Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലച്ചോറില്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ യുവതി സുമനസ്സുകളുടെ സഹായം തേടുന്നു
04/05/2019
തലച്ചോറില്‍ രോഗം ബാധിച്ചു ചികിത്സയില്‍ കഴിയുന്ന വൈക്കം ചെമ്മനത്തുകര ഐ.എച്ച്.ഡി.പി കോളനിയില്‍ ഷൈമോളുടെ കുടുംബം.

വൈക്കം: തലച്ചോറില്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ യുവതി സുമനസ്സുകളുടെ സഹായം തേടുന്നു. ചെമ്മനത്തുകര ഐ.എച്ച്.ഡി.പി കോളനിയില്‍ ശ്രീമോന്റെ ഭാര്യ ഷൈമോള്‍ (25) ആണ് ജീവന്‍ നിലനിര്‍ത്താന്‍ സുമനസ്സുകളുടെ കാരുണ്യത്തിനായി കാക്കുന്നത്. തലച്ചോറിനിടയില്‍ ഉണ്ടായ കുരുക്കള്‍ പൊട്ടി ഒരു വശം തളര്‍ന്നു സംസാരശേഷി നഷ്ടപ്പെട്ട ഷൈമോള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ അവസ്ഥ മോശമായതോടെ കോട്ടയം തെള്ളകം കാരിത്താസ് ആശുപത്രിയില്‍ എത്തിച്ചു അടിയന്തിര സര്‍ജറി നടത്തിയാണ് ജീവന്‍ നിലനിര്‍ത്തിയത്. അടച്ചുറപ്പില്ലാത്ത ഷെഡ്ഡില്‍ സ്വന്തം മാതാപിതാക്കളോടൊപ്പമാണ് ഷൈമോളും ഭര്‍ത്താവും ഒരു വയസ്സുള്ള കുഞ്ഞും താമസിക്കുന്നത്. കൂലിപ്പണിയെടുത്ത് കുടുംബം പോറ്റുന്ന ഇവര്‍ പലരുടെയും സഹായത്താലാണ് ചികിത്സക്കും മറ്റുമുള്ള പണം കണ്ടെത്തിയത്. ആദ്യ സര്‍ജറിക്കുതന്നെ മൂന്നര ലക്ഷം രൂപയിലധികമായി. തുടര്‍ന്ന് രണ്ടു സര്‍ജറികള്‍ കൂടി നടത്തേണ്ടതുണ്ട്. ഇതിനായി രണ്ടു ലക്ഷത്തിലധികം രൂപ ചെലവ് വരും. മരുന്ന് വാങ്ങുന്നതിനുപോലും ബുദ്ധിമുട്ടുന്ന ഈ നിര്‍ധന കുടുംബത്തിന് സര്‍ജറിക്കുള്ള തുക എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തില്‍ ഒരു തിട്ടവുമില്ല. ആവശ്യമായ തുക ഇല്ലാത്തതുമൂലം രണ്ടു തവണ സര്‍ജറി മാറ്റിവെച്ചിരുന്നു. ചികിത്സക്ക് ആവശ്യമായ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ ഉഴലുന്ന കുടുംബത്തിന് നല്ലവരായ മനുഷ്യരുടെ കാരുണ്യത്തിലാണ് ഇനിയുള്ള ഏകപ്രതീക്ഷ. ഷൈമോളുടെ പിതാവ് എന്‍.റെജിമോന്റെ പേരില്‍ വൈക്കം യൂണിയന്‍ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 553702010002610. ഐ.എഫ്.എസ്.ഇ കോഡ്: യു.ബി.ഐ.എന്‍0555371.