള ഒട്ടുമിക്ക പെട്ടിക്കടകളിലും നിരോധിക്കപ്പെട്ട ഹാന്‍സ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും സുലഭമാണ്. ഇതെല്ലാം കൂടുതലും ഉപയോഗിക്കുന്നത് 25 വയസ്സില്‍ താഴെയുള്ള പ്രായക്കാരാണ്. ക്ലാസ് മുറികളില്‍ ലഹരി വസ്തുക്കള്‍ നുണഞ്ഞിരിക്കുന്ന വിദ്യാര്‍ത്ഥികളുമുണ്ട്. നിരവധി തവണ ഇവരെല്ലാം പിടിക്കപ്പെട്ടെങ്കിലും സ്‌കൂളിന്റെ പേരുദോഷം ഭയന്ന് പലതും പുറത്തുവിടാറില്ല. ഇതുതന്നെയാണ് വിദ്യാര്‍ത്ഥികളെ ഇതുപോലുള്ള പ്രവൃത്തികള്‍ക്ക് പ്രേരിപ്പിക്കുന്ന പ്രധാനകാരണം. തലയോലപ്പറമ്പ്, വൈക്കം ടൗണുകളില്‍ കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ഇരുപതിലധികം യുവാക്കളാണ് കഞ്ചാവ് വില്‍ക്കുന്നതിനിടയില്‍ എക്‌സൈസിന്റെ വലയില്‍ കുടുങ്ങിയത്. ഇവരുടെയെല്ലാം വില്‍പന വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചു തന്നെയാണ്. ഒരുതവണ പിടിക്കപ്പെടുന്നവര്‍ വീണ്ടും വില്‍പനയുടെ പേരില്‍ തന്നെ കുടുങ്ങുന്നു. ഏഴുതവണ കഞ്ചാവ് വില്‍പനയുടെ പേരില്‍ കുടുങ്ങിയ യുവാക്കളുമുണ്ട്. വരുംദിവസങ്ങളില്‍ മാഫിയകള്‍ക്കെതിരായ നീക്കങ്ങള്‍ ശക്തമാക്കാനൊരുങ്ങുകയാണ് എക്‌സൈസും പോലീസും.