Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പിന്നോക്കാവസ്ഥയില്‍ നിന്ന് മുണ്ടാറിനും രക്ഷാമാര്‍ഗമൊരുങ്ങുന്നു.
20/02/2016
മുണ്ടാറില്‍ സജീവമായിക്കൊണ്ടിരിക്കുന്ന ഉള്‍നാടന്‍ ജലഗതാഗതം

പിന്നോക്കാവസ്ഥയില്‍ നിന്ന് മുണ്ടാറിനും രക്ഷാമാര്‍ഗമൊരുങ്ങുന്നു. തലയാഴം, കല്ലറ പഞ്ചായത്തുകളുടെ പരിധിയില്‍പ്പെടുന്ന പ്രദേശമാണ് മുണ്ടാര്‍. ഉള്‍നാടന്‍ ടൂറിസത്തിലൂടെയാണ് മുണ്ടാര്‍ എന്ന ഗ്രാമം വിനോദസഞ്ചാര ഭൂപടത്തിലേക്ക് കാലെടുത്തുവെക്കുന്നത്. ഇരുപതോളം വരുന്ന യുവാക്കള്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ മുണ്ടാര്‍ ഉള്‍നാടന്‍ ജലഗതാഗതം മികച്ച നേട്ടമാണ് കൊയ്തുകൊണ്ടിരിക്കുന്നത്. ആധുനികതയുടെ അവശിഷ്ടങ്ങളായ അന്തരീക്ഷ മലനീകരണവും, ശബ്ദമലിനീകരണവുമില്ലാത്ത ഈ ഗ്രാമത്തെ വിദേശ സഞ്ചാരികളും ഇന്‍ഡ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്നവരും ഒരേപോലെ ഇഷ്ടപ്പെടുന്നു. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ചെറിയ ഹൗസ് ബോട്ടുകളും ലഭ്യമാണ്. കരിയാറിലൂടെയുള്ള യാത്ര ആരേയും മോഹിപ്പിക്കുന്നതാണ്. കൂടാതെ ചെറിയ വള്ളങ്ങളില്‍ നാട്ടുതോടുകളിലും യാത്ര ചെയ്യാം. രാജഭരണകാലത്തുണ്ടായിരുന്ന ചെറിയ ജലപാതയായിരുന്ന കെ.വി കനാല്‍ കടന്നുപോകുന്നത് മുണ്ടാറിലൂടെയാണ്. കൂടാതെ ജലഗതാഗതത്തെ സജീവമാക്കാന്‍ ദിവാന്‍ തോട്, എഴുമാന്തുരുത്ത് കായല്‍ തുടങ്ങിയ ജലപാതകളുമുണ്ട്. ഈ തോടുകളിലൂടെ സഞ്ചാരികള്‍ പോകുന്നത് വേമ്പനാട്ട് കായലിലേക്കാണ്. കൂടാതെ വിദേശികളുടെ ഇഷ്ടസ്ഥലങ്ങളായ കുമരകം, പാതിരാമണല്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇവിടെനിന്നും പോകാം. ടൂറിസം സാദ്ധ്യതകള്‍ സജീവമായതോടെ നിരവധി തൊഴില്‍ സാദ്ധ്യതകളും ഇവിടെ തുറക്കപ്പെട്ടിട്ടുണ്ട്. ഭക്ഷണവിഭവങ്ങളുടെ ഗുണനിലവാരത്തിലും മുണ്ടാര്‍ മുന്‍പന്തിയിലാണ്. നാട്ടുമീനുകളായ കരിമീന്‍, വരാല്‍, കാരി, ചെമ്പല്ലി, വാള, മഞ്ഞക്കൂരി തുടങ്ങിയ വിഭവങ്ങള്‍ ടൂറിസ്റ്റുകള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. വടയാര്‍ മുട്ടുങ്കലില്‍ സ്പില്‍വേ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ഇത്തിപ്പുഴ, മുറിഞ്ഞപുഴ, പൂത്തോട്ട, വെള്ളൂര്‍, പിറവം തുടങ്ങിയ സ്ഥലങ്ങളിലെ ടൂറിസം സാദ്ധ്യതകള്‍ക്കും മുണ്ടാറിനെ പ്രയോജനപ്പെടുത്താന്‍ സാധിക്കും. ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകള്‍ മനസ്സിലാക്കി സര്‍ക്കാര്‍ തലത്തില്‍ പുതിയ സംരഭങ്ങള്‍ തുടങ്ങിയാല്‍ വികസനരംഗത്ത് വൈക്കത്തിന് ഏറെ മുന്നേറാന്‍ സാധിക്കും. ഈ മാററത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് മുണ്ടാറില്‍ സജീവമായിക്കൊണ്ടിരിക്കുന്ന നിരവധി ടൂറിസം ക്ലബ്ബുകള്‍ മുന്നോട്ട് നീങ്ങുന്നത്.