Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ട്രഷറികള്‍ ബില്‍ പാസാക്കാത്തതുമൂലം റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍.
04/05/2019

വൈക്കം: ട്രഷറികള്‍ ബില്‍ പാസാക്കാത്തതുമൂലം റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍. കഴിഞ്ഞ പ്രളയകാലത്ത് സൗജന്യ റേഷന്‍ വിതരണം ചെയ്ത കൈകാര്യ ചെലവുകളും മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലെ കമ്മീഷനും ലഭ്യമാക്കുന്നതിന് സപ്ലൈ ഓഫീസുകള്‍ നടപടി സ്വീകരിച്ചെങ്കിലും ചിറ്റമ്മനയം മൂലം ട്രഷറികള്‍ ബില്‍ പാസാക്കി നല്‍കുന്നില്ല. പ്രളയകാലത്ത് വെള്ളം കയറിയ റേഷന്‍ കടകളിലെ ഭക്ഷ്യധാന്യങ്ങള്‍ നഷ്ടപ്പെടാതെ മാറ്റി സുരക്ഷിതമായി സൂക്ഷിച്ചതിനു വന്നിട്ടുള്ള ചെലവുകള്‍ പോലും ഇതുവരെ ലഭിച്ചിട്ടില്ല. കടവാടക, വൈദ്യുതി ചാര്‍ജ്, സെയില്‍സ്മാന്‍ വേതനം എന്നിവ നല്‍കുന്നതിനും സ്വന്തം കുടുംബാവശ്യങ്ങള്‍ നിറവേറ്റുന്നതിനും റേഷന്‍ വ്യാപാരികളില്‍ പലര്‍ക്കും സാധിക്കുന്നില്ല. ഇവ ഉടനടി ലഭ്യമാക്കുവാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഭക്ഷ്യധാന്യങ്ങളുടെ വില സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ അടയ്ക്കുവാന്‍ തുടര്‍ന്നും വ്യാപാരികള്‍ക്ക് നിവൃത്തിയില്ലാത്ത അവസ്ഥയാണുള്ളതെന്ന് വ്യാപാരികള്‍ പറയുന്നു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റേഷന്‍ വിതരണ കേന്ദ്രങ്ങളില്‍ തൂക്കം ബോധ്യപ്പെടുത്തി യഥാവസരം നല്‍കുവാന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് ബാധ്യതയുണ്ട്. ഇതനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ ഉദ്യോഗസ്ഥ-മാഫിയ കൂട്ടുകെട്ടുകള്‍ തയ്യാറാകാതെ വന്നപ്പോള്‍ റേഷന്‍ വ്യാപാരി സംഘടന ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് അനുകൂലവിധി സമ്പാദിക്കുകയുണ്ടായി. എന്നാല്‍ പല താലൂക്കുകളിലും ഇതനുസരിച്ച് കൃത്യമായ തൂക്കത്തില്‍ റേഷന്‍ സാധനങ്ങള്‍ ബോധ്യപ്പെടുത്തി യഥാവസരം നല്‍കുവാന്‍ ഇവര്‍ തയ്യാറാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി സമീപിക്കുവാനൊരുങ്ങുകയാണ് റേഷന്‍ വ്യാപാരികള്‍.