Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.എസ്.ആര്‍.ടി.സി വൈക്കം ഡിപ്പോയില്‍ നിന്നുള്ള ഗുരുവായൂര്‍ സൂപ്പര്‍ ഫാസ്റ്റ് ബസ് വൈക്കത്ത് തിരിച്ചെത്തി.
06/05/2019

വൈക്കം: പ്രതിഷേധം ഫലം കണ്ടു. കെ.എസ്.ആര്‍.ടി.സി വൈക്കം ഡിപ്പോയില്‍ നിന്നുള്ള ഗുരുവായൂര്‍ സൂപ്പര്‍ ഫാസ്റ്റ് ബസ് വൈക്കത്ത് തിരിച്ചെത്തി. സി.കെ ആശ എംഎല്‍.എ കെ.എസ്.ആര്‍.ടി.സി എം.ഡിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ തിരുമാനമായത്. ദിവസേന 25000 രൂപയ്ക്കു മുകളില്‍ കളക്ഷന്‍ ഉണ്ടായിരുന്ന ആര്‍.ടി.ഇ 15 എന്ന നമ്പര്‍ ബസ് ആണ് സര്‍വീസ് റദ്ദ് ചെയ്ത് പാറശാല ഡിപ്പോയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നത്. പൊതുനയത്തിന്റെ അടിസ്ഥാനത്തിലാണ് ബസ് മാറ്റുന്നതെന്നായിരുന്നു അധികൃതര്‍ നല്‍കിയിരുന്ന വിശദീകരണം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. തുടര്‍ന്ന് എം.എല്‍.എ കോര്‍പ്പറേഷന്‍ എം.ഡിയുമായി ചര്‍ച്ച നടത്തിയതോടെയാണ് സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനമായത്. രാവിലെ ആറിനു വൈക്കത്തുനിന്നും പുറപ്പെടുന്ന ഗുരുവായൂര്‍ ബസിന്റെ ഷെഡ്യൂളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. നിലവില്‍ വൈറ്റില, ആലുവ, അങ്കമാലി വഴി ഗുരുവായൂരില്‍ എത്തി അവിടെനിന്നും തിരിച്ച് ദേശീയ പാതയിലൂടെ ആലപ്പുഴ, കൊല്ലം വഴി തിരുവനന്തപുരത്തെത്തി തുടര്‍ന്ന് എം.സി റോഡ് വഴി വൈക്കത്തെത്തുന്ന തരത്തിലായിരുന്നു സര്‍വീസ്. എന്നാല്‍ പുതിയ ഷെഡ്യൂള്‍ പ്രകാരം വൈക്കത്തുനിന്നും വൈറ്റില, കൊടുങ്ങല്ലൂര്‍ വഴി ഗുരുവായൂരില്‍ എത്തിച്ചേരും. തുടര്‍ന്ന് അവിടെനിന്ന് എം.സി റോഡ് വഴി തിരുവനന്തപുരത്തെത്തി, തിരിച്ച് എം.സി റോഡിലൂടെ തന്നെ വൈക്കത്തെത്തുന്ന വിധമാണ് സര്‍വീസ് പുനഃക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തുന്ന ഈ ബസ് ആണ് താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനു പോകാന്‍ ആശ്രയിക്കുന്നത്. കോട്ടയത്തു നിന്നും എറണാകുളത്തേക്കു സര്‍വീസ് നടത്തുന്ന എ.സി ലോ ഫ്‌ളോര്‍ 'ചില്‍' ബസുകള്‍ വൈക്കം ഡിപ്പോ വഴി സര്‍വീസ് നടത്തന്നതു സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്നും സി.കെ ആശ എം.എല്‍.എ അറിയിച്ചു.